ട്രാഫിക് നിയമങ്ങൾ കർശനമായി നടപ്പിലാക്കാനുള്ള നീക്കവുമായി മോട്ടോർ വാഹന വകുപ്പ്

ട്രാഫിക് നിയമങ്ങൾ കർശനമായി നടപ്പിലാക്കാനുള്ള നീക്കവുമായി മോട്ടോർ വാഹന വകുപ്പ്. ചെറിയ നിയമലംഘനങ്ങൾക്ക് പോലും കടുത്ത ശിക്ഷ ലഭിക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ മാറാൻ സാധ്യത.
ഇരുചക്രവാഹനങ്ങളിൽ ഹെൽമെറ്റ് ധരിക്കാതെയുള്ള യാത്രകൾക്ക് ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്നത് ഉൾപ്പെടെയുള്ള ശിക്ഷകൾ നടപ്പിലാക്കും. വാഹനം ഓടിക്കുന്നയാൾക്കോ പിൻസീറ്റിൽ ഇരിക്കുന്നയാൾക്കോ ഹെൽമെറ്റ് ഇല്ലെങ്കിൽ മൂന്ന് മാസം വരെ ലൈസൻസ് സസ്‌പെൻഡ് ചെയ്‌തേക്കും.
നിയമലംഘനങ്ങൾ പിടികൂടാൻ വാഹന പരിശോധന കർശനമാക്കാനാണ് മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം. നിയമലംഘനം പിടിക്കപ്പെട്ടാൽ പിഴയ്‌ക്കൊപ്പം പരിശീലന ക്ലാസുകളിൽ പങ്കെടുക്കേണ്ടതും നിർബന്ധമാക്കും.
നിയമം കർശനമായി നടപ്പാക്കാൻ എല്ലാ ലൈസൻസിംഗ് അതോറിറ്റികളോടും ആർ.ടി.ഒ, ആർ.ടി.ഒ എൻഫോഴ്‌സ്‌മെന്റ്, ജോയന്റ് ആർ.ടി.ഒമാർക്കും നിർദേശം നൽകി.
ഹെൽമെറ്റ് ധരിക്കാത്തവർക്ക് മൂന്ന് മാസം ലൈസൻസ് സസ്‌പെൻഡ് ചെയ്യപ്പെടുന്നതിന് ഒപ്പം ഒരു ദിവസത്തെ ക്ലാസിലും പങ്കെടുക്കണം. അപകടകരമായ രീതിയിലാണ് വാഹനം ഓടിക്കുന്നതെങ്കിൽ ലൈസൻസ് സസ്‌പെൻഡ് ചെയ്യുക ആറ് മാസത്തേക്ക് ആയിരിക്കും. മൂന്ന് ദിവസമായിരിക്കും പരിശീലന ക്ലാസ്.
ലഹരി ഉപയോഗിച്ച് വാഹനം ഓടിക്കുകയും അപകടത്തിൽ മറ്റൊരാൾക്ക് മരണം സംഭവിക്കുന്ന രീതിയിൽ വാഹനം ഓടിക്കുകയും ചെയ്താൽ ഒരു വർഷത്തേക്കാണ് ലൈസൻസ് സസ്‌പെൻഡ് ചെയ്യുക.
അമിത വേഗത, റേസിംഗ് എന്നിവ നടത്തി പിടിക്കപ്പെട്ടാലും ലൈസൻസ് സസ്‌പെൻഡ് ചെയ്യാനാണ് തീരുമാനം. അതുപോലെ തന്നെ അമിതഭാരം കയറ്റി വാഹനം ഓടിച്ചാലും കടുത്ത ശിക്ഷയാണ് ലഭിക്കുക. എമർജൻസി വാഹനങ്ങൾക്ക് സൈഡ് കൊടുത്തില്ലെങ്കിൽ ആറ് മാസം ലൈസൻസ് സസ്‌പെൻഡ് ചെയ്യും ഒരു ദിവസം പരിശീലനം തേടേണ്ടതുമാണ്.
"
https://www.facebook.com/Malayalivartha



























