ഹോളിവുഡില്‍ ഒട്ടേറെ സൂപ്പര്‍ഹിറ്റുകള്‍ സൃഷ്ടിച്ച വിഖ്യാത ചലച്ചിത്ര സംവിധായകന്‍ വുള്‍ഫ്ഗാങ് പീറ്റേഴ്‌സന്‍ അന്തരിച്ചു...

ഹോളിവുഡില്‍ ഒട്ടേറെ സൂപ്പര്‍ഹിറ്റുകള്‍ സൃഷ്ടിച്ച വിഖ്യാത ചലച്ചിത്ര സംവിധായകന്‍ വുള്‍ഫ്ഗാങ് പീറ്റേഴ്‌സന്‍ (81) അന്തരിച്ചു. പാന്‍ക്രിയാസിന് അര്‍ബുദംബാധിച്ച് ചികിത്സയിലായിരുന്നു. ലോസ് ആഞ്ജലിസിലെ വീട്ടില്‍വെച്ചാണ് മരണമടഞ്ഞത്.
ജര്‍മന്‍ നഗരമായ എംഡെനില്‍ ജനിച്ച വുള്‍ഫ്ഗാങ് പീറ്റേഴ്‌സന്‍ 1982-ല്‍ ദസ് ബൂട്ട് എന്ന ചിത്രത്തിലൂടെയാണ് പ്രശസ്തനായത്. രണ്ടാം ലോകയുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ജര്‍മന്‍ നാവികക്കപ്പലില്‍ കുടുങ്ങിപ്പോകുന്നവരുടെ കഥയാണ് ദസ് ബൂട്ട് പറഞ്ഞത്. അതുവരെയുണ്ടായ ജര്‍മന്‍ ചലച്ചിത്രങ്ങളില്‍ ഏറ്റവും ചെലവേറിയതായിരുന്നു ദസ് ബൂട്ട്. തുടര്‍ന്ന് ഹോളിവുഡില്‍ വ്യത്യസ്തങ്ങളും ശ്രദ്ധേയവുമായ ഒട്ടേറെ ചിത്രങ്ങള്‍ ഒരുക്കി.
ക്ലിന്റ് ഈസ്റ്റ് വുഡ് അഭിനയിച്ച ഇന്‍ ദ ലൈന്‍ ഓഫ് ഫയര്‍, എയര്‍ ഫോഴ്‌സ് വണ്‍, എബോള വ്യാപനത്തെ ആസ്പദമാക്കിയ ഔട്ട് ബ്രേക്ക്, ബ്രാഡ് പിറ്റ് നായകനായ ട്രോയ് എന്നിങ്ങനെ നീളുന്നു വുള്‍ഫ്ഗാങ് ചിത്രങ്ങളുടെ പട്ടിക. സാഹസികമായ സംഘട്ടനരംഗങ്ങളും ആകാംക്ഷാഭരിതമായ രംഗങ്ങളും അദ്ദേഹത്തിന്റെ സിനിമകളെ ജനപ്രിയമാക്കി.
https://www.facebook.com/Malayalivartha



























