യൂറോപ്പില്‍ 'ഐസ് ഏജ്'; തെളിവായി ഡാന്യൂബ് നദിയില്‍ വീണ കുറുക്കന്‍ ഐസ് കട്ടയിലായ ദൃശ്യം

അതിശൈത്യത്തിലെ തണുത്തുറയുന്ന കാലാവസ്ഥയില്‍ ജര്‍മനിയില്‍ ഉലാത്താനിറങ്ങിയ കുറുക്കന്‍ മരവിച്ച് ഐസ് കട്ടയായി. ജര്‍മനിയിലെ ബാഡന്‍ വ്യുര്‍ട്ടംബര്‍ഗിലെ ഫ്രീഡിംഗന്‍ നിവാസിയായ ഫ്രാന്‍സ് ജോഹാനസ് സ്റ്റീലെ എന്ന വേട്ടക്കാരനാണ് ഡാന്യൂബ് നദിയില്‍ ശീതീകരിച്ച നിലയില്‍ കണ്ടെത്തിയ കുറുക്കന്റെ ഫോട്ടോ എടുത്തു പുറംലോകത്തെ അറിയിച്ചത്.
തെക്കന്‍ ജര്‍മനിയിലെ ഡാന്യൂബ് നദിയില്‍ കാല്‍ വഴുതി വീണ കുറുക്കനാണ് നദിയിലെ വെള്ളം തണുത്തുറഞ്ഞ് മഞ്ഞുപാളിക്കുള്ളില്‍ അകപ്പെട്ടു ഐസ് കട്ടയായത്. തണുത്തുറഞ്ഞ നദിയില്‍നിന്നു കുറുക്കന്‍ കുടുങ്ങിയ ഭാഗം ഫ്രാന്‍സ് സ്റ്റീലെ വെട്ടിയെടുത്തു കുറുക്കനെ തന്റെ ഉടമസ്ഥതയിലുള്ള ഹന്റിംഗ് ഹൗസിന്റെ മുന്നില്‍ പ്രദര്‍ശനത്തിനു വച്ചിരിക്കുകയാണ്.
അതിശൈത്യത്തിന്റെ ഭീകരതയെക്കുറിച്ചും നദികളില്‍ പതിയിരിക്കുന്ന അപകടങ്ങളെക്കുറിച്ചും ജലപാതകളുടെ അരികിലൂടെ നടക്കുമ്‌ബോള്‍ അപ്രതീക്ഷിതമായി ഉണ്ടാകുന്ന ദുരന്തങ്ങളെക്കുറിച്ചും ജനങ്ങള്‍ക്ക് മുന്നറിയിപ്പു നല്‍കാനായിട്ടാണ് ഇത് പ്രദര്‍ശിക്കുന്നതെന്നും സ്റ്റീലെ പറഞ്ഞു. കഴിഞ്ഞ 40 വര്‍ഷത്തിനുള്ള ഇത്തരമൊരു ദൃശ്യം ആദ്യമായാണ് താന്‍ കാണുന്നതെന്നും സ്റ്റീലേ പറയുന്നു.
മധ്യയൂറോപ്പിലെ ഇപ്പോഴത്തെ താപനില മൈനസ് 30 ഡിഗ്രി വരെ താഴ്ന്ന നിലയിലാണ്. അതുകൊണ്ടുതന്നെ ഡാന്യൂബ് നദിയിലെ ജലം ഐസായി മാറിയതിനെ തുടര്‍ന്ന് 565 മൈല്‍ ദൂരത്തെ ജലഗതാഗതം നിര്‍ത്തിവച്ചിരിക്കുകയാണ്. യൂറോപ്പിലാകമാനം അനുഭവപ്പെടുന്ന അതിശൈത്യത്തിന്റെ ഭീകരത വീണ്ടും വര്‍ധിച്ചേക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം.
https://www.facebook.com/Malayalivartha
























