ഫോബ്‌സിലെ അതിസമ്പന്നന്‍ മസ്‌ക്; പത്തും പതിനൊന്നും സ്ഥാനം ഇന്ത്യയ്ക്ക്; മലയാളികള്‍ക്ക് അഭിമാനമായി യൂസഫലി രണ്ടാമത് എസ് ഗോപാലകൃഷ്ണന്‍;

ആഗോള സാമ്പത്തീക ഭീമനായി വീണ്ടും മസ്‌ക്. ഫോബ്‌സിന്റെ 2022 ലെ അതിസമ്പന്നരുടെ പട്ടികയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അതിസമ്പന്നരുടെ പട്ടികയില്‍ ആഗോളതലത്തില്‍ ടെസ്ല കമ്പനി മേധാവി ഇലോണ്‍ മസ്‌ക് 219 ബില്യന്‍ ഡോളര്‍ ആസ്തിയുമായി ഒന്നാമതെത്തി. ആമസോണ്‍ സിഇഒ ജെഫ് ബെസോസിനെ പിന്തള്ളിയാണ് മസ്‌ക് ഒന്നാമതെത്തിയത്. 171 ബില്യന്‍ ഡോളറുമായി ആമസോണ്‍ സിഇഒ ജെഫ് ബെസോസ് രണ്ടാമതെത്തിയപ്പോള്‍, ഫ്രഞ്ച് ഫാഷന്‍ രംഗത്തെ അതികായര്‍ ബെര്‍നാഡ് അര്‍നോള്‍ട്ട് കുടുംബം 158 ബില്യന്‍ ഡോളറുമായി മൂന്നാമതെത്തി. മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ് 129 ബില്യന്‍ ഡോളറുമായി നാലാമതാണ്. നിക്ഷേപ ഗുരു വാറന്‍ ബഫറ്റ് 118 ബില്യന്‍ ഡോളറുമായി ആദ്യ അഞ്ചില്‍ ഉള്‍പ്പെട്ടു.
പട്ടികയില്‍ മലയാളികളില്‍ ലുലു ഗ്രൂപ് ചെയര്‍മാന്‍ എം.എ. യൂസഫലി ഒന്നാമത്. ആഗോള തലത്തില്‍ 490 ാം സ്ഥാനത്തുള്ള യൂസഫലിക്ക് 5.4 ബില്യന്‍ ഡോളറിന്റെ ആസ്തിയാണുള്ളത്.
ഇന്‍ഫോസിസിന്റെ എസ്. ഗോപാലകൃഷ്ണനാണ് (410 കോടി ഡോളര്‍) മലയാളികളില്‍ രണ്ടാമന്‍. ബൈജൂസ് ആപ്പിന്റെ ബൈജു രവീന്ദ്രന്‍ (360 കോടി ഡോളര്‍), രവി പിള്ള (260 കോടി ഡോളര്‍), എസ്.ഡി. ഷിബുലാല്‍ (220 കോടി ഡോളര്‍), യു.എ.ഇ ആസ്ഥാനമായ ജെംസ് ഗ്രൂപ്പ് ചെയര്‍മാന്‍ സണ്ണി വര്‍ക്കി (210 കോടി ഡോളര്‍), ജോയ് ആലുക്കാസ് (190 കോടി ഡോളര്‍), മുത്തൂറ്റ് കുടുംബം (ജോര്‍ജ്ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ്, ജോര്‍ജ്ജ് ജേക്കബ് മുത്തൂറ്റ്, ജോര്‍ജ്ജ് തോമസ് മുത്തൂറ്റ്, സാറ ജോര്‍ജ്ജ് മുത്തൂറ്റ് 140 കോടി ഡോളര്‍) എന്നിവരാണ് പട്ടികയില്‍ ഇടം പിടിച്ച മറ്റ് മലയാളികള്‍.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി ആഗോള തലത്തില്‍ 90.7 ബില്യന്‍ ആസ്തിയോടെ പട്ടികയില്‍ പത്താമതാണ്. അദാനി ഗ്രൂപ്പിന്റെ ഗൗതം അദാനി 90 ബില്യന്‍ ഡോളര്‍ ആസ്തിയുമായി പതിനൊന്നാമതും. എച്ച്‌സിഎല്‍ സ്ഥാപകന്‍ ശിവ് നാടാര്‍ (28.7 ബില്യന്‍ ഡോളര്‍), വാക്‌സീന്‍ നിര്‍മ്മാതാക്കളായ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപകന്‍ സൈറസ് പൂനാവാല (24.3 ബില്യന്‍ ഡോളര്‍), റീട്ടെയില്‍ ഫാഷന്‍ രംഗത്തെ രാധാകിഷന്‍ ദമാനി (20 ബില്യന്‍ ഡോളര്‍) എന്നിവരാണ് ഇന്ത്യയില്‍ നിന്നും പട്ടികയുടെ മുന്‍നിരയില്‍ ഇടം പിടിച്ചവര്‍.
https://www.facebook.com/Malayalivartha























