കണ്ണൂരില്‍ നടന്ന ചരിത്ര കോണ്‍ഗ്രസിലേക്ക് ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസ് അധികൃതര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ക്ഷണിച്ചിരുന്നില്ല, സി.പി.എം സിന്‍ഡിക്കേറ്റ് ഭരിക്കുന്ന കണ്ണൂര്‍ യൂണിവേഴ്‌സിറ്റി അധികൃതര്‍ ചാന്‍സലറായ ഗവര്‍ണറെ ക്ഷണിച്ച്, വടികൊടുത്ത് അടി വാങ്ങുകയായിരുന്നെന്ന് ആക്ഷേപം

കണ്ണൂരില്‍ നടന്ന ചരിത്ര കോണ്‍ഗ്രസിലേക്ക് ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസ് അധികൃതര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ക്ഷണിച്ചിരുന്നില്ല. സി.പി.എം സിന്‍ഡിക്കേറ്റ് ഭരിക്കുന്ന കണ്ണൂര്‍ യൂണിവേഴ്‌സിറ്റി അധികൃതര്‍ ചാന്‍സലറായ ഗവര്‍ണറെ ക്ഷണിച്ച്, വടികൊടുത്ത് അടി വാങ്ങുകയായിരുന്നെന്ന് ആക്ഷേപം. ഗവര്‍ണര്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രീയക്കാരെ സര്‍വ്വകലാശാവ അധികൃതരാണ് ക്ഷണിച്ചതെന്ന് ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ് വ്യക്തമാക്കിയതോടെയാണ് സി.പി.എമ്മിലെ ഒരു വിഭാഗം സര്‍വ്വകലാശാല സിന്‍ഡിക്കേറ്റിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ഗവര്‍ണര്‍ക്ക് രാഷ്ട്രീയം കളിക്കാനും അതുവഴി കേരളത്തില്‍ ഗവര്‍ണര്‍ക്ക് പോലും സുരക്ഷയില്ലെന്ന് ബി.ജെ.പിക്ക് ദേശീയതലത്തില്‍ വരുത്തിത്തീര്‍ക്കാനായി. അതിന് അവസരം ഉണ്ടാക്കിക്കൊടുക്കരുതായിരുന്നു എന്നാണ് വിമര്‍ശനം.
ഗവര്‍ണര്‍ ദേശീയ പൗരത്വനിയമഭേദഗതിയെ കുറിച്ച് സംസാരിക്കുകയും മുസ്്‌ലിംകളെ തള്ളിപ്പറയുകയും ചെയ്തതോടെയാണ് പ്രതിഷേധം ഉണ്ടായതെന്ന് ഇര്‍ഫാന്‍ ഹബീബ് പറയുന്നു. പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് സംസാരിക്കാനല്ല ഗവര്‍ണറെ ചടങ്ങിലേക്ക് ക്ഷണിച്ചത്. അത് സംസാരിച്ച് സമയം പാഴാക്കാന്‍ ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസില്ല. ചരിത്രകോണ്‍ഗ്രസില്‍ ചര്‍ച്ച ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് സംസാരിച്ചില്ല. രാഷ്ട്രീയ വിശദീകരണ യോഗമല്ല അവിടെ നടന്നത്. ചരിത്ര കോണ്‍ഗ്രസിന് പ്രത്യേക ഭരണഘടനയുള്ളതിനാല്‍ ഗവര്‍ണര്‍ പറയുന്ന പ്രോട്ടോക്കോള്‍ അവിടെ പാലിക്കണമെന്നില്ല. മുമ്പ് രാഷ്്ട്രപതിയും ഉപരാഷ്ട്രപതിയും മറ്റ് ഉന്നത വ്യക്തിത്വങ്ങളും പ്രോട്ടോക്കോള്‍ മാറ്റിവെച്ചിട്ടാണ് ചരിത്ര കോണ്‍ഗ്രസില്‍ പങ്കെടുത്തിട്ടുള്ളതെന്നും ഇര്‍ഫാന്‍ ഹബീബ് ചൂണ്ടിക്കാട്ടി.
ചരിത്ര കോണ്‍ഗ്രസ് നടന്ന കണ്ണൂര്‍ യൂണിവേഴ്‌സിറ്റി പരിസരത്ത് സംസ്ഥാന സര്‍ക്കാര്‍ പൊലീസിനെ വിന്യസിച്ചതിനെതിരെ കോണ്‍ഗ്രസില്‍ പങ്കെടുത്ത മുതിര്‍ന്ന പ്രതിനിധികള്‍ രംഗത്തെത്തി. നാല് പ്രതിനിധികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതേക്കുറിച്ച് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണം. കേരളത്തില്‍ ഇടത് സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോള്‍ ഇത്തരം സംഭവങ്ങള്‍ നടക്കാന്‍ പാടില്ലായിരുന്നു. ഇക്കാര്യം ചരിത്ര കോണ്‍ഗ്രസിന് നേതൃത്വം നല്‍കുന്നവരെയും പ്രതിനിധികളെയും ആശങ്കയിലാഴ്ത്തിയെന്ന് ഇര്‍ഫാന്‍ ഹബീബ് പറഞ്ഞു. രാജ്യം മുഴുനും പ്രതിഷേധം നടക്കുമ്പോള്‍ സമാധാനമായൊരിടം കേരളമാണ്. അത് കൂടി കണക്കിലെടുത്താണ് പല പ്രതിനിധികളും കണ്ണൂരിലെത്തിയത്. എന്നാല്‍ സംഭവിച്ച കാര്യങ്ങള്‍ നേരെ വിപരീതമായിരുന്നു.
സി.പി.എം പൊളിറ്റ് ബ്യൂറോയുടെ ശ്രദ്ധയില്‍ ഇക്കാര്യം കൊണ്ടുവരാന്‍ പ്രമുഖ ചരിത്രകാരന്‍മാര്‍ ആലോചിക്കുന്നുണ്ട്. രാജ്യത്തിന്റെ ചരിത്രം തന്നെ മാറ്റിയെഴുതാന്‍ കേന്ദ്രസര്‍ക്കാരും സംഘപരിവാറും ശ്രമിക്കുമ്പോള്‍ അതിന് തടയിടേണ്ടത് ഇടത്പക്ഷവും അതിന് നേതൃത്വം നല്‍കുന്ന സി.പി.എമ്മുമാണ്. എന്നാല്‍ അവര്‍ ഭരിക്കുന്ന കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ് ഗവര്‍ണറെ ചരിത്ര കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് പരിപാടി രാഷ്ട്രീയ ആയുധമാക്കാന്‍ ശ്രമിച്ചു. സംസ്ഥാന പൊലീസ് അതിനെ പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ഇക്കാര്യം ഇടത് ചിന്തകരും ബുദ്ധിജീവികളും അടക്കം ചൂണ്ടിക്കാണിക്കുന്നു. സര്‍ക്കാരിനെതിരെ ഇവര്‍ രംഗത്തെത്തിയതും പ്രോട്ടോക്കോള്‍ ലംഘിച്ചെന്ന ഗവര്‍ണറുടെ ആരോപണവും ഇടത് പക്ഷത്തെയും സര്‍ക്കാരിനെയും പ്രതിരോധത്തിലാക്കി.
https://www.facebook.com/Malayalivartha
























