അച്ഛനും മകനും കളി തുടങ്ങി... മഹാരാഷ്ട്രയെ വിറപ്പിച്ച ബാല്‍ താക്കറെയുടെ മകനായ ഉദ്ദവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രി; അച്ഛന് പിറകേ മകന്‍ ആദിത്യ താക്കറെയും മന്ത്രിസഭിയില്‍; ഇരുപത്തൊമ്പതുകാരന്‍ മകന്‍ ആദിത്യ താക്കറെ മന്ത്രിയായതോടെ കുടുംബത്തില്‍ ആഘോഷം

ഏറെ പ്രത്യേകതകളുള്ള കുടുംബമാണ് ബാല്‍ താക്കറെയുടെ കുടുംബം. മഹാരാഷ്ട്രയെ വിറപ്പിച്ച കടുവയാണ് ബാല്‍ താക്കറെ. സാമൂഹ്യ പരിഷ്‌കര്‍ത്താവായിരുന്ന കേശവ് താക്കറെയുടെ മകനായി 1926ല്‍ ജനിച്ച ബാല്‍ താക്കറെ അക്ഷരാര്‍ത്ഥത്തില്‍ മഹാരാഷ്ട്രയുടെ നേതാവായി മാറുകയായിരുന്നു. മറാത്ത പ്രാദേശികവാദം ആളിക്കത്തിച്ചാണ് ശിവസേനയെ പടുത്തുയര്‍ത്തപ്പെട്ടത്. നാട്ടുകാരായ മറാത്തികളുടെ താത്പര്യം സംരക്ഷിക്കാന്‍ 1966 ജൂണ്‍ 19 നാണ് ശിവസേന എന്ന സംഘടനയ്ക്കു താക്കറെ രൂപം നല്‍കിയത്. ദസ്‌റ ആഘോഷത്തിനിടെ മധ്യമുംബൈയിലെ ശിവാജി പാര്‍ക്കില്‍ വമ്പന്‍ റാലിയെ അഭിസംബോധന ചെയ്തായിരുന്നു പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം.
മുംബൈ ആക്രമണത്തിന്റെ പേരില്‍ പാക് ക്രിക്കറ്റ് താരങ്ങളെ ഇന്ത്യയില്‍ പ്രവേശിപ്പിക്കില്ലെന്ന നിലപാട് സ്വീകരിച്ചത് ഏറെ വിവാദത്തിനിടയാക്കി. ബി.ജെ.പിയുമായി കൂട്ടുകൂടി 1995ല്‍ മഹാരാഷ്ട്രയില്‍ അധികാരത്തിലേറി. 1999 മുതല്‍ 2005 വരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും വോട്ടുചെയ്യുന്നതിനും തിരഞ്ഞെടുപ്പ് കമ്മീഷന്‍ താക്കറെയെ വിലക്കിയിരുന്നു. ഉദരരോഗവും ശ്വാസകോശ രോഗവും മൂലം 2012 നവംബര്‍ 17 ന് ബാല്‍ താക്കറെ അന്തരിച്ചു.
അച്ഛനായ ബാല്‍ താക്കറെ വെല്ലുന്നതായിരുന്നു മകന്‍ ഉദ്ദവ് താക്കറെ. മോദിയും അമിത്ഷായും കളിച്ച കളികള്‍ പോലും അതിജീവിച്ച് മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കി മുഖ്യമന്ത്രിയായി. ഇപ്പോള്‍ അച്ഛനെ വെല്ലുന്ന മകനായി ആദിത്യ താക്കറെ മന്ത്രിയായിരിക്കുകയാണ്.
അച്ഛന്‍ മുഖ്യമന്ത്രി. മകന്‍ മന്ത്രി. അങ്ങനെ താക്കറെ കുടുംബം മിനി കാബിനറ്റ് തന്നെയായി മാറി. സുപ്രധാന വകുപ്പുകളോടെ സര്‍ക്കാരിനെ നയിക്കുന്ന മുഖ്യമന്ത്രി ഉദ്ധവ് താക്കറയ്ക്ക് ഒപ്പം കാബിനറ്റില്‍ ഇനി ഇരുപത്തൊമ്പതുകാരന്‍ മകന്‍ ആദിത്യ താക്കറെയും.
