കേട്ടതൊന്നും ഒന്നുമല്ല... കൂടത്തായി കേസിലെ കുറ്റപത്രം സമര്‍പ്പിച്ചപ്പോള്‍ പുറത്ത് വരുന്നത് ജോളിയുടെ അമ്പരപ്പിക്കുന്ന കഥകള്‍; ആറു കൊലപാതകങ്ങളും ചെയ്തത് താനാണെന്നു ജോളി മൂത്ത മകന്‍ ഉള്‍പ്പെടെ ആറു പേരോട് കുറ്റസമ്മതം നടത്തിയതായി കുറ്റപത്രം; ജോളിയെ കുടുക്കിയത് ആ ചോദ്യങ്ങള്‍

മലയാളികളെ തികച്ചും അമ്പരപ്പിക്കുന്ന ഒന്നായിരുന്നു കൂടത്തായി കൊലപാതക പരമ്പര. ഒരു കുടുംബത്തിന്റെ കണ്ണികളെ ഒന്നൊന്നായി തകര്‍ത്തെറിയുമ്പോഴും പിടിയിലാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. പലതവണ പോലീസ് ചോദ്യം ചെയ്തിട്ടും ജോളി അണുകിട മാറിയില്ല. ഇപ്പോള്‍ കുറ്റപത്രം സമര്‍പ്പിച്ചപ്പോള്‍ ഞെട്ടലുളവാക്കുന്ന കാര്യങ്ങളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. പരമ്പരയിലെ ആറു കൊലപാതകങ്ങളും ചെയ്തതു താനാണെന്നു ജോളി മൂത്ത മകന്‍ ഉള്‍പ്പെടെ ആറു പേരോടു കുറ്റസമ്മതം നടത്തിയതായി കുറ്റപത്രം പറയുന്നത്. മൂത്ത മകന്‍ റോമോ, ജോളിയുടെ സഹോദരങ്ങള്‍, ഭര്‍ത്താവ് ഷാജു, സുഹൃത്ത് ജോണ്‍സണ്‍ എന്നിവരോടാണ് കുറ്റസമ്മതം നടത്തിയത്. ഇവരുടെ രഹസ്യമൊഴി മജിസ്‌ട്രേട്ടിനു മുന്നില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
നിയമസഹായത്തിനായി സമീപിച്ച കോഴിക്കോടുള്ള അഭിഭാഷകനോടും കുറ്റം സമ്മതിച്ചു. അഭിഭാഷകനെ കാണാനായി ജോളിക്കൊപ്പം പോയ റോയിയുടെ ബന്ധുക്കള്‍ ഇതു കേട്ടിരുന്നു. ഇവരുടെയും രഹസ്യമൊഴി രേഖപ്പെടുത്തി. അഭിഭാഷകനെ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒരു വൈദികന്‍ ഉള്‍പ്പെടെ പത്തോളം പേരുടെ രഹസ്യമൊഴിയാണ് മജിസ്‌ട്രേട്ടിനു മുന്നില്‍ രേഖപ്പെടുത്തിയത്. പൊലീസിനോടും കോടതിയോടും അല്ലാതെ പ്രതി നടത്തുന്ന കുറ്റസമ്മതം (എക്‌സ്ട്രാ ജുഡീഷ്യല്‍ കണ്‍ഫഷന്‍) കോടതി തെളിവായി സ്വീകരിക്കാറുണ്ട്.
കൂടത്തായി റോയ് തോമസ് വധക്കേസിന്റെ സാക്ഷിപ്പട്ടികയില്‍ ഒന്നാം പ്രതി ജോളി ജോസഫിന്റെ മാതാപിതാക്കളും സഹോദരങ്ങളും ഭര്‍ത്താവ് ഷാജു സഖറിയാസും. ജോളിയുടെ സുഹൃത്തും ബിഎസ്എന്‍എല്‍ ജീവനക്കാരനുമായി ജോണ്‍സണ്‍, റവന്യു ഉദ്യോഗസ്ഥ ജയശ്രീ വാരിയര്‍ എന്നിവരും സാക്ഷികളാണ്. റോയ് തോമസിന്റെ സഹോദരങ്ങളും പരാതിക്കാരുമായ രഞ്ജി തോമസും റോജോ തോമസുമാണ് ഒന്നും രണ്ടും സാക്ഷികള്‍. റോയി-ജോളി ദമ്പതികളുടെ മക്കളായ റോമോ, റൊണാള്‍ഡ് എന്നിവരും സാക്ഷിപ്പട്ടികയിലുണ്ട്. 246 സാക്ഷികളാണ് കേസിലുള്ളത്.
