കണ്ണൂര്‍ പെരളശ്ശേരി ഹൈസ്‌കൂളില്‍ പഠിക്കുന്ന കാലത്ത് മുഖ്യമന്ത്രി പിണറായി വിജയനെ സ്‌കൂളില്‍ നിന്ന് പുറത്താക്കി, തെറ്റിദ്ധാരണയുടെ പേരിലാണ് അധികൃതര്‍ അന്നങ്ങനെ ഒരു തീരുമാനം എടുത്തത്

കണ്ണൂര്‍ പെരളശ്ശേരി ഹൈസ്‌കൂളില്‍ പഠിക്കുന്ന കാലത്ത് മുഖ്യമന്ത്രി പിണറായി വിജയനെ സ്‌കൂളില്‍ നിന്ന് പുറത്താക്കി. തെറ്റിദ്ധാരണയുടെ പേരിലാണ് അധികൃതര്‍ അന്നങ്ങനെ ഒരു തീരുമാനം എടുത്തത്. പുറത്താക്കപ്പെട്ടതോടെ പഠനം മുടങ്ങുമെന്ന സ്ഥിയിലായി കുട്ടി പിണറായി വിജയന്‍. ആകെ വിഷമത്തിലുമായി. പഠനം നിന്നാല്‍ എല്ലാം നിന്നെന്ന് അര്‍ത്ഥം. ഒരു സാധാരണ കുടുംബത്തിലെ ചെത്ത് തൊഴിലാളിയുടെ മകനായി ജനിച്ച പിണറായിക്ക് മുന്നില്‍ പഠിപ്പ് അല്ലാതെ മറ്റ് മാര്‍ഗ്ഗങ്ങളില്ലായിരുന്നു. എന്ത് ചെയ്യണമെന്ന് അറിയാതെ ആലോചിച്ച് സൂളിന്റെ പരിസരത്തും മറ്റും കറങ്ങിനടന്നു. അപ്പോഴാണ് കണ്ണൂര്‍ ഡി.ഇ.ഒ ആയിരുന്ന ചിത്രന്‍ നമ്പൂതിരിപ്പാടിനെ ഓര്‍മവന്നത്. നേരെ അദ്ദേഹത്തിന്റെ ഓഫീസിലേക്ക് നടന്നു... കാര്യങ്ങള്‍ പറഞ്ഞു. എല്ലാം ശാന്തമായി കേട്ട ശേഷം നാളെ സ്‌കൂള്‍ പരിസരത്തുണ്ടാകണമെന്ന് പറഞ്ഞ് മടക്കി അയച്ചു.
ഡി.ഇ.ഒ ഓഫീസില്‍ നിന്ന് വീട്ടിലേക്ക് നടക്കുമ്പോള്‍ നാളെ എന്താകും സംഭവിക്കുക? അദ്ദേഹം പറഞ്ഞാല്‍ സ്‌കൂള്‍ മാനേജരും മറ്റ് അധികൃതരും കേള്‍ക്കുമോ? അതോ തന്നെ തിരിച്ചെടുക്കാതെ മടക്കി അയയ്ക്കുമോ? തുടങ്ങിയ ഒട്ടേറെ ചോദ്യങ്ങള്‍ വിദ്യാര്‍ത്ഥിയായിരുന്ന പിണറായി വിജയനെ അലട്ടിയിരുന്നു. അന്ന് രാത്രി ശരിക്ക് ഉറങ്ങാന്‍ പോലും കഴിഞ്ഞിരുന്നില്ല. അടുത്ത ദിവസം രാവിലെ ചിത്രന്‍ നമ്പൂതിരിപ്പാട് സ്‌കൂളിലേക്ക് വരുന്നത് കണ്ടപ്പോള്‍ പിണറായിക്ക് തെല്ല് ആശ്വാസമായി. ഹെഡ്മിസ്ട്രസിന്റെ മുറിയിലേക്ക് അദ്ദേഹം കയറിപ്പോയപ്പോള്‍ മുതല്‍ ആശങ്കയിലായിരുന്നു. ഡി.ഇ.ഒ പ്രധാന അധ്യാപികയോട് കാര്യങ്ങള്‍ തിരക്കിയ ശേഷം പിണറായിക്ക് തുടര്‍ന്ന് പഠിക്കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്തു കൊടുത്തു.
ഒരു ചെത്ത് തൊഴിലാളിയുടെ മകനായ പിണറായിയുടെ പഠനം മുടങ്ങാതിരിക്കാനും ബിരുദമെടുക്കാനും സംസ്ഥാനത്തെ മന്ത്രിയും മുഖ്യമന്ത്രിയാകാനും സഹായിച്ചത് ചിത്രന്‍ നമ്പൂതിരിപ്പാടിന്റെ വലിയ മനസ്സാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നും ഓര്‍മിക്കുന്നു. അടുത്തിടെ മൂക്കുതല പി.ചിത്രന്‍ നമ്പൂതിരിപ്പാട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പൂര്‍വ വദ്യാര്‍ഥികള്‍ സംഘടിപ്പിച്ച ചിത്രന്‍ നമ്പൂതിരിപ്പാടിന്റെ ജന്മശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യാന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ എത്തിയപ്പോഴാണ് അധികമാര്‍ക്കും അറിയാത്ത ഈ കഥ അദ്ദേഹം പറഞ്ഞത്. ജന്മശദാബ്തിയില്‍ പങ്കെടുക്കുന്ന കാര്യം സ്പീക്കര്‍ മുഖ്യമന്ത്രിയോട് പറഞ്ഞപ്പോള്‍ അദ്ദേഹം തന്നെയാണ് പഴയ സംഭവം ഓര്‍ത്തെടുത്തത്.
സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് കടത്ത് കടന്ന് വേണം പോകാന്‍. അന്ന് വിദ്യാര്‍ത്ഥികളില്‍ നിന്ന് കടത്തുകാരന്‍ പണം ഈടാക്കാന്‍ തുടങ്ങിയതോടെ പലരും പഠനം ഉപേക്ഷിക്കേണ്ടി വന്നു. അങ്ങനെ ഒരു ദിവസം പിണറായി വിജയന്‍ തന്നെ കടത്ത് വള്ളം തുഴഞ്ഞ് സഹപാഠികളെ എത്തിച്ചിരുന്നു. പിന്നീട് വിദ്യാര്‍ത്ഥികളില്‍ നിന്ന് പണം വാങ്ങുന്നതിനെതിരെ പിണറായിയുടെ നേതൃത്വത്തില്‍ സമരം നടത്തി. അത് വിജയമാവുകയും ചെയ്തു. അതായിരുന്നു പൊതുപ്രവര്‍ത്തകന്‍ എന്നനിലയില്‍ പിണറായി വിജയന്‍ നടത്തിയ ആദ്യ സമരം. പഠനത്തിനായി ഇത്തരം സമരങ്ങളും കഷ്ടപ്പാടുകളും സഹിച്ചാണ് അദ്ദേഹം കേരളത്തിന്റെ മുഖ്യമന്ത്രി കസേരയിലേക്ക് നടന്ന് കയറിയത്. ഡി.ഇ.ഒ ആയിരുന്ന ചിത്രന്‍ നമ്പൂതിരിപ്പാട് ഇടപെട്ടില്ലായിരുന്നെങ്കില്‍ പിണറായി വിജയന് അതിന് സാധിക്കുമായിരുന്നില്ല.
https://www.facebook.com/Malayalivartha
























