പെറ്റി കേസുകളില്‍പ്പെട്ട് കോടതിയില്‍ എത്തുന്നവരെ വലവീശി ഒരു വിഭാഗം അഭിഭാഷകര്‍ പണം തട്ടുന്നതായി ആക്ഷേപം

കേസുകള്‍ കോടതിയില്‍ എത്തുമ്പോള്‍ ലഭിക്കാനിടയുള്ള പിഴത്തുകയേക്കാള്‍ 500 രൂപ അധികം അഭിഭാഷകര്‍ക്ക് കൊടുത്താല്‍ മറ്റൊന്നും നിങ്ങള്‍ അറിയണ്ട എന്നുപറഞ്ഞ് ചില അഭിഭാഷകര്‍ പണം വാങ്ങുന്നതായി കോഴിക്കോട് പൂത്തൂര്‍മഠം സ്വദേശി ആക്ഷേപം ഉന്നയിച്ചു. ഇതേക്കുറിച്ച് ഹൈക്കോടതിക്കടക്കം പരാതി അയക്കാനാണ് ഇദ്ദേഹത്തിന്റെ തീരുമാനം.
കോടതിക്കുള്ളില്‍ നിങ്ങള്‍ കൂട്ടില്‍ കയറേണ്ടിവരും, പിന്നെ പിഴയും ഈടാക്കും എന്നിങ്ങനെയൊക്കെ പറഞ്ഞാണ് അഭിഭാഷകര്‍ ഭീതി വിതയ്ക്കുന്നതത്രേ. കഴിഞ്ഞദിവസം മദ്യപിച്ച് വാഹനമോടിച്ചതുമായി ബന്ധപ്പെട്ട് കോടതിയില്‍ പിഴ അടയ്ക്കാന്‍ വന്നയാളോട് 11,000 രൂപയാണ് അഭിഭാഷകന്‍ ആവശ്യപ്പെട്ടത്. 10,500 രൂപയായിരുന്നു പിഴത്തുക.
പിഴത്തുക വര്‍ധിപ്പിക്കുകയും മേട്ടോര്‍ വാഹനവകുപ്പ് നിയമലംഘനങ്ങള്‍ക്കെതിരേ നടപടി കര്‍ശനമാക്കുകയും ചെയ്തതോടെ ഇത്തരം 'കാന്‍വാസ് അഭിഭാഷകര്‍ക്ക്' കോളടിച്ചിരിക്കയാണ്.
സമന്‍സുമായി കോടതിയില്‍ എത്തുന്നവരെ, രാവിലെ മുതല്‍ തന്നെ കാത്തിരിക്കുന്ന അഭിഭാഷകരുണ്ടത്രേ. ഇന്ന് ഇനി ജോലിക്ക് പോകാന്‍ കഴിയില്ല, കോടതിയില്‍ കയറിയാല്‍ സമയം വൈകും തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ചില ജൂനിയര്‍ അഭിഭാഷകര്‍ കേസ് പിടിക്കുന്നത്.
ട്രാഫിക് നിയമ ലംഘനം, പൊതു സ്ഥലത്ത് മദ്യപാനം, മദ്യപിച്ച് പൊതു സ്ഥലത്ത് ബഹളമുണ്ടാക്കുക തുടങ്ങിയ കേസുകളില്‍പെടുന്നവരാണ് തട്ടിപ്പിനിരയാകുന്നത്. പലരും ആദ്യമായി കോടതിയില്‍ എത്തുന്നവരുമായിരിക്കും.
പെറ്റികേസ് പ്രതികള്‍ക്ക് വിചാരണ തീയതിക്ക് മാസങ്ങള്‍ക്കു മുമ്പുതന്നെ കോടതി സമന്‍സ് അയയ്ക്കും. എന്നാല്‍ ചില പൊലീസുകാര്‍ വിചാരണ ദിവസവും തലേന്നും മാത്രം സമന്‍സ് വീടുകളിലെത്തിക്കുന്ന പതിവുമുണ്ട്.
കോടതി സമന്‍സുകള്‍ വൈകിപ്പിച്ച് വാറണ്ട് ഉത്തരവാക്കിയശേഷം ഭീഷണിപ്പെടുത്തി കക്ഷികളില്‍നിന്ന് വന്‍ തുക വാങ്ങുന്നെന്ന ആക്ഷേപവുമുണ്ട്. പെറ്റികേസുകളുടെ എണ്ണം കൂടിയതോടെയാണ് ഇത്തരം തട്ടിപ്പുകളും ഏറിവരുന്നതെന്ന് ഇരയായവര്‍ പറയുന്നു.
https://www.facebook.com/Malayalivartha



























