ഖാലിസ്ഥാന്‍വാദികൾ ഇന്ത്യയോട് ചെയ്ത ഏറ്റവും വലിയ കൊടുംചതി, കനിഷ്‌ക വിമാന ദുരന്തത്തില്‍ കാനഡയ്ക്കും പങ്ക്? ലഗേജിൽ കയറ്റി വിട്ടത്...കത്തിയമര്‍ന്ന വിമാനം കടലില്‍ പതിച്ചത് 329 യാത്രക്കാരും 22 ജീവനക്കാരുമായി...!!
ഖാലിസ്ഥാന്‍വാദികളായ സിക്ക് തീവ്രവാദികള്‍ ഇന്ത്യയോടു ചെയ്ത ഏറ്റവും വലിയ കൊടുംചതിവായിരുന്നു കനിഷ്‌ക ബോയിംഗ് വിമാനം ബോംബ് വച്ച് തകര്‍ത്ത മഹാദുരന്തം. ഇന്ത്യയ്ക്കുള്ളില്‍ പഞ്ചാബ് സംസ്ഥാനം വിഭജിച്ച് ഖാലിസ്ഥാന്‍ എന്ന പേരില്‍ സിക്കുകാര്‍ക്കു മാത്രമായി സ്വതന്ത്രരാജ്യമാക്കാനുള്ള ഖാലിസ്ഥാന്‍ തീവ്രവാദികളുടെ നീക്കങ്ങളുടെ ഭാഗമായി ചെയ്ത മഹാ അപരാധമായിരുന്നു ആ വിമാനാപകടം. 1985 ജൂണ്‍ 23ന് എയര്‍ ഇന്ത്യയുടെ കനിഷ്‌ക വിമാനം ഖാലിസ്ഥാനികള്‍ ബോംബ് വച്ച് തകര്‍ത്തപ്പോള്‍ കത്തിയമര്‍ന്ന് കടലില്‍ പതിച്ചത് 329 യാത്രക്കാരും വിമാന ജീവനക്കാരുമാണ്.
എയര്‍ ഇന്ത്യയുടെ അക്കാലത്തെ ഏറ്റവും വലിയ വിമാനങ്ങളിലൊന്നായിരുന്ന എംപറര്‍ കനിഷ്‌കയിലെ ലഗേജിനിടെ ബോംബ് കയറ്റിവിടാന്‍ സഹായിച്ചതില്‍ കാനഡയിലെ സുരക്ഷാ വിഭാഗത്തിനും പങ്കുണ്ടായിരുന്നുവെന്ന ആക്ഷേപം ഇന്നും നിലനില്‍കുന്നു. വിമാനത്തിലേക്കുള്ള നൂറു കണക്കിന് ലഗേജുകളിലൊന്ന് മാത്രം പരിശോധന നടത്താതെ സെക്യൂരിറ്റി വിഭാഗത്തില്‍ കയറ്റിവിടാനോളം സ്വാധീനം അന്നും ഖാലിസ്ഥാനികള്‍ക്ക് കാനഡയിലുണ്ടായിരുന്നു. കനിഷ്‌ക തകര്‍ത്ത ആ ദിവസം തന്നെ എയര്‍ ഇന്ത്യയുടെ മറ്റൊരു വിമാനം കൂടി തകര്‍ക്കാന്‍ ഖാലിസ്ഥാനികള്‍ തയാറെടുപ്പ് നടത്തിയിരുന്നു.
ടോക്കിയോ - മുംബൈ വിമാനം ബോംബുവച്ച് തകര്‍ക്കാനായിരുന്നു ഖാലിസ്ഥാന്‍ തീവ്രവാദികളുടെ പദ്ധതി. എന്നാല്‍ ലഗേജുകള്‍ വിമാനത്തിലേക്ക് എത്തുന്നതിന് മുമ്പുതന്നെ ബോംബ് സ്ഫോടനമുണ്ടായതിനാല്‍ വന്‍ദുരന്തം ഒഴിവായി. അതു സംഭവിച്ചിരുന്നില്ലെങ്കില്‍ 300 പേര്‍ക്കൂടി അന്ന ദുരന്തത്തിന് ഇരയാകുമായിരുന്നു. എയര്‍ ഇന്ത്യയുടെ കനിഷ്‌ക എന്ന കൂറ്റന്‍ ബോയിങ് വിമാനം കാനഡയിലെ മൊണ്‍ട്രിയലില്‍ നിന്ന് ലണ്ടന്‍, ഡല്‍ഹി വഴി മുംബൈയിലേക്കുള്ള യാത്രക്കിടെ അറ്റ്ലാന്റിക് സമുദ്രത്തിലാണ് ആ രാത്രി തകര്‍ന്നുവീണത്.
