കെപിസിസി പുനഃസംഘടന കൊടുങ്കാറ്റിന് മുൻപുള്ള ശാന്തത ; പത്ത് വർഷത്തിലേറെ ജനറൽ സെക്രട്ടറി സ്ഥാനത്തും സെക്രട്ടറി സ്ഥാനത്തും തുടർന്നവരെ ഒഴിവാക്കണമെന്ന രാഹുലിന്റെ നിർദ്ദേശം അനുസരിച്ച് കേരളത്തിൽ നിന്ന് 22 പേരിൽ ഭൂരിഭാഗം പേരും മാറേണ്ടിവരും ; മാനദണ്ഡത്തിന്റെ പരിധിയിലുള്ളത് ആറുപേര്‍ മാത്രം

പുതിയ കെപിസിസി ഭാരവാഹികളെ രണ്ടാഴ്ചയ്ക്കുള്ളില്‍ തീരുമാനിക്കും. കെപിസിസിയുടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കുമ്പോൾ വൈസ് പ്രസിഡന്റുമാർ ഉണ്ടാവില്ല. വ്യാഴാഴ്ച കെപിസിസി പ്രസിഡന്റായി ചുമതലയേൽക്കുന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ അധ്യക്ഷതയില്‍ ചേരുന്ന രാഷ്ട്രീയകാര്യ സമിതിയോഗം അംഗങ്ങളുടെ എണ്ണം കുറയ്ക്കുന്നതു സംബന്ധിച്ച തീരുമാനമെടുക്കും. 10 വര്‍ഷത്തിലേറെയായി സ്ഥാനം വഹിക്കുന്നവരെ ഒഴിവാക്കണമെന്നാണു ഹൈക്കമാന്‍ഡ് നിര്‍ദേശം. എന്നാൽ ആറുപേര്‍ മാത്രമേ ഈ മാനദണ്ഡത്തിന്റെ പരിധിയിലുള്ളൂ.
10 വർഷത്തിലേറെ ജനറൽ സെക്രട്ടറി സ്ഥാനത്തും സെക്രട്ടറി സ്ഥാനത്തും തുടർന്നവരെ ഒഴിവാക്കണമെന്ന രാഹുലിന്റെ നിർദ്ദേശം അനുസരിച്ച് കേരളത്തിൽ നിന്ന് ജനറൽ സെക്രട്ടറി സ്ഥാനത്തുള്ള 22 പേരിൽ ഭൂരിഭാഗം പേരും മാറേണ്ടിവരും. വർക്കിങ് പ്രസിഡന്റുമാർ ഉള്ളപ്പോൾ വൈസ് പ്രസിഡന്റുമാർ വേണ്ടെന്നാണ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നിലപാട്. പാർട്ടി അധ്യക്ഷനായി രാഹുൽ സ്ഥാനമേറ്റശേഷം പല സംസ്ഥാനങ്ങളിലും പിസിസിക്കു പുതിയ പ്രസിഡന്റിനെ പ്രഖ്യാപിച്ചപ്പോൾ ഒന്നിലേറെ വർക്കിങ് പ്രസിഡന്റുമാരെയും നിയമിച്ചു. ഈ സംസ്ഥാനങ്ങളിലൊന്നിലും വൈസ് പ്രസിഡന്റുമാർ ഇല്ല. കെപിസിസിയിൽ ഇനി വൈസ് പ്രസിഡന്റ് സ്ഥാനം ഉണ്ടാകില്ലെന്ന് ഉറപ്പായതോടെ നിലവിലുള്ള നാല് വൈസ് പ്രസിഡന്റുമാർക്ക് അർഹമായ സ്ഥാനം നൽകണമെന്നതാണു ആദ്യകടമ്പ. വി.ഡി.സതീശന് ഒഡിഷ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ക്രീനിങ് കമ്മിറ്റിയുടെ ചുമതലയുണ്ട്. മറ്റു വൈസ് പ്രസിഡന്റുമാരായ ലാലി വിന്‍സെന്റ്, എ.കെ.മണി, ഭാരതിപുരം ശശി എന്നിവർ 10 വര്‍ഷം തികച്ചവരല്ല. 19 ജനറല്‍ സെക്രട്ടറിമാരും ആറുവര്‍ഷം കഴിഞ്ഞതേയുള്ളു. ഗ്രൂപ്പ് അടിസ്ഥാനത്തില്‍ വീതംവച്ചിട്ടുള്ള പട്ടികയില്‍ 11 പേര്‍ ഐ വിഭാഗവും ഏഴുപേര്‍ എ വിഭാഗക്കാരുമാണ്.
36 സെക്രട്ടറിമാരിൽ 10 വര്‍ഷം തികഞ്ഞവർ പി.ടി.അജയമോഹന്‍, കെ.പി.അബ്ദുൽ മജീദ്, ജെയ്സണ്‍ ജോസഫ്, മാന്നാർ അബ്ദുൽ ലത്തീഫ്, അബ്ദുൽ ഗഫൂര്‍ ഹാജി, കെ.കെ.വിജയലക്ഷ്മി എന്നിവരാണ്. അംഗങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനും ആളെ ഒഴിവാക്കുന്നതിനും പുതിയ നേതൃത്വത്തിനു കര്‍ശന മാനദണ്ഡങ്ങള്‍ നടപ്പാക്കേണ്ടിവരും. പുതിയ ഡിസിസി പ്രസിഡന്റുമാര്‍ വന്നപ്പോള്‍ സ്ഥാനം ഒഴിഞ്ഞവര്‍ക്കു കെപിസിസി സെക്രട്ടറി സ്ഥാനം നല്‍കണം.
ഗ്രൂപ്പ് അടിസ്ഥാനത്തില്‍ ഒരാളെയും നിയമിക്കരുതെന്നു ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും ഗ്രൂപ്പ് നേതൃത്വങ്ങളുടെ പിന്തുണയില്ലാതെ കാര്യങ്ങള്‍ മുന്നോട്ടുപോകില്ല. ലോക്സഭാ തിരഞ്ഞെടുപ്പില്‍ പുതിയ ഭാരവാഹികള്‍ക്കു ചുമതല നല്‍കേണ്ടതിനാൽ എത്രയും വേഗം പട്ടിക തയാറാക്കി ഹൈക്കമാന്‍ഡിനു കൈമാറാനാണു പുതിയ നേതൃത്വത്തിന്റെ തീരുമാനം.
https://www.facebook.com/Malayalivartha



























