ഷഹലക്കുണ്ടായ ദുരന്തത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്ന് രവീന്ദ്രനാഥ്... സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിനെ ചുമതലപ്പെടുത്തി

ക്ലാസ് മുറിയില്‍ പാമ്പു കടിയേറ്റു മരിച്ച ഷഹല ഷെറിന്റെ വീട് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് സന്ദര്‍ശിച്ചു. രാവിലെ മന്ത്രി വി.എസ്. സുനില്‍ കുമാറിനോടൊപ്പമാണ് രവീന്ദ്രനാഥ് ഷഹലയുടെ വീട്ടിലെത്തിയത്. ഷഹലയുടെ മാതാവുമായും കുടുംബാംഗങ്ങളുമായും മന്ത്രി സംസാരിച്ചു. ഷഹലക്കുണ്ടായ ദുരന്തത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്ന് രവീന്ദ്രനാഥ് പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെ മുഴുവന്‍ സ്‌കൂളുകളിലും ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാനുള്ള എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ട്.
വയനാട് ജില്ലയിലെ എല്ലാ സ്‌കൂളുകളിലും ആര്‍.ഡി.ഡിയുടെ നേതൃത്വത്തില്‍ പരിശോധനകള്‍ നടത്തും. ഏതെങ്കിലും സ്‌കൂളുകളില്‍ ശുചിമുറികളിലോ ക്ലാസ് മുറികളിലോ എന്തെങ്കിലും പാളിച്ചകളുണ്ടെങ്കില്‍ അതെല്ലാം പരിഹരിക്കാനാവശ്യമായ സമഗ്രമായ പാക്കേജ് തയാറാക്കുമെന്നും അതിന് സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.സര്‍വജന സ്‌കൂളിന് ഒരു കോടി രൂപ കിഫ്ബിയില്‍ അനുവദിച്ചിട്ടുണ്ട്. സുല്‍ത്താന്‍ ബത്തേരി നഗരസഭയുടെ നേതൃത്വത്തിലാണ് നല്‍കുന്നത്. ഇത് കൂടാതെ ഉടന്‍ തന്നെ വിദ്യാഭ്യാസ വകുപ്പ് സ്‌കൂളിന് രണ്ട് കോടി രൂപ കൂടി പ്രഖ്യാപിക്കുകയാണ്. നഗരസഭ ഉടന്‍ തന്നെ അതിന്റെ എസ്റ്റിമേറ്റ് എടുത്തു തന്നാല്‍ ഈ വര്‍ഷം തന്നെ ആ പണം അനുവദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























