അമിത രക്തസ്രാവത്തിന് ചികിത്സ തേടി എത്തിയ യുവതിയെ പരിശോധിച്ചപ്പോള്‍ പ്രസവിച്ചതായി കണ്ടെത്തി, വീട്ടില്‍ ബക്കറ്റിനുള്ളില്‍ നവജാത ശിശുവിന്റെ മൃതദേഹം

കൈപ്പുഴ ശാസ്താങ്കല്‍ സ്വദേശിനിയായ 28-കാരി യുവതി അമിത രക്തസ്രാവത്തെതുടര്‍ന്നു ഗാന്ധിനഗര്‍ മെഡിക്കല്‍ കോളജിലെ ഗൈനക്കോളജി വിഭാഗത്തില്‍ ഇന്നലെ ഉച്ചയോടെയാണ് ചികിത്സയ്‌ക്കെത്തിയത്. പരിശോധനയില്‍ യുവതി പ്രസവിച്ചതായി കണ്ടെത്തി. ഇതേക്കുറിച്ച് ഡോക്ടര്‍ ചോദിച്ചപ്പോള്‍ പ്രസവിച്ചെന്നും കുട്ടി മരിച്ചെന്നുമാണ് യുവതി ആശുപത്രിയില്‍ അറിയിച്ചത്. അസ്വാഭാവിക സംഭവമായതിനാല്‍ ആശുപത്രി അധികൃതര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
യുവതിയുടെ മൊഴിയെടുത്ത ഗാന്ധിനഗര്‍ പോലീസ് കൈപ്പുഴയിലെ വീട് പരിശോധിച്ചപ്പോള്‍ അടുക്കളയില്‍ ഒരുബക്കറ്റിനുള്ളില്‍ ആണ്‍കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടര്‍ന്നു യുവതിക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മരണവിവരം മറച്ചുവച്ചതിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പോസ്റ്റുമോര്‍ട്ടം കിട്ടിയാല്‍ മാത്രമേ കുഞ്ഞിന്റെ മരണം കൊലപാതകമാണോ സ്വാഭാവിക മരണമാണോയെന്ന് സ്ഥിരീകരിക്കാനാവൂ.
ഓണത്തിനോട് അനുബന്ധിച്ചാണ് രണ്ടു മാസം മുമ്പ് ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായ യുവതി അവധിയ്ക്ക് കൈപ്പുഴയിലെ വീട്ടിലെത്തിയത്. ഇവരെ രണ്ടു വര്‍ഷം മുമ്പ് ഭര്‍ത്താവ് ഉപേക്ഷിച്ചതാണ്. വീട്ടിലെത്തിയെങ്കിലും ഇവര്‍ ഗര്‍ഭിണിയാണ് എന്ന വിവരം വീട്ടുകാരില്‍ നിന്നും അയല്‍വാസികളില്‍ നിന്നും മറച്ചു വച്ചിരുന്നതായി പോലീസ് പറയുന്നു. പ്രസവതീയതി അടുത്തതോടെ ഇവര്‍ ഇടയ്ക്ക് ഡല്‍ഹിയിലേക്കു പോകാന്‍ ശ്രമവും നടത്തിയിരുന്നു.
ഇന്നലെ അച്ഛനും അമ്മയും ജോലിക്കു പോയിരുന്ന സമയത്ത് ഉച്ചയോടെ യുവതി പ്രസവിക്കുകയായിരുന്നു. തുടര്‍ന്ന് അമിത രക്തസ്രാവമുണ്ടായതായി പറഞ്ഞ് അച്ഛനെ വീട്ടിലേക്കു വിളിച്ചു വരുത്തി. ഇതിനിടെ കുട്ടി മരിച്ചതായും, കുട്ടിയെ ബക്കറ്റിനുള്ളില്‍ ഒളിപ്പിച്ചതായുമാണ് യുവതി പോലീസിനു മൊഴി നല്‍കിയിരിക്കുന്നത്.
ഗാന്ധിനഗര്‍ സിഐ അനൂപ് ജോസ്, എസ്‌ഐ ടി.എസ്. റെനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.
https://www.facebook.com/Malayalivartha

























