2009-ലെ പാചക വാതക ടാങ്കര്‍ ലോറി അപകടം: വിനോദിന് ഇന്നും അത് പൊള്ളിക്കുന്ന ഒരോര്‍മ്മ!

ഹരിപ്പാട് അഗ്‌നിരക്ഷാ കേന്ദ്രത്തിലെ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഓഫിസര്‍ കുമാരപുരം കല്ലൂരേത്ത് തെക്കതില്‍ വി. വിനോദ് കുമാറിന്റെ മനസിലേക്ക് ഓരോ പുതുവര്‍ഷത്തലേന്നാളും സമ്മാനിക്കുന്നത് നടുക്കമാണ്. 2009 ഡിസംബര്‍ 31-ന് കരുനാഗപ്പള്ളിയിലുണ്ടായ പാചക വാതക ടാങ്കര്‍ ലോറി അപകടത്തില്‍ നിന്നും ഭാഗ്യംകൊണ്ട് രക്ഷപ്പെട്ടയാളാണ് വിനോദ് കുമാര്‍.
കരുനാഗപ്പള്ളിയില്‍ ഒരു കാറും പാചകവാതക ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിച്ചപ്പോള്‍, കായംകുളം അഗ്‌നിരക്ഷാ കേന്ദ്രത്തില്‍ നിന്നാണ് ദുരന്ത മുഖത്തേക്ക് വിനോദ് കുമാറും സഹപ്രവര്‍ത്തകരും പാഞ്ഞെത്തിയത്. കാറില്‍ കുടുങ്ങിക്കിടന്നിരുന്ന മൂന്നു പേരെ രക്ഷപ്പെടുത്തി ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് അയച്ചു. അതിന് 2010-ല്‍ ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ ബഹുമതിയും ലഭിച്ചു.
കാറില്‍ കുടുങ്ങിക്കിടന്നിരുന്നവരെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് അയച്ച ശേഷം വാചക വാതക ടാങ്കര്‍ വെള്ളം അടിച്ചു തണുപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ പൊട്ടിത്തെറിച്ചു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അധിക ദൂരം പോകുന്നതിനു മുമ്പു ദേഹത്തു തീപടര്‍ന്നു കഴിഞ്ഞിരുന്നു. ദേഹമാസകലം പൊള്ളലേറ്റ വിനോദ്കുമാറിനേയും സഹപ്രവര്‍ത്തകനായ സമീറിനേയും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. സമീര്‍ പിന്നീടു മരണത്തിനു കീഴടങ്ങി.
അന്ന് 70 ശതമാനത്തോളം പൊള്ളലേറ്റ വിനോദ് തിരിച്ചു ജീവിതത്തിലേക്കു വരുമെന്ന പ്രതീക്ഷയുണ്ടായിരുന്നില്ല. ഏറ്റവും മികച്ച ചികിത്സ സര്‍ക്കാര്‍ ലഭ്യമാക്കിയതും ഈശ്വരാനുഗ്രഹവുമാണ് ജീവിതത്തിലേക്കു തിരിച്ചെത്തിച്ചതെന്ന് വിനോദ് കുമാര്‍ പറഞ്ഞു. 100 ദിവസത്തോളം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തിലായിരുന്നു. പിന്നീട് ഒന്നര വര്‍ഷം തുടര്‍ ചികിത്സ നടത്തി. പൊള്ളലേറ്റ് രണ്ടു കൈകളിലെയും വിരലുകള്‍ ഒട്ടിപ്പോയി.പ്ലാസ്റ്റിക് സര്‍ജറി ചെയ്താണ് വേര്‍പ്പെടുത്തിയത്. ഹെല്‍മറ്റിന്റെ സ്ട്രാപ്പ് ഉരുകി ഒട്ടിപ്പിടിച്ചതു കാരണം ഇരുചെവികളും ഉരുകിപ്പോയി.
കായംകുളം അഗ്‌നിരക്ഷാ കേന്ദ്രത്തിലാണ് ചികിത്സയ്ക്കുശേഷം ജോലിയില്‍ പ്രവേശിച്ചത്. 2014-ല്‍ ഹരിപ്പാട് പുതിയ അഗ്‌നിരക്ഷാ കേന്ദ്രം ആരംഭിച്ചപ്പോള്‍ ഇവിടേക്കു മാറ്റി. അപകടം സമ്മാനിച്ച അസസ്ഥതകള്‍ ഇപ്പോഴുമുണ്ട്. വലിയ ചൂടും തണുപ്പും താങ്ങാന്‍ കഴിയില്ല. ഓഫീസ് ജോലികളാണു വിനോദ് കുമാര്‍ ചെയ്യുന്നത്.
https://www.facebook.com/Malayalivartha























