അപൂര്‍വ രോഗം ബാധിച്ച കുഞ്ഞിന് ശസ്ത്രക്രിയയ്ക്ക് തുക അനുവദിച്ചു
തിരുവനന്തപുരം: ഗുരുതര രോഗമായ സൈലോതൊറാക്സ് (Chylothorax) ബാധിച്ച 36 ദിവസം പ്രായമായ പാലക്കാട് പുതുപരിയാരം സ്വദേശി സ്വനൂപിന്റെയും ഷംസിയുടെയും മകനായ മുഹമ്മദ് ഷിഹാബിന്റെ അടിയന്തര ശസ്ത്രക്രിയയ്ക്കായി 3.2 ലക്ഷം രൂപ സാമൂഹ്യ സുരക്ഷ മിഷന്റെ വി കെയര്‍ പദ്ധതിയിലൂടെ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ശസ്ത്രക്രിയ നടത്താനായി കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും കൊച്ചി അമൃത ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ കൊണ്ടുവന്നുകൊണ്ടിരിക്കുകയാണ്. എത്രയും വേഗം ശസ്ത്രക്രിയ നടത്താനുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
ശ്വാസകോശത്തില്‍ ഫ്ളൂയിഡ് നിറഞ്ഞ് ശ്വാസതടസമുണ്ടാകുന്ന ഗുരുതര രോഗാവസ്ഥയാണ് സൈലോതൊറാക്സ്. ഓരോ ദിവസം കഴിയുന്തോറും കുട്ടിയുടെ ആരോഗ്യനില വഷളായി കൊണ്ടിരിക്കുകയാണെന്നും ശോഷിച്ചു വരുന്ന ആ കുഞ്ഞിനെ എങ്ങനെയെങ്കിലും രക്ഷപെടുത്തണം എന്നും വാര്‍ത്തയുണ്ടായിരുന്നു. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുള്ള ഈ കുട്ടിയുടെ അവസ്ഥ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ആരോഗ്യ വകുപ്പ് മന്ത്രി പ്രശ്നത്തില്‍ ഇടപെടുന്നത്. എത്രയും വേഗം ഈ കുട്ടി ജീവിതത്തിലേക്ക് തിരിച്ച് വരട്ടേയെന്നും മന്ത്രി പ്രത്യാശിച്ചു.
https://www.facebook.com/Malayalivartha