പൗരത്വ ഭേദഗതി നിയമം രാജ്യത്തും പ്രവാസികള്‍ക്കിടയിലും ആശങ്ക സൃഷ്ടിക്കുന്നുവെന്ന് മുഖ്യമന്ത്രി...

പൗരത്വ ഭേദഗതി നിയമം രാജ്യത്തും പ്രവാസികള്‍ക്കിടയിലും ആശങ്ക സൃഷ്ടിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമം ഭരണഘടനാ വിരുദ്ധമാണെന്നും മതവിവേചനത്തിന് ഇടയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പൗരത്വ ഭേദഗതി നിയമം അടക്കം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന നിയമസഭയുടെ പ്രത്യേക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവാദ നിയമഭേദഗതി പിന്‍വലിക്കണമെന്ന പ്രമേയം മുഖ്യമന്ത്രി അവതരിപ്പിച്ചു. പൗരത്വ ഭേദഗതി നിയമം നമ്മുടെ നാടിനെ കുറിച്ച് രാജ്യാന്തര സമൂഹത്തില്‍ തെറ്റായ സന്ദേശമാണ് സൃഷ്ടിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നിലവിലെ ആശങ്ക പരിഹരിക്കേണ്ടതുണ്ട്. മതവിദ്വേഷത്തിന്റേയല്ല മറിച്ച് മതവിശ്വാസത്തെ ബഹുമാനിക്കുന്ന പാരമ്പര്യത്തെ ഉള്‍ക്കൊള്ളുന്നതാണ് പ്രമേയമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളുടെ സഹകരണത്തോടെ മുന്നോട്ടു പോകേണ്ടതാണ് സെന്‍സസ് പ്രവര്‍ത്തനങ്ങള്‍. കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെച്ച കാഴ്ചപ്പാടുകള്‍ പ്രകാരം സെന്‍സസ് നടപടികള്‍ നടത്തുന്നത് ആശങ്കക്ക് ഇടയാക്കും. അതിനാലാണ് ദേശീയ പൗരത്വ രജിസ്റ്ററും ദേശീയ ജനസംഖ്യ രജിസ്റ്ററും തയാറാക്കുന്നത് നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
പൗരത്വത്തില്‍ നിന്ന് പുറത്താക്കപ്പെടുന്നവരെ പാര്‍പ്പിക്കാനുളള തടങ്കല്‍പ്പാളയങ്ങള്‍ കേരളത്തില്‍ ഉണ്ടാവില്ല. തടങ്കല്‍പ്പാളയങ്ങള്‍ക്കുള്ള യാതൊരു നടപടിയും സര്‍ക്കാര്‍ സ്വീകരിക്കില്ല. പൗരത്വവുമായി ബന്ധപ്പെട്ട കേരളത്തിന്റെ പ്രമേയം ചരിത്രത്തില്‍ ഇടംനേടും. പൗരത്വ ഭേദഗതി നിയമം റദ്ദാക്കി രാജ്യത്തെ ജനത ഒന്നായി കാണുന്ന ഭരണഘടനാ കാഴ്ചപ്പാട് തയാറാകണമെന്നും മുഖ്യമന്ത്രി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
അതേസമയം, പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച വിജ്ഞാപനം ഇറക്കരുതെന്ന് കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെടണമെന്ന പ്രതിപക്ഷ ആവശ്യം സംസ്ഥാന സര്‍ക്കാര്‍ തള്ളി. പ്രതിപക്ഷ ആവശ്യം അംഗീകരിക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
"
https://www.facebook.com/Malayalivartha
























