'ഞാൻ നിങ്ങൾ ഇന്ത്യക്കാരെ വെറുക്കുന്നു. എല്ലാ ഇന്ത്യക്കാരും നല്ല ജീവിതം തേടിയാണ് അമേരിക്കയിലേക്ക് വന്നത്. നിങ്ങളെല്ലാം മടങ്ങിപ്പോണം...' അലറിവിളിച്ച് ഇന്ത്യക്കാരെ ആക്രമിക്കാൻ ഒരുങ്ങി യുവതി, അമേരിക്കയിൽ നിന്നും നടുക്കുന്ന ദൃശ്യങ്ങൾ....

ലോകത്ത് നാനാഭാഗങ്ങളിൽ വംശീയ അധിക്ഷേപം പലപ്പോഴും നാം കണ്ടിട്ടുണ്ട്. പ്രത്യേകിച്ച് അമേരിക്കയിൽ ഏവരും ഏറെ വേദനയോടെ കണ്ടതാണ് പോലീസ് ഉദ്യോഗസ്ഥൻ ഒരു യുവാവിനെ വര്ണവിവേചനത്തിന്റെ അടിസ്ഥാനത്തിൽ കൊന്നത്. ഏവരും നോക്കിനിൽക്കെ ഉണ്ടായ ആ സംഭവം ആരും മറക്കാൻ ഇടയില്ല. ഇതിനുപിന്നാലെ നിരവധിപേര് ഇത്തരം പ്രവണതകൾക്കെതിരെ എത്തിയെങ്കിലും വീണ്ടും അത് തുടരുന്ന കാഴ്ച. ഇപ്പോൾ അത് ഇന്ത്യക്കാരോടാണ് എന്നത് ഇതിലൂടെ കാണുവാൻ സാധിക്കും.
യുഎസിലെ ടെക്സസിൽ ഇന്ത്യക്കാരായ നാലു സ്ത്രീകളെ വംശീയമായി അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്ത യുവതി അറസ്റ്റിലായിരിക്കുകയാണ്. ആക്രമണ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതിനു പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ബുധനാഴ്ച രാത്രി ഡാലസിലെ ഒരു പാർക്കിങ്ങ് ഏരിയയിലാണ് സംഭവം നടന്നത്. വിഡിയോയിൽ അമേരിക്കയിൽ ജനിച്ച മെക്സിക്കൻ –അമേരിക്കൻ എന്നു സ്വയം പരിചയപ്പെടുത്തിയ എസ്മെറാൾഡ എന്ന യുവതിയാണ് ഇന്ത്യക്കാരെ ആക്രമിച്ചത്.
‘ഞാൻ നിങ്ങൾ ഇന്ത്യക്കാരെ വെറുക്കുന്നു. എല്ലാ ഇന്ത്യക്കാരും നല്ല ജീവിതം തേടിയാണ് അമേരിക്കയിലേക്ക് വന്നത്. നിങ്ങളെല്ലാം മടങ്ങിപ്പോണം. ഞാന്‍ എവിടെ പോയാലും അവിടെയെല്ലാം ഇന്ത്യക്കാരാണ്. ഇവിടെ എല്ലായിടത്തും ഇന്ത്യക്കാരാണ്. ഇന്ത്യയിലെ ജീവിതം നല്ലതാണെങ്കിൽ നിങ്ങൾ എന്തിനാണ് ഇങ്ങോട്ട് വരുന്നത്’– എന്ന് ഇന്ത്യക്കാരായ സ്ത്രീകളോട് ആക്രോശിച്ച് യുവതി ചോദിച്ചു.
അതേസമയം ഇന്ത്യക്കാരായ സ്ത്രീകൾ സംഭവങ്ങളുടെ ദൃശ്യങ്ങൾ പകർത്തിയിരുന്നു. ഇത് സമൂഹ മാധ്യമം വഴി പുറത്തു വിടുകയും ചെയ്തു. ഇതോടെയാണ് വിഷയം വൈറലായത്. മറ്റു സുഹൃത്തുക്കൾക്കൊപ്പം രാത്രി ഭക്ഷണം കഴിക്കാൻ പോയപ്പോഴാണ് സംഭവം ഉണ്ടായതെന്ന് മർദനമേറ്റ സ്ത്രീകളിൽ ഒരാളുടെ മകൻ വ്യക്തമാക്കി. അറസ്റ്റിലായ എസ്മെറാൾഡയ്ക്കെതിരെ ശരീരത്തിനു നേരെയുള്ള ആക്രമണം തീവ്രവാദ ഭീഷണി എന്നീ രണ്ടു കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. 10,000 ഡോളർ നൽകിയാൽ മാത്രമേ ജാമ്യം ലഭിക്കുകയുള്ളു.
https://www.facebook.com/Malayalivartha



























