പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോയില്‍ നിന്ന് 7 പവന്‍ കവര്‍ന്നു

ശാസ്താംകോട്ട ഏഴാംമൈല്‍ സ്റ്റാന്‍ഡിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍ പോരുവഴി ഇടയ്ക്കാട് തെക്ക് രമണി വിലാസം (സൗപര്‍ണിക) അനില്‍കുമാറിന്റെ ഓട്ടോയിലുണ്ടായിരുന്ന ഇരുമ്പ് പെട്ടിയുടെ പൂട്ട് പൊളിച്ച് 7 പവന്റെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. കൊല്ലം വിക്ടോറിയ ആശുപത്രിയുടെ പാര്‍ക്കിംഗ് ഏരിയയില്‍ ഓട്ടോയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. 18-ന്് വൈകിട്ട് 6.30-നാണ് സംഭവം. ഭാര്യ സൗമ്യ പ്രസവത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
പാന്റ്‌സിന്റെ പോക്കറ്റില്‍ സുക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ ഓട്ടോയില്‍ വച്ചുപൂട്ടിക്കഴിഞ്ഞ് പിന്നീട് തിരിച്ചെത്തി നോക്കുമ്പോഴാണ് മോഷണവിവരം അറിയുന്നത്. പാര്‍ക്കിംഗ് ഏരിയയിലെ സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തന രഹിതമാണെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
പരാതി സ്വീകരിക്കാന്‍ അലംഭാവം കാണിച്ച പൊലീസിന്റെ അന്വേഷണവും പ്രഹസനമായി. ഓട്ടോറിക്ഷയ്ക്കു സമീപം സംശയാസ്പദമായി കണ്ട രണ്ടുപേരെപ്പറ്റിയും ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിനെ പറ്റിയുമുള്ള സൂചനകള്‍ സഹിതം ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും ഉദ്യോഗസ്ഥര്‍ ഗൗരവത്തിലെടുത്തില്ല.
അടുത്ത ദിവസം അന്വേഷിച്ചപ്പോള്‍ പരാതി കാണുന്നില്ലെന്നും പുതിയത് നല്‍കാനും ആവശ്യപ്പെട്ടു. പിന്നീട് സിഐയുടെ പക്കല്‍ നേരിട്ട് പരാതി നല്‍കി. ഒരു തവണ ഫോണില്‍ വിളിച്ചതല്ലാതെ യാതൊരു അന്വേഷണവും ഉണ്ടായില്ലെന്നാണ് പരാതി.
https://www.facebook.com/Malayalivartha























