ശബരിമല വിഷയത്തിൽ അമ്മയ്‌ക്കെതിരെ തിരിയേണ്ടതില്ല ! ; അയ്യപ്പ സംഗമത്തിൽ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ടിട്ടും അനുസരിക്കാതെ സമ്മേളനത്തിൽ പങ്കെടുത്തെന്ന് മാത്രം വരുത്തിയ അമ്മ സർക്കാരിനെ ശക്തമായി വിമർശിക്കാത്ത സാഹചര്യത്തിൽ അമ്മയെ പിണക്കേണ്ടതില്ലെന്ന് പാർട്ടി തീരുമാനം

ശബരിമല വിഷയത്തിൽ തങ്ങൾക്കൊപ്പം നിന്ന മാതാ അമ്യതാനന്ദമയിയെ വിമർശിക്കേണ്ടതില്ലെന്ന് സി പി എം ഉന്നതങ്ങളിൽ ധാരണ. അയ്യപ്പ സംഗമത്തിൽ അമ്മ പങ്കെടുക്കരുതെന്ന് കടകംപള്ളി നേരിൽ കണ്ട് ആവശ്യപ്പെട്ടിട്ടും, അനുസരിച്ചില്ലെങ്കിലും സമ്മേളനത്തിൽ പങ്കെടുത്തെന്ന് വരുത്തുക മാത്രം ചെയ്ത അമ്മ സർക്കാരിനെ ശക്തമായി വിമർശിക്കാത്ത സാഹചര്യത്തിൽ പിണക്കേണ്ടതില്ലെന്നാണ് പാർട്ടിയുടെ തീരുമാനം.
അമ്മക്കെതിരെ രൂക്ഷമായ വിമർശനവുമായി രംഗത്തെത്തിയ കോടിയേരി പിന്നീട് നിലപാട് മയപ്പെടുത്തിയത് ഇതിന്റെ ഭാഗമാണ്. ഭാവിയിൽ അമ്മക്കെതിരെ ആരും പ്രതികരിക്കേണ്ടതില്ലെന്നും പാർട്ടി തീരുമാനിച്ചു. അമ്യതാനന്ദമയിയുടെ നിലപാട് യുവതീ പ്രവേശത്തിന് അനുകൂലമാണെന്ന തരത്തിൽ പ്രചരണം നടത്താനും സി പിഎം തീരുമാനിച്ചിട്ടുണ്ട്. ചൊവ്വാഴ്ച ദേശാഭിമാനി ഇത് സംബന്ധിച്ച പ്രചരണം തുടങ്ങി. ശബരിമലയിലെ യുവതീ പ്രവേശനത്തെ അമ്മ എക്കാലവും പിന്തുണച്ചിരുന്നതായി പത്രം പറയുന്നു. പതിനൊന്ന് വർഷങ്ങൾക്ക് മുമ്പ് അമ്യതാനന്ദമയി ഇക്കാര്യം ഉന്നയിച്ച് പിത സമ്മേളനം നടത്തിയിരുന്നു. ശബരിമലയിൽ സ്ത്രീകൾ പ്രവേശിപ്പിച്ചാൽ എന്താണ് കുഴപ്പമെന്ന് അമൃതാനന്ദമയി ചോദിച്ചു. പുരുഷനെ പ്രസവിച്ചത് സ്ത്രീയല്ലേ. എങ്കിൽ പുരുഷനു കയറാം സ്ത്രീക്ക് പാടില്ല എന്നു പറയുന്നത് അധർമ്മമാണെന്നും അമ്മ പറഞ്ഞു. സ്ത്രീ പുരുഷ വ്യത്യാസം ഈശ്വര സങ്കൽപ്പത്തിന് ചേരില്ലെന്നും അമ്മ പറഞ്ഞു. ക്ഷേത്രങ്ങളിലെല്ലാം വിശ്വാസികളെ കയറ്റണമെന്നും അവർ ആവശ്യപ്പെട്ടു.
എന്നാൽ അയ്യപ്പ കർമ്മ സമിതിയുടെ യോഗത്തിൽ അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയാണെന്നാണ് അമ്മ പറഞ്ഞത്. ബ്രഹ്മചാരിയായ അയ്യപ്പന്റെ ക്ഷേത്രത്തിൽ സ്ത്രീകൾ പ്രവേശിക്കരുതെന്നും അമ്മ ആവശ്യപ്പെട്ടു. ഇതേ വാർത്തയിൽ ശബരിമലയിൽ യുവതീ പ്രവേശനത്തെ അനുകൂലിക്കുന്ന നിലപാടാണ് ഒ രാജഗോപാലിന് ഉള്ളതെന്നും ദേശാഭിമാനി പറയുന്നു. പത്രവാർത്തകളുടെ പകർപ്പും പത്രം നൽകിയിട്ടുണ്ട്.
