കൂടത്തായി കൊലപാതക പരമ്പരയിലെ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു. കേരള പൊലീസിന് ഏറെ വെല്ലുവിളി നിറഞ്ഞ കേസിൽ ജോളിക്കെതിരെ പഴുതടച്ചുള്ള കുറ്റപത്രമാണ് അന്വേഷണ സംഘം നൽകിയിട്ടുളളത്

കൂടത്തായി കൊലപാതക പരമ്പരയിലെ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു. ജോളിയുടെ ആദ്യ ഭർത്താവ് റോയ് തോമസിന്റെ വധക്കേസിൽ 8000 പേജുള്ള കുറ്റപത്രമാണ് താരശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്. ഭർത്താവ് റോയ് തോമസിനെ സയനൈഡ് നൽകി കൊലപ്പെടുത്തിയ കേസിൽ ജോളിയെ അറസ്റ്റ് ചെയ്ത് 90 ദിവസം പൂർത്തിയാകാൻ ഒരു ദിവസം അവശേഷിക്കുമ്പോഴാണ് പയ്യോളി ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഹരിദാസ് കുറ്റപത്രം സമർപ്പിക്കുന്നത്.
കൂടത്തായി കേസില്‍ നാല് പ്രതികളും 246 സാക്ഷികളുമാണ് ഉള്ളത്. മാപ്പ് സാക്ഷികള്‍ ഇല്ല. കേസില്‍ ജോളി ഒന്നാം പ്രതിയും, മാത്യു രണ്ടാം പ്രതിയും, പ്രജികുമാര്‍ മൂന്നാം പ്രതിയും, മനോജ് നാലാം പ്രതിയുമാണ്. കേസില്‍ മുഴുവന്‍ തെളിവുകളും ശേഖിരിച്ചിട്ടുണ്ടെന്നും പൂര്‍ണ്ണ സംതൃപ്തിയോടെയാണ് കുറ്റപത്രം സമര്‍പ്പിച്ചതെന്നും അന്വേഷണ സംഘം വ്യക്തമാക്കി
246 സാക്ഷികളും 22 തൊണ്ടിമുതലുകളും 322 രേഖകളും 10 വകുപ്പുകളുമാണ് ഈ കേസിൽ ഉള്ളത് . ജോളി പ്രതിയാണെന്നതിനും റോയിയുടേത് ആത്മഹത്യയല്ലെന്നുള്ളതിനും ധാരാളം തെളിവുകളുണ്ടെന്ന് റൂറൽ എസ്പി കെ.ജി.സൈമൺ പറഞ്ഞു. ജോളിക്കു വേണ്ടി വ്യാജരേഖ ചമച്ചതും വസ്തു ഇടപാട് രേഖകളിൽ ഒപ്പിട്ടതുമാണ് മനോജിനു മേലുള്ള കുറ്റം.
റോയി തോമസിന്റെ വധത്തിൽ ജോളിയുടെ ഭർത്താവ് ഷാജുവിന് യാതൊരു ബന്ധവുമില്ലെന്നും എസ്പി അറിയിച്ചു. റോയി തോമസിന്റ വധക്കേസിൽ ഡിഎൻഎ ടെസ്റ്റ് ആവശ്യമില്ല. സയനൈഡ് കണ്ടെത്തിയ രാസപരിശോധനാ ഫലം കുറ്റപത്രത്തിലുണ്ട്. കൊലപാതകം, ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ, വഞ്ചന, തെളിവു നശിപ്പിക്കൽ, യാതൊരു രേഖയുമില്ലാതെ വിഷം കയ്യിൽ വയ്ക്കുക തുടങ്ങിയ പത്തോളം വകുപ്പുകളാണു ചുമത്തിയിരിക്കുന്നത്. കേസിൽ മാപ്പുസാക്ഷികളില്ലെന്നും എസ്പി പറഞ്ഞു.
സയനൈഡ് ശരീരത്തിനുള്ളിൽ കടന്നതാണ് റോയി തോമസ് മരിച്ചതെന്ന് തെളിയിക്കുന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടാണ് കേസിലെ മുഖ്യ തെളിവ്. കൂടാതെ കൊലപാതക കാരണത്തിലേക്ക് നയിച്ച വ്യാജ ഒസ്യത്താണ് കേസിലെ മറ്റൊരു തെളിവ്. ഇരുനൂറിലധികം സാക്ഷികളുടെ മൊഴിയെടുത്ത ശേഷമാണ് അന്വേഷണ സംഘം കുറ്റപത്രം തയ്യാറാക്കിയത്. കേരള പൊലീസിന് ഏറെ വെല്ലുവിളി നിറഞ്ഞ കേസിൽ ജോളിക്കെതിരെ പഴുതടച്ചുള്ള കുറ്റപത്രമാണ് അന്വേഷണ സംഘം നൽകിയിട്ടുളളത്
2011 സെപ്തംബറിലാണ് ജോളി തന്‍റെ ആദ്യ ഭർത്താവ് റോയ് തോമസിനെ കൊലപ്പെടുത്തിയത്..17 വർഷങ്ങൾക്കിടെ 6 കൊലപാതകങ്ങളാണ് പ്രതി ജോളി നടത്തിയത്. കേരളത്തെ ഞെട്ടിച്ച കൊലപാതക പരമ്പരയായിരുന്നു ഇത്. കുടുംബത്തിലുണ്ടായ ദുരൂഹമരണങ്ങളെക്കുറിച്ച് കൂടത്തായി പൊന്നാമറ്റം ടോം തോമസിന്‍റേയും അന്നമ്മയുടേയും ഇളയ മകന്‍ റോജോയ്ക്ക് തോന്നിയ ചില സംശയങ്ങളാണ് സംസ്ഥാനത്തെയാകെ ഞെട്ടിച്ച കൊലപാതക പരമ്പരയിലേക്ക് വഴി തുറന്നത്
2002 ആഗസ്റ്റ് 22 നായിരുന്നു ആദ്യ കൊലപാതകം. ഭര്‍തൃമാതാവായിരുന്ന അന്നമ്മയെയാണ് ആദ്യം കൊലപ്പെടുത്തിയത്. 6 വർഷത്തിന് ശേഷം അന്നമ്മയുടെ ഭർത്താവ് ടോം തോമസും കൊല്ലപ്പെട്ടു. 2014 ഫെബ്രുവരിയിലായിരുന്നു നാലം കൊലപാതകം. പിന്നാലെ രണ്ടാം ഭർത്താവ് ഷാജുവിന്റെ മകള്‍ ഒന്നരവയസുകാരി ആൽഫൈന് ബ്രഡിൽ സയനൈഡ് തേച്ച് നൽകി കൊലപ്പെടുത്തി. ഷാജുവിന്റെ ഭാര്യ സിലിയെ ഫ്രൈഡ് റൈസിൽ സയനൈഡ് കലർത്തി കൊലപ്പെടുത്തിയതാണ് ആറാം കൊലപാതകം.
https://www.facebook.com/Malayalivartha























