യൂറോപ്പില്‍ കോവിഡ് ബാധിത രാജ്യങ്ങള്‍ക്ക് സഹായവുമായി ചൈന. ആ 'മഹാമനസ്‌കത'യുടെ പിന്നില്‍, ചൈന ഒളിപ്പിച്ചിരിക്കുന്നതെന്ത്?

കോവിഡ് രോഗത്തെ നിയന്ത്രണ വിധേയമാക്കിയെന്ന് അവകാശപ്പെടുന്ന ചൈന, വൈറസ് രൂക്ഷമായി പടര്‍ന്നു പിടിക്കുന്ന യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് സഹായവുമായെത്തിയിരിക്കുകയാണ്. ചൈനയ്ക്ക് വലിയ സ്വാധീനമില്ലാത്ത കിഴക്കന്‍ യൂറോപ്പിലേക്കും മറ്റും മെഡിക്കല്‍ ഉപകരണങ്ങള്‍ ഉള്‍പ്പെടെ അവര്‍ കയറ്റി അയച്ചുകഴിഞ്ഞു. സെര്‍ബിയയിലെ ബെല്‍ഗ്രേഡില്‍ ചൈനയുടെ മെഡിക്കല്‍ സഹായവുമായുള്ള ആദ്യത്തെ കപ്പല്‍ എത്തിയപ്പോള്‍, ചൈനീസ് പതാക ചുംബിച്ചുകൊണ്ട് സെര്‍ബിയ പ്രസിഡന്റ് തന്നെ സ്വീകരിക്കാനുണ്ടായിരുന്നു. ഈ സഹായത്തിന് രാജ്യം എത്ര കടപ്പെട്ടിരിക്കുന്നു എന്നതിന്റെ തെളിവാണത്. യൂറോപ്യന്‍ യൂണിയന്റെ സഹായ വാഗ്ദാനം തള്ളിക്കളഞ്ഞാണ് ഹംഗറി ചൈനയുടെ സഹായത്തെ പുകഴ്ത്തിയത്. വൈറസ് പടര്‍ന്നപ്പോള്‍ ചൈന മാത്രമാണ് സഹായത്തിനെത്തിയതെന്നാണ് ചെക്ക് റിപ്പബ്ലിക്ക് പ്രസിഡന്റ് പറഞ്ഞത്. റഷ്യയുടെയും യൂറോപ്യന്‍ യൂണിയന്റെയും കാര്യക്ഷമമായ ഇടപെടല്‍ കാരണം ഈ മേഖലയില്‍ ചൈനയ്ക്ക് മുമ്പ് കാര്യമായ സ്വാധീനമുണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. ആ കുറവാണിപ്പോള്‍ കൊറോണയിലൂടെ നികത്താന്‍ ചൈന ശ്രമിക്കുന്നത്. അതായത്, യൂറോപ്പ് പിടിക്കാനുള്ള ഒരു അവസരമായി കോവിഡിനെ ചൈന ഉപയോഗപ്പെടുത്തുവെന്ന് അര്‍ഥം.
നേരത്തെ തന്നെ, തെക്ക് കിഴക്കന്‍ യൂറോപ്പില്‍ ചൈന സ്വാധീനം ഉറപ്പിക്കാന്‍ തുടങ്ങിയിരുന്നു. ബെല്‍റ്റ് ആന്‍ഡ് റോഡ് ആഗോള നിക്ഷേപ പദ്ധതിയിലൂടെ നിരവധി പദ്ധതികള്‍ ചൈന ഈ മേഖലയില്‍ നടപ്പാക്കുന്നുണ്ട്. യൂറോപ്പിലാകെ രാഷ്ട്രീയ സാമ്പത്തിക സ്വാധീനം വര്‍ധിപ്പിക്കാനുള്ള അവസരമായി കൊറോണ വൈറസ് വ്യാപനത്തെ മാറ്റുകയാണ് ചൈന. റഷ്യയെയും യൂറോപ്യന്‍ യൂണിയനെയും മറികടന്ന് ഹംഗറിയെയും സെര്‍ബിയയെയും സഹായിച്ചത് യൂറോപ്പില്‍ ചൈനയുടെ പ്രതിഛായ വര്‍ധിപ്പിച്ചു. ഇറ്റലി, സ്‌പെയിന്‍, നെതര്‍ലന്‍ഡ്‌സ്, സ്ലൊവാക്യ തുടങ്ങിയ രാജ്യങ്ങളിലേക്കും ചൈന സഹായം അയച്ചിട്ടുണ്ട്.
അതേസമയം, ഇപ്പോള്‍ കൊറോണയെ കീഴടക്കിയെന്ന് ചൈന അവകാശപ്പെടുന്നുണ്ടെങ്കിലും ലോകം അത് പൂര്‍ണമായി വിശ്വസിച്ചിട്ടില്ല. തുടക്കം മുതല്‍ നിലനിന്ന സുതാര്യതയില്ലായ്മയാണ് ചൈനയെ പ്രതിക്കൂട്ടിലാക്കുന്നത്. രോഗം പടരാന്‍ തുടങ്ങിയപ്പോള്‍ ചൈന വേണ്ടത്ര ഗൗരവത്തിലെടുത്തില്ലെന്നാണ് ആരോപണം. മുന്നറിയിപ്പ് നല്‍കിയവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ചൈനീസ് സര്‍ക്കാര്‍ രോഗത്തിന്റെ ഗൗരവം അംഗീകരിച്ച് നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കുമ്പോഴേക്കും ഒരുപാട് ജീവനുകള്‍ നഷ്ടമായിരുന്നു. ലോകം ആശങ്കപ്പെടാന്‍ തുടങ്ങിയതിന് ശേഷമാണ് ചൈന വൈറസ് ആദ്യമായി കണ്ടെത്തിയ വുഹാനില്‍ പോലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിച്ചത്. ഡിസംബര്‍ 31-ന് രോഗം കണ്ടെത്തിയെങ്കിലും ജനുവരി 23-നാണ് വുഹാനില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ വിവരങ്ങള്‍ മാധ്യമങ്ങളില്‍ നിന്നും ജനങ്ങളില്‍ നിന്നും മറച്ചുവെക്കുകയാണെന്നും ആരോപണം ഉയര്‍ന്നു.