കന്നിയങ്കത്തില്‍ തന്നെ ജയിച്ചുകയറിയ ആദിത്യ മുഖ്യമന്ത്രിയോ ഉപമുഖ്യമന്ത്രിയോ ആകുമെന്നായിരുന്നു ശിവസൈനികരുടെ പ്രതീക്ഷ. സഖ്യം തന്നെ തകര്‍ന്ന് പുതിയ ചേരിയും ഏകീകരണവും രൂപംകൊണ്ടപ്പോഴും ആദിത്യക്ക് മന്ത്രിക്കസേര വന്നുചേര്‍ന്നു.
മക്കള്‍ രാഷ്ട്രീയവും കുടുംബ രാഷ്ട്രീയവും താക്കറെ കുടുംബത്തില്‍ അവസാനിക്കുന്നില്ല. മുന്‍ മുഖ്യമന്ത്രിയും പി.സി.സി. പ്രസിഡന്റും ആയിരുന്നു അശോക് ചവാനും മന്ത്രിസഭയില്‍ ഇടംപിടിച്ചു. അശോക് ചവാന്റെ പിതാവ് ശങ്കര്‍ റാവു ചവാനും സംസ്ഥാന മുഖ്യമന്ത്രിയായിരുന്നു.
അന്തരിച്ച മുന്‍ മുഖ്യമന്ത്രി വിലാസ് റാവു ദേശ്മുഖിന്റെ മകന്‍ അമിത് ദേശ്മുഖും മന്ത്രിസഭയില്‍ ഇടം കണ്ടെത്തി. കാബിനറ്റ് റാങ്കാണ് അമിത്തിന് ലഭിച്ചത്. ലത്തൂര്‍ സിറ്റി സീറ്റില്‍നിന്ന് തുടര്‍ച്ചയായി മൂന്നാം തവണയാണ് അമിത് വിജയിച്ച് എം.എല്‍.എയായത്. സഹോദരന്‍ ധീരജ് ദേശ്മുഖും നിയമസഭാംഗമാണ്.
ഒരു മാസത്തിനിടെ രണ്ട് സര്‍ക്കാരുകളിലായി രണ്ടാമതും ഉപമുഖ്യമന്ത്രിയായി ചരിത്രം സൃഷ്ടിച്ച അജിത് പവാറിന്റെ രാഷ്ട്രീയവേരുകളും പടര്‍ന്ന് പന്തലിച്ചത് ശരദ് പവാര്‍ എന്ന മറാത്ത നേതാവിന്റെ തണലിലായിരുന്നു. പവാറിന്റെ സഹോദരന്റെ മകനായ അജിത് പവാര്‍ പാര്‍ട്ടിയുടെ ഫണ്ട് മാനേജറായിട്ടാണ് അറിയപ്പെടുന്നത്. ഫഡ്‌നാവിസിനൊപ്പം ഉപമുഖ്യമന്ത്രിയായി 80 മണിക്കൂര്‍ സമയം കൊണ്ട് 40,000 കോടിയുടെ ജലസേചന വകുപ്പിലെ അഴിമതിക്കേസില്‍ നിന്ന് തലയൂരിയാണ് പുതിയ സര്‍ക്കാരിന്റെ ഭാഗമായത്.
മഹാരാഷ്ട്ര ബി.ജെ.പിയുടെ തല മുതിര്‍ന്ന നേതാവായിരുന്ന അന്തരിച്ച ഗോപിനാഥ് മുണ്ടെയുടെ ബന്ധുവാണ് എന്‍.സി.പിയില്‍നിന്ന് മന്ത്രിസഭയിലെത്തിയ ധനഞ്ജയ മുണ്ടെ. ഫഡ്‌നാവിസ് സര്‍ക്കാരില്‍ മന്ത്രിയായിരുന്ന പങ്കജ മുണ്ടയെ ആണ് തിരഞ്ഞെടുപ്പില്‍ ധനഞ്ജയ പരാജയപ്പെടുത്തിയത്.
എന്തായാലും മുത്തച്ഛന്റെ ഓര്‍മ്മയില്‍ അച്ഛനും മകനും ഒന്നിച്ച് നാടുഭരിക്കാന്‍ പോകുകയാണ്.
"
https://www.facebook.com/Malayalivartha
