റോയ് തോമസ് വീട്ടിലെത്തി ഭക്ഷണം കഴിക്കുന്നതിനു മുന്‍പേ ശുചിമുറിയില്‍ കയറി കുഴഞ്ഞു വീണു മരിക്കുകയായിരുന്നുവെന്നായിരുന്നു ജോളി മരണദിവസം എല്ലാവരോടും പറഞ്ഞിരുന്നത്. എന്നാല്‍ ഒരു ബന്ധുവിനോടു മാത്രം റോയി ചോറും കടലക്കറിയും കഴിച്ചിരുന്നതായി പറഞ്ഞു. ഈ വൈരുധ്യമാണു പൊലീസില്‍ സംശയം ജനിപ്പിച്ചത്. മരണത്തിനു തൊട്ടുമുന്‍പ് റോയ് കടലക്കറി കഴിച്ചതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുമുണ്ടായിരുന്നു. ഈ ബന്ധുവും സാക്ഷിപ്പട്ടികയിലുണ്ട്.
റോയ് തോമസിനെ കൊലപ്പെടുത്തുന്ന ദിവസം രാത്രി മക്കളെ രണ്ടുപേരെയും നേരത്തേ ഭക്ഷണം നല്‍കി വീടിന്റെ മുകളിലത്തെ നിലയിലെ റൂമിലേക്ക് വിട്ടതായി ഇവര്‍ മൊഴി നല്‍കിയിരുന്നു. റോയ് തോമസിനായി തയാറാക്കിയ സയനൈഡ് കലര്‍ത്തിയ ഭക്ഷണം മക്കള്‍ കഴിക്കാതിരിക്കാനുള്ള മുന്‍കരുതലായിരുന്നു ഇത്. ചോറും കടലക്കറിയുമാണ് റോയിക്കായി തയാറാക്കിയത്. റോയ് വീട്ടിലെത്തിയാല്‍ ഒരു ഗ്ലാസ് വെള്ളം കുടിക്കുന്ന പതിവുണ്ട്. ഭക്ഷണം കഴിച്ചില്ലെങ്കിലും മരണം ഉറപ്പാക്കാനായാണു വെള്ളത്തിലും സയനൈഡ് കലര്‍ത്തിയതെന്നും കുറ്റപത്രത്തില്‍ പറയുന്നു.
അതേസമയം ആഭിചാരക്രിയയ്ക്ക് വരെ തന്നെ പ്രേരിപ്പിച്ച റോയിയെ ജീവിതത്തില്‍ നിന്ന് ജോളി ഒഴിവാക്കിയത് അതിവിദഗ്ധ പ്ലാനിങ്ങിലൂടെയെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. സ്ഥിരം മദ്യപാനിയും ജോലിക്ക് പോവാതെ ജോളിയുമായി വഴക്കിടുകയും ചെയ്യുന്ന ആളായിരുന്നു റോയി. അതിനാല്‍ തന്നെ വളരെ പെട്ടെന്ന് തന്നെ ജോളിക്ക് റോയി ഭാരമായി തുടങ്ങിയിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.
താനും ഭാര്യയും പിണക്കത്തിലാണെന്ന് റോയി പലരെയും അറിയിച്ചിരുന്നു. ഇത് ആഭിചാരക്രിയയിലൂടെ മാറ്റണമെന്ന് ആവശ്യപ്പെട്ട് പലരെയും ബന്ധപ്പെടുകയും ചെയ്തിരുന്നു. പക്ഷെ അവര്‍ തന്നെ റോയിയെ ഇതില്‍ നിന്നും പിന്‍തിരിപ്പിച്ചു. ഇതോടെ റോയി മറ്റു ചില ജോത്സ്യന്മാരെ സമീപിച്ചു. ഇതറിഞ്ഞ ജോളി എത്രയും പെട്ടെന്ന് റോയിയെ ഒഴിവാക്കാന്‍ തീരുമാനിക്കുകയായിരുന്നു.
"
https://www.facebook.com/Malayalivartha
























