അപകടം നടന്നിട്ടും ആരും തിരിഞ്ഞു നോക്കാതിരുന്നു; കൊല്ലത്ത് അപകട സ്ഥലത്ത് ജോസ് കെ മാണിയുടെ രക്ഷാപ്രവര്‍ത്തനത്തെ പ്രശംസിച്ച് ഡി.വൈ.എഫ്.ഐ. നേതാവ്

അപകടം നടന്നിട്ടും കാണാതെ പോകുന്ന എല്ലാവര്‍ക്കും പാഠമാകുകയാണ് ജോസ് കെ. മാണി. തിങ്കളാഴ്ച രാത്രി കൊല്ലത്ത് മൈലം ജംഗ്ഷനിലുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റുകിടന്ന യുവാവിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ഇടപെട്ട ജോസ് കെ മാണിയെ പ്രശംസിച്ചും ഡി.വൈ.എഫ്.ഐ നേതാവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.
തിങ്കളാഴ്ച രാത്രി 10 മണിയോടെ മൈലം ജംഗ്ഷനില്‍ ഇന്നോവ ഇടിച്ചുതെറിപ്പിച്ച ബൈക്ക് യാത്രികനായ യുവാവ് ഒടുവില്‍ മരണത്തിനു കീഴടങ്ങുകയായിരുന്നു. അപകടം നടന്ന ഉടന്‍ സ്ഥലത്തെത്തിയത് തിരുവനന്തപുരത്ത് നിന്നും കോട്ടയത്തേക്ക് പോകുകയായിരുന്ന ജോസ് കെ മാണി എം പിയായിരുന്നു. അതിവേഗത്തില്‍ വന്ന മറ്റൊരു ഇന്നോവ ഇടിച്ചുതെറിപ്പിച്ച യുവാവാണ് അപകടത്തില്‍പ്പെട്ടത്.
അപകടം കണ്ട് വാഹനം നിര്‍ത്തിയ ജോസ് കെ മാണി ഇറങ്ങിവന്നു യുവാവിനെ ഉടന്‍ തന്റെ വണ്ടിയിലേക്ക് കയറ്റാന്‍ രക്ഷാപ്രവര്‍ത്തനത്തിന് ഓടിക്കൂടിയ യുവാക്കളോട് ആവശ്യപ്പെട്ടു.
അതിനിടെ തൊട്ടടുത്ത ആശുപത്രിയിലെ ആംബുലന്‍സ് സ്ഥലത്തെത്തി. എത്രയും പെട്ടെന്ന് അപകടത്തില്‍പ്പെട്ട യുവാവിനെ ആശുപത്രിയിലെത്തിച്ചു. അതിനോടകം തന്നെ യുവാവ് മരണത്തിന് കീഴടങ്ങി.
സംഭവ സ്ഥലത്തുണ്ടായിരുന്ന ഡി.വൈ.എഫ്.ഐ കൊട്ടാരക്കര ബ്ലോക്ക് ജോയിന്റ് സെക്രട്ടറിയും യുവജനക്ഷേമ ബോര്‍ഡ് മൈലം പഞ്ചായത്ത് കോര്‍ഡിനേറ്ററുമായ എസ് സുമേഷാണ് അപകട സ്ഥലത്തെ ജോസ് കെ മാണിയുടെ ഇടപെടലിനെ പ്രശംസിച്ചു ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്.
ഇതിനിടെ അപകട സ്ഥലത്ത് വാഹനം ബ്ലോക്കായപ്പോള്‍ തൊട്ടടുത്ത് രണ്ടു വാഹനങ്ങള്‍ക്ക് പുറകിലായി എല്ലാം കണ്ടിട്ടും തിരിഞ്ഞുനോക്കാതെ ഇന്നോവ കാറില്‍ കോളര്‍ ഒക്കെ വച്ച് ബൈ ഇലക്ഷനില്‍ വിജയിച്ച എംഎല്‍എ സുഖമായിട്ടിരിക്കുന്ന കാഴ്ച കണ്ടതും സുമേഷ് വിവരിക്കുന്നുണ്ട്. എം എല്‍ എയുടെ പേര് പറയുന്നില്ലെന്ന് മാത്രം. പക്ഷെ, സംഭവ സ്ഥലത്തുണ്ടായിരുന്നവര്‍ എം എല്‍ എയെ തിരിച്ചറിഞ്ഞു.
https://www.facebook.com/Malayalivartha
