വിമാനത്തിലുണ്ടായിരുന്ന 329 യാത്രക്കാര്‍ക്കും 22 ജീവനക്കാര്‍ക്കും ജീവന്‍ നഷ്ടമായി. പഞ്ചാബിലെ അമൃത്സറിലുള്ള സുവര്‍ണ ക്ഷേത്രത്തില്‍ നടന്ന ബ്ലൂസ്റ്റാര്‍ ഓപ്പറേഷന്‍ സൈനിക നടപടിയില്‍ പ്രതിഷേധിച്ചാണ് സിക്ക് തീവ്രവാദ സംഘടനകള്‍ കനിഷ്‌ക വിമാനം തകര്‍ത്തത്. കനിഷ്‌ക വിമാനം മോണ്‍ട്രിയോളില്‍നിന്ന് ലണ്ടനില്‍ ഇറങ്ങുന്നതിന് തൊട്ടുമുമ്പ് റഡാറില്‍നിന്ന് അപ്രത്യക്ഷമായി. വിമാനവുമായി ബന്ധപ്പെടാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു. തുടര്‍ന്ന് വിമാനവുമായി അവസാനമായി ബന്ധപ്പെടാന്‍ കഴിഞ്ഞ സ്ഥലത്ത് അധികൃതരുടെ നിര്‍ദ്ദേശാനുസരണം ലോറന്‍ഷ്യല്‍ ഫോറസ്റ്റ് എന്ന കപ്പല്‍ എത്തിയതോടെ മൃതദേഹങ്ങളും ലൈഫ് ജാക്കറ്റുകളും തകര്‍ന്ന വിമാനത്തിന്റെ ഭാഗങ്ങളും കടലില്‍ ചിതറിക്കിടക്കുന്നതായി കണ്ടെത്തുകയായിരുന്നു.
തുടര്‍ന്നുള്ള മൂന്ന് ദിവസങ്ങളില്‍ നടന്ന രക്ഷാപ്രവര്‍ത്തനത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്താനായത്. മൃതദേഹങ്ങളില്‍ മിക്കവയും മുഖത്തും കൈകാലുകളിലും പരിക്കേറ്റ നിലയില്‍ ഉള്ളതായിരുന്നു. കനിഷ്‌ക വിമാനത്തിന് സാങ്കേതിക തകറാറുണ്ടാകാനുള്ള സാധ്യതകളെല്ലാം അന്വേഷണസംഘം ആദ്യം പരിശോധിച്ചെങ്കിലും ഒന്നും സ്ഥിരീകരിക്കാനായില്ല. വിമാനത്തിന്റെ വാലറ്റത്താകാം സ്ഫോടനം നടന്നതെന്നും അത് വിമാനത്തിന്റെ എല്ലാ നിയന്ത്രണങ്ങളും നഷ്ടപ്പെടുത്തിയിട്ടുണ്ടാകാമെന്നും പിന്നീട് വ്യക്തമായി. വിമാനത്തിനനുള്ളില്‍ കടത്തിവിട്ട ഒരു സ്യൂട്ട്കേസിനുള്ളില്‍ ഘടിപ്പിച്ച ബോംബാണ് പൊട്ടിത്തെറിച്ചതെന്ന് പിന്നീട് അന്വേഷണത്തില്‍ വ്യക്തമായി. 31,000 അടി ഉയരത്തില്‍ പറക്കവെ ഐറിഷ് വ്യോമാതിര്‍ത്തിയില്‍ വച്ചാണ് വിമാനത്തിനുള്ളില്‍ ബോംബ് പൊട്ടിത്തെറിച്ചത്. സ്ഫോടനത്തില്‍ വിമാനത്തിലുണ്ടായിരുന്ന 329 പേരും കൊല്ലപ്പെട്ടു. വിമാനവും ചാമ്പലായി. 268 കനേഡിയന്‍ പൗരന്മാരും 74 ബ്രിട്ടീഷ് പൗരന്മാരും, 24 ഇന്ത്യന്‍ പൗരന്മാരുമാണ് ആ ദുരന്തത്തില്‍ ചാമ്പലായി വീണത്.