ഇങ്ങനെയൊക്കെയാണെങ്കിലും ശബരിമല വിധി നടപ്പിലാക്കിയ സംസ്ഥാന സർക്കാരിനെ വിമർശിക്കാത്ത അമ്യതാനന്ദമയിയുടെ നിലപാടിനെ സി പി എം സ്വാഗതം ചെയ്യുകയാണ്. അമ്മയുടെ വിശ്വസ്തനായ അമ്യത സ്വരൂപാനന്ദ സ്വാമി വഴിയാണ് സിപിഎം കരുക്കൾ നീക്കിയത്. പിണറായിയുടെ നേരിട്ടുള്ള നിർദേശപ്രകാരമാണ് സിപിഎം നേതാക്കൾ അമ്യതസ്വരൂപാനന്ദയെ കണ്ടത്. സമ്മേളന ദിവസം അദ്ദേഹം കുവൈറ്റിലായാരുന്നു. സമ്മേളനത്തിൽ വരാൻ അദ്ദേഹം തീരുമാനിച്ചിരുന്നില്ല. എന്നാൽ സമ്മേളനത്തിന് അദ്ദേഹം തിരുവനന്തപുരത്ത് എത്തണമെന്നും അമ്യതാനന്ദമയിയെ പങ്കെടുപ്പിക്കാതിരിക്കണമെന്നും സമ്മർദ്ദം ഉണ്ടായി. അത്തരം സമ്മർദ്ദങ്ങൾ അദ്ദേഹത്തിന് അതിജീവിക്കാൻ കഴിയുമായിരുന്നില്ല.
സി പി എമ്മും സർക്കാരുമായി ഇടപെടൽ നടത്തുന്നത് അമ്യത സ്വരൂപാനന്ദയാണ്. അദ്ദേഹത്തിന് സർക്കാരിനെ പിണക്കാൻ കഴിയില്ല. ആശുപത്രിയും സ്കൂളുകളും നടത്തുന്ന മഠത്തിന് സർക്കാരിനെ പിണക്കാൻ കഴിയില്ല. അങ്ങനെ തിരുവനന്തപുരത്തെത്തിയ അമ്യതസ്വരൂപാനന്ദ അമ്മയുമായി രഹസ്യസംഭാഷണം നടത്തി. അങ്ങനെ യോഗത്തിന് പോകാമെന്ന് അമ്മ തീരുമാനിച്ചു. യോഗത്തിന് പോയില്ലെങ്കിൽ അത് ബിജെപിക്കും ആർ എസ് എസിനും ബുദ്ധിമുട്ടുണ്ടാക്കും. കേന്ദ്രം ഭരിക്കുന്നത് ബിജെപിയാണ്. അവരെ പിണക്കി മുന്നോട്ടു പോകാൻ കഴിയില്ല. വീണ്ടും ബി ജെ പി അധികാരത്തുമെന്നാണ് സൂചനകൾ. ഇത്തരമൊരു പശ്ചാത്തലത്തിൽ ആരെയും പിണക്കാൻ കഴിയില്ലെന്നാണ് മഠത്തിന്റെ നിലപാട്
സർക്കാരിനും മുഖ്യമന്ത്രിക്കും മറ്റുമെതിരെ അമ്മ സംസാരിക്കാതിരുന്നത് ഇത് കൊണ്ട് തന്നെയാണ്. ചിദാനന്ദപുരിയെ പോലുള്ള സ്വാമിമാർ സർക്കാരിനെതിരെ ആഞ്ഞടിച്ചിട്ടും അമ്മ അകലം പ്രാപിച്ചു. അതും അമ്യതസ്വരൂപാനന്ദയുടെ നിർദ്ദേശ പ്രകാരമായിരുന്നു. അമ്യതസ്വരൂപാനന്ദ മികച്ച നയതന്ത്രം സൂക്ഷിക്കുന്ന സന്യാസിവര്യനാണ്. അദ്ദേഹം ആരെയും പിണക്കാറില്ല. അതാണ് ശബരിമല വിഷയത്തിലും നടന്നത്. അമ്യത സ്വരൂപാനന്ദ പറയുന്നത് മാത്രമേ അമ്മ കേൾക്കുകയുള്ളു. അമ്മയെ പിണക്കി മുന്നോട്ടു പോകാൻ സി പി എം ആഗ്രഹിക്കുന്നില്ല.
https://www.facebook.com/Malayalivartha


























