ഇനി ക്യാപിറ്റല്‍ പണിഷ്‌മെന്റ്... ശബരിമല നടയടച്ചതോടെ പദ്മകുമാര്‍ രാജിവച്ചെന്ന് വീണ്ടും അഭ്യൂഹം; മുറിവേറ്റ മനസുമായി ഭക്തരോടൊപ്പം പത്മകുമാറും മലയിറങ്ങുന്നു

ശബരിമല നടയടച്ചതോടെ ഏറ്റവും സമാധാനത്തോടെ മലയിറങ്ങുന്ന ഒരാളാണ് ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാര്‍. ഭക്തരോടൊപ്പം നിന്നപ്പോഴെല്ലാം മുഖ്യമന്ത്രി പിണറായി വിജയന്‍ പിടിച്ച് വിരട്ടുകയും നിലപാട് മാറ്റുകയും ചെയ്തു. അവസാനം പദ്മകുമാര്‍ രാജി വച്ചതായ വാര്‍ത്തകളും വന്നു. എന്നാല്‍ താന്‍ രാജി വച്ചിട്ടില്ലെന്ന് പത്മകുമാര്‍ തന്നെ രംഗത്ത് വന്നതോടെ അതിന് താത്ക്കാലികമായി വിരാമമായി.
എന്നാല്‍ നടയടച്ചതോടെ ശബരിമലയിലെ യുവതീപ്രവേശവുമായി ബന്ധപ്പെട്ട് പദ്മകുമാര്‍ കടുത്ത സമ്മര്‍ദത്തിലും അതൃപ്തിയിലുമാണെന്ന് റിപ്പോര്‍ട്ട്. ബോര്‍ഡിന്റെ പല നിര്‍ണായക തീരുമാനങ്ങളിലും പുറത്തുനിന്നുള്ള ഇടപെടല്‍ ശക്തമാണെന്നും പദ്മകുമാറിനെ ഒറ്റപ്പെടുത്തുന്നുണ്ടെന്നുമാണ് വിവരം. പ്രസിഡന്റിന്റെ രാജി എഴുതിവാങ്ങിയെന്ന അഭ്യൂഹവും ഇതിനിടെ വീണ്ടും ഉയര്‍ന്നത്.
സുപ്രീംകോടതിവിധി വന്നശേഷം പലതവണ പദ്മകുമാറിനോടുള്ള അതൃപ്തി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകടിപ്പിച്ചിരുന്നു. കോടതിവിധി ഭരണഘടനാപരമായ ബാധ്യതയാണെങ്കിലും ക്ഷേത്രങ്ങളിലെ ആചാരസംരക്ഷണം ദേവസ്വം ബോര്‍ഡിന്റെ ഉത്തരവാദിത്വമാണെന്നുമായിരുന്നു തുടക്കത്തിലേ പദ്മകുമാറിന്റെ നിലപാട്. ഇതിനിടെയാണ് രണ്ടുയുവതികള്‍ പോലീസ് സംരക്ഷണത്തില്‍ ദര്‍ശനം നടത്തുകയും 51 യുവതികളുടെ പട്ടിക സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കുകയും ചെയ്തത്. ഇതോടെ പദ്മകുമാര്‍ കൂടുതല്‍ വിഷമത്തിലും പ്രതിരോധത്തിലുമായി.
ബോര്‍ഡിന് സ്വതന്ത്രമായി ഒന്നും ചെയ്യാനാവില്ലെന്നും സര്‍ക്കാര്‍ നിയന്ത്രിക്കുന്നുവെന്നുമുള്ള തോന്നല്‍ ഇതുണ്ടാക്കുകയും ചെയ്തു. സര്‍ക്കാരിന്റെ പട്ടികയില്‍ ബോര്‍ഡിന് പങ്കില്ലെന്ന് പ്രതികരിച്ച പദ്മകുമാര്‍, കൂടുതല്‍ വിശദീകരണത്തിന് തയ്യാറായിട്ടില്ല. ബോര്‍ഡിലെ രണ്ടംഗങ്ങളും ഉദ്യോഗസ്ഥരും ഭരണം നിയന്ത്രിക്കുന്നെന്നാണ് ജീവനക്കാരുടെതന്നെ അടക്കംപറച്ചില്‍.
