അന്വേഷണത്തിന്റെ പേരിൽ ഭീഷണിയും മുന്നറിയിപ്പില്ലാതെ മഠങ്ങളില്‍ കയറിച്ചെല്ലലും ; ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനപരാതിയില്‍ അന്വേഷണ സംഘത്തിന്റെ ഇടപെടലുകളില്‍ അതൃപ്തി അറിയിച്ച് കന്യാസ്ത്രീകള്‍ മുഖ്യമന്ത്രിക്ക് പരാതി നൽകി

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീയുടെ പീഡനപരാതിയില്‍ അന്വേഷണ സംഘത്തിന്റെ ഇടപെടലുകളില്‍ അതൃപ്തി അറിയിച്ച് കന്യാസ്ത്രീകള്‍ മുഖ്യമന്ത്രിക്ക് പരാതി നൽകി. സംഭവത്തില്‍ പരാതിയറിയിച്ച് മിഷനറീസ് ഓഫ് ജീസസ് സന്യസ്ത സമൂഹത്തിലെ കന്യാസ്ത്രീകള്‍ മുഖ്യമന്ത്രിയെ കാണാനെത്തി.
അന്വേഷണത്തിനെന്ന പേരില്‍ സഭയുടെ മഠങ്ങളില്‍ അന്വേഷണ സംഘം മുന്നറിയിപ്പില്ലാതെ കയറിച്ചെല്ലുന്നതായും ഭീഷണിപ്പെടുത്തി മൊഴി ശേഖരിക്കുന്നതായും ഇവര്‍ മുഖ്യമന്ത്രിയോട് പരാതിപ്പെട്ടു. പൊളിറ്റ് ബ്യൂറോ കഴിഞ്ഞു കേരള ഹൗസിലെത്തിയ പിണറായി വിജയനെ നേരില്‍ക്കണ്ടു സംസാരിക്കാന്‍ പതിനാറംഗ കന്യാസ്ത്രി സംഘമാണ് ജലന്തറില്‍ നിന്നെത്തിയത്.
ബിഷപ്പിന്റെ നിരപരാധിത്വത്തില്‍ ഉറച്ചുവിശ്വസിക്കുന്ന നിലപാടാണ് പരാതിക്കാരിയായ കന്യാസ്ത്രീ ഉള്‍പ്പെടുന്ന മിഷനറീസ് ഓഫ് ജീസസ് സന്യസ്ത സമൂഹത്തിനുള്ളത്. സിസ്റ്റര്‍ അമലയുടെ നേതൃത്വത്തിലായിരുന്നു കൂടിക്കാഴ്ച നടത്തിയത്. ബിഷപ്പിന്റെ കേസില്‍ അന്വേഷണസംഘം ഭീഷണിപ്പെടുത്തുന്നു എന്ന് ആരോപിച്ച് മിഷണറീസ് ഓഫ് ജീസസ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
അതേസമയം കെസിബിസിക്ക് മറുപടിയുമായി സേവ് അവര്‍ സിസ്റ്റേഴ്‌സ് ആക്ഷന്‍ കൗണ്‍സില്‍ രംഗത്തെത്തി. നീതിക്കായി തെരുവിലിറങ്ങിയവരല്ല സഭയുടെ അന്തസിന് കളങ്കം വരുത്തിയത്. സഭയ്ക്കുള്ളിലെ അനീതി മറച്ചുപിടിക്കുന്നവരാണ് കളങ്കമുണ്ടാക്കുന്നത്. കന്യാസ്ത്രീകളുടെ സമരത്തിനെതിരായ കെസിബിസി നിലപാടിനാണ് മറുപടി. സഭ നില്‍ക്കേണ്ടത് സഭയ്ക്കായി ജീവിതം സമര്‍പ്പിച്ച സഹോദരിമാര്‍ക്കൊപ്പമാണെന്നും സേവ് അവര്‍ സിസ്റ്റേഴ്‌സ് ആക്ഷന്‍ കൗണ്‍സില്‍ പറഞ്ഞു.
https://www.facebook.com/Malayalivartha



























