പ്രതിപക്ഷനേതാവ് മതേതരവാദിയും കരുത്തനായ കോണ്‍ഗ്രസ് നേതാവുമാണെങ്കിലും രാഷ്ട്രീയ ശത്രുക്കള്‍ അദ്ദേഹത്തിന് ആര്‍.എസ്.എസ് ചായ് വുണ്ടെന്നും മൃദുഹിന്ദുത്വ വാദിയാണെന്നും നിരവധി തവണ പറഞ്ഞ് പരത്തി അത് സത്യമാണെന്ന് ചിലരെങ്കിലും തെറ്റിദ്ധരിച്ചിട്ടുണ്ട്

പ്രതിപക്ഷനേതാവ് മതേതരവാദിയും കരുത്തനായ കോണ്‍ഗ്രസ് നേതാവുമാണെങ്കിലും രാഷ്ട്രീയ ശത്രുക്കള്‍ അദ്ദേഹത്തിന് ആര്‍.എസ്.എസ് ചായ് വുണ്ടെന്നും മൃദുഹിന്ദുത്വ വാദിയാണെന്നും നിരവധി തവണ പറഞ്ഞ് പരത്തി അത് സത്യമാണെന്ന് ചിലരെങ്കിലും തെറ്റിദ്ധരിച്ചിട്ടുണ്ട്. വര്‍ഷങ്ങളായി കോണ്‍ഗ്രസ് പാരമ്പര്യമുള്ള കുടുംബമാണ് അദ്ദേഹത്തിന്റേത്, സംഘപരിവാറുമായി യാതൊരു തരത്തിലുമുള്ള ബന്ധവുമില്ല. പലര്‍ക്കുമുള്ള ഈ തെറ്റിദ്ധാരണ മാറ്റാന്‍ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. എന്നാലും രാഷ്ട്രീയ ശത്രുക്കള്‍ വീണ്ടും പഴയ പ്രചരണവുമായി മുന്നോട്ട് പോകും. അത് മറികടക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ്, പൗരത്വഭേദഗതി നിയമത്തിനെതിരെ ശക്തമായ നിലപാട് എടുത്തതും മുഖ്യമന്ത്രി പിണറായി വിജയനെ വിളിച്ച് സംയുക്തസമരം നടത്താമെന്ന് പറഞ്ഞതും.
പ്രതിപക്ഷനേതാവിന്റെ നീക്കം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ സ്വാഗതം ചെയ്‌തെങ്കിലും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും കെ.മുരളീധരനും അടക്കം ചുരുക്കം ചിലര്‍ എതിര്‍ത്തു. അതിന് പിന്നില്‍ വ്യക്തമായ മറ്റ് രാഷ്ട്രീയ താല്‍പര്യങ്ങളാണെന്ന് കോണ്‍ഗ്രസുകാര്‍ തന്നെ പറയുന്നു. സി.പി.എമ്മുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനോ, തെരഞ്ഞെടുപ്പില്‍ മത്സരിക്കാനോ അല്ല ശ്രമിച്ചത്. രാജ്യത്തെ ന്യൂനപക്ഷങ്ങളും ആദിവാസികളും ഗോത്രവര്‍ഗ്ഗക്കാരും അടക്കം പ്രതിസന്ധിയിലാകുന്നത് ഒഴിവാക്കുന്നതിനാണ് സമരം നടത്തിയത്. കോണ്‍ഗ്രസ് എന്നും ഈ ജനവിഭാഗങ്ങള്‍ക്കൊപ്പം നിലനിന്നിട്ടുണ്ട്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇടമലക്കുടിയിലെ ആദിവാസികള്‍ക്കൊപ്പമാണ് പ്രതിപക്ഷനേതാവ് പുതുവത്സരം ആഘോഷിക്കുന്നത്. സംസ്ഥാനത്തെ ഭൂരിപക്ഷം ആദിവാസികള്‍ക്കും റേഷന്‍ കാര്‍ഡ് അടക്കമുള്ള മതിയായ രേഖകളില്ല. ആ യാഥാര്‍ത്ഥ്യം കൂടി മനസ്സിലാക്കിയാണ് സമരത്തിനിറങ്ങിയത്.
