യുഎസിൽ രണ്ട് മലയാളികൾ മുങ്ങിമരിച്ചു, അപകടം തടാകത്തിൽ ബോട്ടിൽ സഞ്ചരിക്കവേ....
യുഎസിൽ തടാകത്തിൽ ബോട്ടിൽ സഞ്ചരിക്കുന്നതിനിടെ 2 മലയാളികൾ മുങ്ങി മരിച്ചു. ഡാലസിൽ റേഹബാർഡിലെ തടാകത്തിലാണ് അപകടമുണ്ടായത്. ഇന്ത്യൻ സമയം തിങ്കൾ വൈകിട്ടായിരുന്നു അപകടം. കടവ് ജംക്ഷന് സമീപം താനുവേലിൽ ബിജു ഏബ്രഹാം (49), ഇദ്ദേഹത്തിന്റെ സുഹൃത്ത് തോമസ് ആന്റണി എന്നിവരാണ് മരിച്ചത്.
ബിജു ഡാലസിൽ വിനോദ സഞ്ചാര, റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രവർത്തിക്കുകയായിരുന്നു.ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ബോട്ടിൽ യാത്ര ചെയ്യുന്നതിനിടെയായിരുന്നു അപകടം. യാത്രയ്ക്കിടെ തകരാറിലായ ബോട്ട് നന്നാക്കാൻ വെള്ളത്തിലിറങ്ങിയ ബിജു മുങ്ങിപ്പോവുകയായിരുന്നു. രക്ഷിക്കുന്നതിനുള്ള ശ്രമത്തിനിടെയാണു തോമസ് ആന്റണി അപകടത്തിൽപെട്ടത്.
തോമസ് ആന്റണി ഡാലസിൽ സ്ഥിര താമസമാക്കിയ എറണാകുളം സ്വദേശിയാണെന്നാണ് നാട്ടിൽ ലഭിച്ച വിവരം.റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രവർത്തിക്കുന്ന ബിജുവിന്റെ ഏക സഹോദരി ബിന്ദുവും ഡാലസിൽ സ്ഥിരതാമസമാണ്. മാതാപിതാക്കളായ ഏബ്രഹാമും വൽസമ്മയും ഇവർക്കൊപ്പമുണ്ട്. 2 വർഷം മുൻപാണ് ഇരുവരും രാമമംഗലത്തു നിന്നു യുഎസിലേക്കു പോയത്. അടുത്ത മാസം രാമമംഗലത്ത് എത്തുന്നതിനുള്ള തയാറെടുപ്പിലായിരുന്നു. അതിനിടെയാണ് അപകടം.
https://www.facebook.com/Malayalivartha