നാടിനെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയ ആ കൊടും ക്രൂരതയ്ക്ക് പിന്നിൽ സ്വന്തം 'അമ്മ' തന്നെ; ആലപ്പുഴയിൽ പതിനഞ്ച് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊന്നെന്ന് മാതാവിന്റെ കുറ്റ സമ്മതം; കുട്ടിയുടെ അച്ഛനും ക്രിമിനൽ പശ്ചാത്തലമുള്ളയാളെന്ന് പോലീസ്

ആലപ്പുഴ പട്ടണക്കാട് പതിനഞ്ച് മാസം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പോലീസ്. കുഞ്ഞിനെ കൊലപ്പെടുത്തിയത് സ്വന്തം അമ്മ തന്നെയെന്നാണ് പ്രാഥമിക വിവരം. കുഞ്ഞ് മരിച്ചത് ശ്വാസം കിട്ടാതെയെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിനെ കേന്ദ്രീകരിച്ച് കുട്ടിയുടെ മാതാപിതാക്കളെയും ബന്ധുക്കളെയും പോലീസ് ചോദ്യം ചെയ്തിരുന്നു. ഇതിൽ നിന്നാണ് അമ്മ തന്നെ കുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതെന്ന് സ്ഥിരീകരിച്ചത്.
കുട്ടിയുടെ അമ്മയാണ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതെന്നും അമ്മ കുറ്റസമ്മതം നടത്തിയതായും ചേർത്തല എഎസ്പി ആർ വിശ്വനാഥ് വ്യക്തമാക്കി. കുട്ടിയുടെ അമ്മയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ഇന്ന് ഉച്ച മുതൽ നടത്തിയ ചോദ്യം ചെയ്യലിലായിരുന്നു അമ്മ കുറ്റം സമ്മതം നടത്തിയത്.
അതേസമയം അമ്മ കുഞ്ഞിനെ എന്നും ഉപദ്രിവിക്കാറുണ്ടായിരുന്നുവെന്നും സംഭവ ദിവസം കുടുംബ വഴക്ക് ഉണ്ടായെന്നും മുത്തശ്ശി മൊഴി നൽകിയിരുന്നു. കുഞ്ഞിനെ ഉപദ്രവിച്ചതിന് അമ്മയ്ക്കെതിരെ മുത്തശ്ശി നേരത്തെ പോലീസിൽ പരാതി നൽകിയിരുന്നു. കുട്ടിയുടെ അച്ഛനും ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് പൊലീസ് പറയുന്നു. നാല് മാസം മുമ്പ് അമ്മായിയമ്മയെ അടിച്ച കേസിലെ പ്രതിയാണ് കുഞ്ഞിന്റെ അച്ഛന്.
കഴിഞ്ഞ ദിവസം, പുതിയകാവ് കൊല്ലംവള്ളി കോളനിയിലാണ് കുട്ടിയെ വീട്ടിലെ കട്ടിലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അമ്മയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്നാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്.
പട്ടണക്കാട് ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡ് കൊല്ലംവെളി കോളനിയില്‍ ഷാരോണിന്റെയും ആതിരയുടെയും മകളായ ആദിഷയയെയാണ് ഇന്നലെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്. ബന്ധുക്കളും പ്രദേശവാസികളും ചേര്‍ന്നാണ് കുട്ടിയെ ചേർത്തല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. എന്നാൽ ആശുപത്രിയിലെത്തുമ്പോഴേയ്ക്കും കുട്ടി മരിച്ചിരുന്നു. വീട്ടിലെ കിടപ്പുമുറിയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെ ചലനമില്ലാത്ത സാഹചര്യത്തില്‍ കണ്ടെത്തിയെന്നാണ് ആശുപത്രിയില്‍ അറിയിച്ചത്. ഉച്ചവരെ കുട്ടി ഓടിക്കളിച്ചു നടന്നിരുന്നതായി പറയുന്നുണ്ട്.
https://www.facebook.com/Malayalivartha



























