സാമ്രാജ്യത്വകാലത്തും രാജാധിപത്യകാലത്തും നടന്നത്ര നവോത്ഥാനം ജനാധിപത്യകാലത്ത‌് സംഭവിക്കുന്നില്ലെന്ന് പ്രൊഫ. എം എന്‍ കാരശേരി

മതത്തിനും ജാതിക്കും പുറത്തേക്കുവന്ന‌് ഒന്നായ സമൂഹമാണ‌് കേരളം എന്നും എന്നാല്‍ സാമ്രാജ്യത്വകാലത്തും രാജാധിപത്യകാലത്തും നടന്നത്ര നവോത്ഥാനം ജനാധിപത്യകാലത്ത‌് സംഭവിക്കുന്നില്ലെന്നും പ്രൊഫ. എം എന്‍ കാരശേരി പറഞ്ഞു. എറണാകുളം പബ്ലിക‌് ലൈബ്രറി സംഘടിപ്പിച്ച ഡോ. സുകുമാര്‍ അഴീക്കോട‌് അനുസ‌്മരണ പ്രഭാഷണത്തില്‍ 'സാമൂഹ്യ പരിണാമത്തിന്റെ മാനങ്ങള്‍' എന്ന വിഷയത്തെ അധികരിച്ച‌് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമൂഹ്യ പരിണാമം നടക്കുന്നത‌് മൂന്നു തലങ്ങളിലൂടെയാണ‌്. വിപ്ലവം, നവോത്ഥാനം, പുനരുദ്ധാരണം എന്നിങ്ങനെയാണ‌് അവ. പഴയത‌് മുഴുവന്‍ നിരാകരിക്കുന്നത‌് വിപ്ലവവും പഴയതിനോട‌് പുതിയത‌് കൂട്ടിച്ചേര്‍ക്കുന്നതും നവോത്ഥാനവും പഴയത‌് നിലനിര്‍ത്തുന്നത‌് പുനരുദ്ധാരണവും ആണെന്ന‌് കാരശേരി വിശദീകരിച്ചു. ഇപ്പോള്‍ സംഭവിക്കുന്നത‌് പുനരുദ്ധാരണമാണ‌്. കഥ ഏതാണ‌് ചരിത്രം ഏതാണെന്ന‌് തിരിച്ചറിയാന്‍ പറ്റാത്ത കാലഘട്ടത്തിലൂടെയാണ‌് നാം കടന്നുപോകുന്നത‌്. ദൈവത്തെ കാണാന്‍ ആര്‍ക്കൊക്കെയാണ‌് അവകാശമുള്ളതെന്ന‌് എഴുത്തച്ഛന്‍ ഹരിനാമ കീര്‍ത്തനത്തില്‍ പറയുന്നുണ്ട‌്. അതില്‍ ഋതുമതിയായ പെണ്ണെന്ന‌് അദ്ദേഹം നൂറ്റാണ്ടുകള്‍ക്ക‌് മുമ്ബ‌് പറഞ്ഞിട്ടുണ്ട‌്. എന്നാല്‍ സ‌്ത്രീയുടെ ആര്‍ത്തവം, ഗര്‍ഭം, പ്രസവം ഇതൊക്കെ വൃത്തികേടാണെന്നാണ‌് ഇന്ന‌് പറയുന്നത‌്.
സ‌്ത്രീകളെ സ്വതന്ത്ര ചിന്താഗതിക്കാരാക്കിയത‌് സന്താന നിയന്ത്രണമാണ‌്. എന്നാല്‍ ഹിന്ദു സ‌്ത്രീകള്‍ 10 പ്രസവിക്കാനാണ‌് ബിജെപി നേതാക്കള്‍ ആഹ്വാനം ചെയ്യുന്നത‌്. ക്ഷേത്ര പ്രവേശന വിളംബരം നടത്തിയ കോണ്‍ഗ്രസുകാരുടെ പിന്‍തലമുറയാണ‌് ഇന്ന‌് ആചാരലംഘനം എന്ന‌് മുറവിളി കൂട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha


