പ്രതിപക്ഷനേതാവിന്റെ നീക്കത്തെ പ്രധാനപ്പെട്ട മുസ്്‌ലിം സംഘടനയായ സമസ്തയും യു.ഡി.എഫിലെ പ്രധാന ഘടകകക്ഷിയായ മുസ്്‌ലിംലീഗും സ്വാഗതം ചെയ്തു. സമസ്ത മുഖപത്രമായ സുപ്രഭാതത്തിന്റെ എഡിറ്റോറിയലില്‍ ചെന്നിത്തലയെ അഭിനന്ദിച്ചു. ഇതൊന്നും കോണ്‍ഗ്രസിലെ ഒരു കൂട്ടം നേതാക്കള്‍ക്ക് പിടിച്ചില്ല. പ്രതിപക്ഷനേതാവ് മുസ്്‌ലിം സമുദായത്തിന്റെയും മുസ്്‌ലിംലീഗിന്റെയും പിന്തുണ ഉറപ്പിച്ച്, അടുത്ത തവണ മുഖ്യമന്ത്രി കസേരയില്‍ എത്തുമോ എന്ന് ചിലര്‍ ആശങ്കപ്പെടുന്നു. അവര്‍ ചെന്നിത്തലയുടെ നീക്കങ്ങള്‍ക്ക് തടയിടാന്‍ സി.പി.എമ്മിനെ കരുവാക്കി. കഴിഞ്ഞലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സി.പി.എം കോണ്‍ഗ്രസിനൊപ്പം നിന്ന് മത്സരിച്ചില്ലെന്ന ദുര്‍ബലമായ വാദമാണ് അതിനായി ഉയര്‍ത്തിയത്. അപ്പോഴും താന്‍ വ്യക്തിപരമായി പ്രതിപക്ഷനേതാവിനെ പിന്തുണയ്ക്കുന്നെന്ന് ഉമ്മന്‍ചാണ്ടി പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തതോടെ കാര്യങ്ങള്‍ കൈവിട്ട് പോകുമോ എന്ന ആശങ്ക പലര്‍ക്കും ഉണ്ടായി.
കേരളത്തിലെ ഭൂരിപക്ഷം വരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയോ, ഗ്രൂപ്പുകളുടെയോ, ജനപിന്തുണയോ ഇല്ലാത്ത ചിലര്‍ ഹൈക്കമാന്‍ഡിനെ സ്വാധീനിച്ച് കെ.പി.സി.സിയുടെ നേതൃത്വത്തിലെത്തി. ഗ്രൂപ്പുകളെ തര്‍ത്ത് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുകയാണ് തങ്ങളുടെ അജണ്ടയെന്നാണ് ഇക്കൂട്ടരുടെ വാദം. എന്നാല്‍ അവര്‍ തന്നെ ഗ്രൂപ്പ് കളിച്ചാണ് പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള സംയുക്തസമരം അട്ടിമറിച്ചത്. മുസ്്‌ലിംലീഗ് നേതൃത്വത്തിന് ഇക്കാര്യം മനസ്സിലായി. അതുകൊണ്ടാണ് സി.പി.എം നടത്തുന്ന സമരത്തിന് പിന്തുണ നല്‍കുമെന്ന് തുറന്നടിച്ചത്. ഡല്‍ഹിയില്‍ നിന്ന് കെട്ടിയിറക്കിയ നേതാക്കളില്‍ ഒരാള്‍ക്ക് മുഖ്യമന്ത്രി കസേരയില്‍ കണ്ണുണ്ട്, അതുകൊണ്ടാണ് പ്രതിപക്ഷനേതാവിന്റെ നീക്കത്തിന് തടയിട്ടത്. തടയിട്ടവര്‍ ഓര്‍ക്കുക നിങ്ങളെയെല്ലാം അട്ടിമറിച്ചുകൊണ്ട് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയാകാന്‍ സാധ്യതയുണ്ട്. കാരണം ഭൂരിപക്ഷം കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും അണികളും അദ്ദേഹത്തിനൊപ്പമാണ്.
https://www.facebook.com/Malayalivartha























