കൊവിഡ് നിയന്ത്രണാധീതം; ഇന്ത്യക്കുപിന്നാലെ ലോക്ഡൗണ്‍ നീട്ടി; ലോകരാജ്യങ്ങള്‍;ലോക്ക് ഡൗണില്‍ ഇളവുവരുത്തിയ രാജ്യങ്ങള്‍ക്ക് ലോകാരോഗ്യ സംഘടനയുടെ വിമര്‍ശനം

കൊവിഡ് പശ്ചാത്തലത്തില്‍ ഇന്ത്യയെപ്പോലെതന്നെ ലോക്ഡൗണ്‍ നീട്ടിയുള്ള പ്രഖ്യാപനങ്ങളാണ് വിവിധ ലോകരാജ്യങ്ങള്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ബ്രിട്ടനും ഫ്രാന്‍സും നിയന്ത്രണങ്ങള്‍ നീട്ടാന്‍ തീരുമാനിച്ചു. സ്പെയിനും ഇറ്റലിയും നിയന്ത്രണങ്ങളില്‍ ചില ഇളവുകള്‍ നല്‍കിയതിനെ ലോകാരോഗ്യ സംഘടന വിമര്‍ശിച്ചു. മെയ് 11 വരെ ലോക്ഡൗന്‍ നീട്ടിയതായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ പ്രഖ്യാപിച്ചു. മനുഷ്യജീവനുകള്‍ രക്ഷിക്കാനാണ് ഈ ത്യാഗമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.
മരണം പതിനായിരം കടന്ന ബ്രിട്ടനില്‍ ലോക് ഡൗണ്‍ ഒരു മാസത്തേക്ക് കൂടി നീട്ടും. രോഗപ്പകര്‍ച്ചയുടെ കടുത്ത അവസ്ഥ തുടരുന്നുവെന്ന് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് പറഞ്ഞു. മൂവായിരത്തോളം ആളുകള്‍ മരിച്ച ജര്‍മനിയില്‍ വിലക്കുകള്‍ എത്രത്തോളം നീക്കണമെന്നത്തില്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ പ്രാദേശിക ഭരണകൂടങ്ങളുടെ അഭിപ്രായം തേടി. 288 പേര്‍ മരിച്ച അയര്‍ലണ്ടില്‍ ലോക്ഡൗന്‍ മെയ് 5 വരെ നീട്ടി.
ചൈനയില്‍ നാലാം ദിവസവും അന്‍പതിലേറെ പേരില്‍ പുതുതായി രോഗം സ്ഥിരീകരിച്ചതോടെ നിരീക്ഷണം വീണ്ടും കര്‍ശനമാക്കി. ഐക്യരാഷ്ട്ര സഭയിലെ 189 ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായും മൂന്നു പേര്‍ മരിച്ചതായും യുഎന്‍ വക്താവ് അറിയിച്ചു. രണ്ടാഴ്ച കൂടി നഗരങ്ങളിലെ ലോക് ഡൌണ്‍ നീട്ടാന്‍ ആഫ്രിക്കന്‍ രാജ്യമായ നൈജീരിയ തീരുമാനിച്ചതായി പ്രസിഡന്റ് മുഹമ്മദ് ബുഹാരി പ്രഖ്യാപിച്ചു. വ്യവസായ നിര്‍മാണ മേഖലകള്‍ തുറന്നുകൊണ്ട് സ്‌പെയിന്‍ ലോക് ഡൗണില്‍ ഇളവ് പ്രഖ്യാപിച്ചു.
ചില വ്യാപാര സ്ഥാപനങ്ങള്‍ തുറക്കാന്‍ ഇറ്റലിയും തീരുമാനിച്ചു. ഡെന്മാര്‍ക്കും ഓസ്ട്രിയയും കൂടുതല്‍ വ്യാപാരസ്ഥാപനങ്ങള്‍ തുറക്കാന്‍ തീരുമാനിച്ചു. ഇളവുകള്‍ പരിധിവിട്ടാല്‍ വലിയ അപകടം ഉണ്ടാകുമെന്ന് ലോകാരോഗ്യ സംഘടന ഈ രാജ്യങ്ങള്‍ക്ക് ആവര്‍ത്തിച്ചു മുന്നറിയിപ്പ് നല്‍കി. മെയ് പകുതിവരെയെങ്കിലും രാജ്യാതിര്‍ത്തികള്‍ അടഞ്ഞു കിടക്കണമെന്നും നിയന്ത്രണം തുടരണമെന്നുമാണ് യൂറോപ്യന്‍ യൂണിയനും രാജ്യങ്ങളോട് നിര്‍ദേശിച്ചിരിക്കുന്നത്.
കോവിഡ് ബാധിച്ച് ലോകത്താകെ മരിച്ചവരുടെ എണ്ണം 1,19,692 ആയി. 19,24,679 പേര്‍ രോഗബാധിതരാണ്. 51,764 പേരാണ് ഗുരുതര നിലയിലുള്ളത്. 4,45,005 പേര്‍ രോഗമുക്തരായി.
ഇന്ത്യയില്‍ രോഗബാധിതരുടെ എണ്ണം 10,000 കടന്നു. ഒടുവിലെ കണക്കുകള്‍ പ്രകാരം രാജ്യത്ത് 10,363 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 1,211 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണ സംഖ്യ 339 ആയി. തിങ്കളാഴ്ച 31 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
https://www.facebook.com/Malayalivartha