1970ല്‍ കാനഡയിലേക്ക് ചേക്കേറിയ ഖാലിസ്ഥാന്‍വാദിയായ തല്‍വീന്ദര്‍ സിംഗ് പര്‍മറായിരുന്നു കനിഷ്‌ക ദുരന്തത്തിന്റെ മുഖ്യ ആസൂത്രകനെന്ന് അന്വേഷണത്തില്‍ വ്യക്തമായി. സിഖ് ഭീകര സംഘടനയായ ബബ്ബര്‍ ഖല്‍സ ഇന്റര്‍നാഷണലിന്റെ സ്ഥാപകനും ഇയാളായിരുന്നു. കനിഷ്‌ക ദുരന്തത്തിന് ശേഷം ഇന്ത്യയിലെത്തിയ പര്‍മര്‍ 1992ല്‍ പഞ്ചാബ് പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. അതേസമയം, കനിഷ്‌ക കേസില്‍ ആരോപണ വിധേയനായ റിപുദമന്‍ സിംഗ് മാലിക് കഴിഞ്ഞ വര്‍ഷം കാനഡയിലെ ബ്രിട്ടിഷ് കൊളംബിയയില്‍വച്ച തന്റെ കാറിനുള്ളില്‍ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടതും മറ്റൊരു ചരിത്രം.
കനിഷ്‌ക ദുരന്ത കേസില്‍ മാലികിനെ നാല് വര്‍ഷത്തെ തടവിനുശേഷം തെളിവുകളുടെ അഭാവത്തില്‍ 2005ല്‍ കനേഡിയന്‍ കോടതി വിട്ടയച്ചിരുന്നു. കാനഡയില്‍ വസ്ത്ര വ്യാപാരരംഗത്തു പ്രവര്‍ത്തിച്ചുവന്ന മാലിക് തല്‍വീന്ദര്‍ സിംഗ് പര്‍മറിന്റെ അടുത്ത അനുയായി ആയിരുന്നു. മാലികിനൊപ്പം അജയ് സിങ് ബാഗ്രി എന്നയാളേയും 2005ല്‍ കനിഷ്‌ക കേസില്‍ കുറ്റമുക്തനാക്കിയിരുന്നു. ഐറിഷ് വ്യോമയാനചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തവും കാനഡയുടെ നീതിന്യായ ചരിത്രത്തിലെ ഏറ്റവും ചിലവേറിയ വിചാരണയുമായിരുന്നു കനിഷ്‌കയുടേത്. കേസന്വേഷണവും വിചാരണയും 20 വര്‍ഷം കൊണ്ടാണ് പൂര്‍ത്തിയായത്.
കനിഷ്‌ക വിമാന ദുരന്തത്തിനു കാനഡ സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത നഷ്ടപരിഹാര തുക ദുരന്തത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ പില്‍ക്കാലത്ത് നിരസിച്ചിരുന്നു. ദുരന്തത്തില്‍ മരിച്ചവരുടെ ഒരോ കുടുംബത്തിനും 24,000 ഡോളര്‍ അഥവാ പതിനൊന്നു ലക്ഷം രൂപ വീതമാണ് നഷ്ടപരിഹാരം വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍ തുക തീരെ കുറഞ്ഞുപോയെന്നായിരുന്നു ബന്ധുക്കളുടെ പരാതി. കാനഡ മുന്‍ ചീഫ് ജസ്റ്റിസ് ജോണ്‍ മേജര്‍ അധ്യക്ഷനായ എയര്‍ ഇന്ത്യ അന്വേഷണ കമ്മിഷന്റെ ശുപാര്‍ശയെ തുടര്‍ന്നാണു കുടുംബാംഗങ്ങള്‍ക്ക് ഇത്തരത്തില്‍ നഷ്ടപരിഹാരം നല്‍കിയത്.
https://www.facebook.com/Malayalivartha