അതുകൊണ്ടൊക്കെ തന്നെ രോഗം പടരുമ്പോള്‍ സഹായിക്കാനെത്തുന്ന ചൈന പയറ്റുന്നത് മഹാമനസ്‌കതയുടെ രാഷ്ട്രീയം തന്നെയാണെന്ന് പറയേണ്ടി വരും. ദുരന്തകാലത്ത് സഹായം നല്‍കുന്നവരോട് ആ രാജ്യങ്ങള്‍ക്ക് കടപ്പാടുണ്ടാകുമെന്ന കണക്കുകൂട്ടിലാലാണ് ചൈന. വിഷമഘട്ടത്തിലുള്ളവരെ കൈപിടിച്ചുയര്‍ത്തുമ്പോള്‍ ലോകം മുഴുന്‍ തങ്ങളുടെ മഹാമനസ്‌കതയെയെും സഹായസന്നദ്ധതയെ അംഗീകരിക്കുമെന്നും അവര്‍ കരുതുന്നു. അതുവഴി കൊറോണയില്‍ തകര്‍ന്ന പ്രതിഛായ തിരിച്ചുപിടിക്കാമെന്നും ലോകത്ത് സ്വീധീനം ഉറപ്പിക്കാമെന്നും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കണക്കുകൂട്ടുന്നു. സഹായം നല്‍കുന്നതിലൂടെ സ്വാധീനം ഉണ്ടാക്കാനുള്ള രാഷ്ട്രീയ നീക്കം തന്നെയാണ് ചൈന നടത്തുന്നതെന്ന് യൂറോപ്യന്‍ യൂണിയന്‍ വിദേശനയ പ്രതിനിധി ജോസഫ് ബൊറെല്‍ പറയുന്നു.
അതേസമയം, യൂറോപ്പിലെ എല്ലാ രാജ്യങ്ങളിലും കൊവിഡ് വ്യാപിച്ചതോടെ മെഡിക്കല്‍ ഉപകരണങ്ങള്‍ക്ക് കടുത്ത ക്ഷാമമാണ് നേരിടുന്നത്. ഓരോ രാജ്യങ്ങളില്‍ അവര്‍ക്ക് ആവശ്യമുള്ള സാധനങ്ങള്‍ പോലുമില്ലാത്ത സ്ഥിതിയായി. കൊവിഡ് കാലത്ത് അത്യാവശ്യമായ മാസ്‌കുകളും ഗ്ലൗസും മുതല്‍ വെന്റിലേറ്റര്‍ വരെ ലോകത്തെവിടെയും കിട്ടാനില്ലാതായി. അന്താരാഷ്ട്ര വിപണിയില്‍ കിട്ടാനുള്ളതിന് വേണ്ടി രാജ്യങ്ങള്‍ തമ്മില്‍ പിടിവലിയുമായി. ഏറ്റവും കൂടുതല്‍ ആവശ്യങ്ങളുള്ള അമേരിക്ക തന്നെ പലപ്പോഴും ഇത്തരം യുദ്ധങ്ങളില്‍ വിജയിച്ചു. വാങ്ങുന്നത് ആരായാലും കൊടുക്കുന്നത് ചൈനയാണെന്ന സ്ഥിതിയാണിപ്പോള്‍. മാസ്‌ക് മുതല്‍ വെന്റിലേറ്റര്‍ വരെ ചൈന പടിഞ്ഞാറേക്ക് കയറ്റി അയക്കുകയാണ്. ഉപകരണങ്ങള്‍ സ്വന്തമാക്കാന്‍ രാജ്യങ്ങള്‍ തമ്മില്‍ നടക്കുന്ന മത്സരത്തെ ചൈന സാമ്പത്തിക നേട്ടമാക്കി മാറ്റുകയും ചെയ്യുന്നു. മാസ്‌കുകളും ഗ്ലൗസും ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള സുരക്ഷാകിറ്റും വെന്റിലേറ്ററുമെല്ലാം ചൈന വന്‍തോതില്‍ ഉത്പാദിപ്പിക്കുന്നുണ്ട്. കൊറോണ വൈറസ് ചൈനയിലാണ് തുടങ്ങിയതെങ്കിലും ഇപ്പോള്‍ ചൈനയ്ക്ക് തന്നെ നേട്ടമാവുകയാണ്. വിപണി പിടിച്ചും പ്രതിഛായ മാറ്റിയും ലോകനേതാവാകാനുള്ള ഒരുക്കത്തിലാണ് ചൈന. അമേരിക്കയുടെ തകര്‍ച്ചയും ചൈനയുടെ വഴി എളുപ്പാക്കിയേക്കും.
https://www.facebook.com/Malayalivartha