പ്രസിഡന്റുസ്ഥാനം ഒഴിയുന്നതായി പദ്മകുമാര്‍ അടുപ്പമുള്ളവരോട് സൂചിപ്പിച്ചെന്ന പ്രചാരണവും ഈ ദിവസങ്ങളിലുണ്ടായി. ദര്‍ശനം നടത്തിയ യുവതികളുടെ പട്ടിക പുറത്തുവന്നശേഷം അദ്ദേഹത്തിന്റെ മൊബൈല്‍ഫോണ്‍ ഓഫാവുകയും ചെയ്തതോടെ രാജിവാര്‍ത്തയ്ക്ക് ബലംകൂടുകയും ചെയ്തു. സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് അംഗംകൂടിയായ പദ്മകുമാര്‍ ഇതേപ്പറ്റിയോ വിവാദങ്ങളെക്കുറിച്ചോ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.
എന്റെ രാജിയെപ്പറ്റി തനിക്ക് അറിവില്ലെന്നാണ് പദ്മകുമാര്‍ പറയുന്നത്. മുന്‍പും ഇത്തരം പ്രചാരണം ഉണ്ടായിട്ടുണ്ടെന്നും പദ്മകുമാര്‍ വ്യക്തമാക്കി.
അതിനിടെ പാര്‍ട്ടിയുടെ തീരുമാനത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ച പത്മകുമാറിനെതിരെ പാര്‍ട്ടി നടപടി വരുമെന്നും അറിയുന്നു. ശബരിമലയില്‍ 51 യുവതികള്‍ പ്രവേശിച്ചെന്ന് കാണിച്ച് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച പട്ടികയുടെ ഉത്തരവാദിത്വം സര്‍ക്കാരിനാണെന്ന് പദ്മകുമാര്‍ ഇന്നലെ തുറന്നടിച്ചിരുന്നു. ഞാന്‍ ഇതുവഴി വന്ന വഴിപോക്കനാണ്. എന്നോട് ഇത് ചോദിച്ചാല്‍ എങ്ങനെ ശരിയാകും. ദേവസ്വം ബോര്‍ഡല്ല സുപ്രീം കോടതിയില്‍ പട്ടിക നല്‍കിയത്. പട്ടിക സമര്‍പ്പിച്ച സര്‍ക്കാരിന്റെ കയ്യില്‍ അതിനുള്ള തെളിവുണ്ടാകുമെന്നും പദ്മകുമാര്‍ പറഞ്ഞു. ദേവസ്വം ബോര്‍ഡിന് യുവതികള്‍ പ്രവേശിക്കുന്നത് പരിശോധിക്കാന്‍ പ്രത്യേക സംവിധാമൊന്നുമില്ലെന്നും പദ്മകുമാര്‍ വ്യക്തമാക്കി.
സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച 51 യുവതികളുടെ പട്ടിക സംബന്ധിച്ച് ആക്ഷേപങ്ങള്‍ ഉയര്‍ന്നതോടെയാണ് ദേവസ്വം ബോര്‍ഡ് വിഷയത്തില്‍ കൈകഴുകി മാറിനിന്നത്. പട്ടികയുടെ ഉത്തരവാദിത്വം സര്‍ക്കാരിന് മാത്രമാണെന്നും ബോര്‍ഡ് വ്യക്തമാക്കി.
പട്ടികയുടെ ആധികാരികതയില്‍ ആരും സംശയം പ്രകടിപ്പിച്ചിട്ടില്ലെന്നാണ് നിയമവകുപ്പ് പറയുന്നത്. കോടതിയില്‍ നേരിട്ട് നല്‍കാനല്ല പട്ടിക നല്‍കിയതെന്നാണ് പൊലീസിന്റെ പക്ഷം. കോടതി ചോദിച്ചാല്‍ നല്‍കാനാണ് പട്ടിക നല്‍കിയതെന്ന് പൊലീസ്. അതേ സമയം പട്ടിക തിരുത്തേണ്ടെന്ന കാര്യത്തിലും വ്യക്തതയായി.
https://www.facebook.com/Malayalivartha


























