ഇത്രയും നേര്‍ച്ചപ്പണവും സംഭാവനകളും ലഭിക്കുന്ന അയ്യപ്പസ്വാമിക്ക് 16 ആഭരണങ്ങളേയുള്ളോയെന്ന് സുപ്രീംകോടതി... തിരുവാഭരണത്തിന്റെ സുരക്ഷിതത്വം സംബന്ധിച്ച വിഷയം പരിശോധിക്കവേയാണ് കോടതിയുടെ സംശയം

തിരുവാഭരണത്തിന്റെ സുരക്ഷിതത്വം സംബന്ധിച്ച വിഷയം പരിശോധിക്കവേ ഇത്രയും നേര്‍ച്ചപ്പണവും സംഭാവനകളും ലഭിക്കുന്ന അയ്യപ്പസ്വാമിക്ക് 16 ആഭരണങ്ങളേയുള്ളോയെന്ന് സുപ്രീംകോടതി. തിരുവാഭരണത്തിന്റെ സുരക്ഷിതത്വം സംബന്ധിച്ച വിഷയം പരിശോധിക്കവേയാണ് ജസ്റ്റിസ് എന്‍.വി. രമണ അദ്ഭുതം പ്രകടിപ്പിച്ചത്. തിരുവാഭരണത്തില്‍ എന്തെല്ലാമുണ്ടെന്ന് ചോദിച്ചപ്പോള്‍ 16 ഇനങ്ങളാണെന്നുപറഞ്ഞ് സംസ്ഥാന സര്‍ക്കാരിനുവേണ്ടി അറ്റോര്‍ണി ജനറല്‍ അവയുടെ പേരുകള്‍ വായിക്കുമ്പോഴായിരുന്നു കോടതിയുടെ സംശയം.
എന്നാല്‍, അയ്യപ്പന്റെ ആഭരണം ഇതുമാത്രമല്ലെന്നും ഇത് വര്‍ഷത്തിലൊരിക്കല്‍ മാത്രം അണിയിക്കാന്‍ അച്ഛനെന്ന നിലയില്‍ പന്തളം രാജാവ് കൊടുത്തയക്കുന്നതാണെന്നും മുതിര്‍ന്ന അഭിഭാഷകന്‍ കെ. രാധാകൃഷ്ണന്‍ അറിയിച്ചു. ശബരിമലയിലെ തിരുവാഭരണവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ ഹര്‍ജിക്കാരന്റെ ഒപ്പിനെച്ചൊല്ലി തര്‍ക്കമുയര്‍ന്നതിനെ തുടര്‍ന്ന് ഹര്‍ജിക്കാരനായ രേവതിനാള്‍ പി. രാമവര്‍മ രാജയുടെ ഒപ്പും സത്യവാങ്മൂലവും പരിശോധിച്ച് ഉറപ്പുവരുത്താന്‍ പത്തനംതിട്ട ജില്ലാ ജഡ്ജിയെ സുപ്രീംകോടതി ചുമതലപ്പെടുത്തി. വക്കാലത്തും സത്യവാങ്മൂലവുമായി ബന്ധപ്പെട്ട് അഭിഭാഷകര്‍ തമ്മില്‍ തര്‍ക്കമുണ്ടായപ്പോഴാണ് ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ചിന്റെ നടപടി. ഇപ്പോള്‍ 100 വയസുള്ള രാമവര്‍മ രാജ ആശുപത്രിയിലാണെങ്കിലും ഫോണില്‍ സംസാരിക്കാവുന്ന സ്ഥിതിയാണെന്നും ആവശ്യമെങ്കില്‍ അദ്ദേഹത്തെ സുപ്രീംകോടതിയിലെത്തിക്കാമെന്നും അഭിഭാഷകന്‍ സായി ദീപക് അറിയിച്ചു.
ശബരിമലയില്‍ നടത്തിയ ദേവപ്രശ്നം ചോദ്യം ചെയ്ത് രാമവര്‍മരാജ 2007-ല്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രീംകോടതി പരിശോധിക്കുന്നത്. ഈ ഹര്‍ജിയില്‍ വാദം കേള്‍ക്കവേയാണ് തിരുവാഭരണത്തിന്റെ സുരക്ഷിതത്വം സംബന്ധിച്ചപ്രശ്‌നം കോടതിക്കു മുന്നിലെത്തിയത്.
https://www.facebook.com/Malayalivartha



























