നേപ്പാളില്‍ പുതിയ ഭരണഘടനക്ക് പാര്‍ലമെന്റിന്റെ അംഗീകാരം

നേപ്പാളില്‍ പുതിയ ഭരണഘടനക്ക് പാര്‍ലമെന്റ് അംഗീകാരം നല്‍കി. നേപ്പാളിനെ ഫെഡറല്‍ റിപ്പബ്ലിക്കാക്കുന്ന പുതിയ ഭരണഘടന നിലവില്‍ വന്നത്് ഏഴ് വര്‍ഷം നീണ്ട ചര്‍ച്ചകള്‍ക്കും നടപടികള്‍ക്കും ശേഷമാണ്. 601 അംഗങ്ങളില്‍ 507 പേരും പുതിയ ഭരണഘടനക്ക് അനുകൂലമായി വോട്ട് ചെയ്തു.
ഞായറാഴ്ച പ്രസിഡന്റ് രാംബരണ്‍ യാദവിന്റെ പ്രഖ്യാപനത്തോടെ ഇടക്കാല ഭരണഘടനക്ക് പകരം പുതിയ ഭരണഘടന പ്രാബല്യത്തില്‍ വരും. ഏഴ് സംസ്ഥാനങ്ങളാണ് പുതിയ റിപ്പബ്ലിക്കിലുണ്ടാവുക. ദക്ഷിണ നേപ്പാളില്‍ സ്വാധീനമുള്ള 11 ചെറു പാര്‍ട്ടികള്‍ ഫെഡറല്‍ റിപ്പബ്ലിക്കിനെ എതിര്‍ത്തുകൊണ്ട് നടപടികളില്‍ നിന്ന് വിട്ടു നിന്നു. അതേ സമയം ഹിന്ദുരാഷ്ട്രമെന്ന ആവശ്യമുന്നയിക്കുന്ന രാഷ്ട്രീയ പ്രജാതന്ത്ര പാര്‍ട്ടി മാത്രമാണ് ഭരണഘടനയെ എതിര്‍ത്ത് വോട്ട് ചെയ്തത്. നേപ്പാളിലെ പ്രധാന കക്ഷികളായ നേപ്പാളി കോണ്‍ഗ്രസ്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളായ സി.പി.എന്‍ (യു.എം.എല്‍), സി.പി.എന്‍ മാവോയിസ്റ്റ് എന്നീ പാര്‍ട്ടികള്‍ ധാരണയിലെത്തിയത് നടപടികള്‍ സുഗമമാക്കി.
നേപ്പാളില്‍ അറുപത് വര്‍ഷത്തിനിടെ ഇടക്കാല ഭരണഘടനകളുള്‍പ്പടെ ആറ് ഭരണഘടനകള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ തിരഞ്ഞെടുക്കപ്പെട്ട നിയമനിര്‍മ്മാണ സഭ അംഗീകാരം നല്‍കുന്ന ആദ്യ ഭരണഘടനയാണിത്. പത്ത് വര്‍ഷത്തോളം നീണ്ടു നിന്ന ആഭ്യന്തരയുദ്ധം 2007-ല്‍ അവസാനിക്കുകയും ജനകീയപ്രക്ഷോഭത്തെത്തുടര്‍ന്ന് രാജഭരണത്തിന് അന്ത്യം കുറിക്കുകയും ചെയ്തു. ആദ്യ തിരഞ്ഞെടുപ്പിന് ശേഷം സായുധസമരപാത ഉപേക്ഷിച്ച മാവോയിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ അധികാരത്തില്‍ വരുകയും ചെയ്തു.
2008-ലാണ് പുതിയ ഭരണഘടനക്കായുള്ള നടപടികള്‍ തുടങ്ങുന്നത്. ആദ്യ ഭരണഘടനാ നിര്‍മ്മാണ സഭ 2012-ല്‍ പിരിച്ചുവിട്ടിരുന്നു. രണ്ടാം ഭരണഘടനാ നിര്‍മ്മാണസഭ 2013-ല്‍ നിലവില്‍ വന്നു. ഈ വര്‍ഷം ഏപ്രിലിലുണ്ടായ ഭൂകമ്പം നേപ്പാളിനെ അടിമുടി തകര്‍ത്തിരുന്നു. ഇത് ഭരണഘടനാ നിര്‍മ്മാണസഭയുടെ പ്രവര്‍ത്തനങ്ങളെ ബാധിച്ചു. ജൂണിലാണ് വീണ്ടും ഭരണഘടനാ ചര്‍ച്ചകള്‍ സജീവമായത്.
പുതിയ ഭരണഘടന നിലവില്‍ വരുന്നത് നേപ്പാളി ജനതക്ക് ഏറെ അഭിമാനത്തിനും സന്തോഷത്തിനും വക നല്‍കുന്നതാണെന്ന് നേപ്പാള്‍ പ്രധാനമന്ത്രി സുശീല്‍ കൊയ്രാള ട്വീറ്റ് ചെയ്തു. അതേ സമയം മധേസി, താറസ് തുടങ്ങിയ സമുദായ കക്ഷികളും ഹിന്ദുത്വ അനുകൂല സംഘടനകളും പുതിയ ഭരണഘടനക്കെതിരെയും പുതുതായി രൂപീകരിച്ച ഏഴ് സംസ്ഥാനങ്ങളുടെ അതിര്‍ത്തി നിര്‍ണ്ണയം സംബന്ധിച്ചും നടത്തുന്ന പ്രതിഷേധം സര്‍ക്കാരിന് ആശങ്കയുണ്ടാക്കുന്നുണ്ട്. ഭരണഘടനയിലെ പ്രശ്‌നങ്ങളും പോരായ്മകളും ചര്‍ച്ച ചെയ്ത് ഭേദഗതികളിലൂടെ പരിഹരിക്കുമെന്ന് സുശീല്‍ കൊയ്രാള വ്യക്തമാക്കി.
നേപ്പാളിനെ വീണ്ടും ഹിന്ദുരാഷ്ട്രമാക്കണമെന്ന് ആവശ്യപ്പെട്ടും പ്രവിശ്യകളുടെ അതിര്‍ത്തി നിര്‍ണയത്തിനെതിരായും നടന്ന പ്രക്ഷോഭങ്ങള്‍ അക്രമാസക്തമാവുകയും 40-ലധികം പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഹിന്ദുരാഷ്ട്രമാക്കണമെന്ന ആവശ്യം ഭരണഘടനാ നിര്‍മ്മാണ സഭ വോട്ടിനിട്ട് തള്ളിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha