പിഞ്ചു മക്കളെ കുളത്തിലെറിഞ്ഞു കൊലപ്പെടുത്തിയ മാതാവിനു ജീവപര്യന്തം; കാമുകനുമായി ഒരുമിച്ച് ജീവിക്കാന്‍ കുട്ടികള്‍ തടസം!

മഞ്ചേരിയില്‍ പിഞ്ചു മക്കളെ കൊലപ്പെടുത്തിയ മാതാവിനെ മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) ജീവപര്യന്തം തടവിനും അരലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. കുളത്തിലെറിഞ്ഞാണ് ഒന്‍പതും ഏഴും വയസ്സുണ്ടായിരുന്ന കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയത്.
പിഴയടച്ചില്ലെങ്കില്‍ ആറുമാസത്തെ അധിക കഠിന തടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു.
കല്‍പ്പകഞ്ചേരി പുത്തനത്താണി ചേറൂരാല്‍പറമ്പ് പന്തല്‍പറമ്പില്‍ റഫീഖിന്റെ ഭാര്യയും മൊയ്തുട്ടിയുടെ മകളുമായ ആയിഷ(43)യെയാണ് ജഡ്ജി എ.വി നാരായണന്‍ ശിക്ഷിച്ചത്. കേസിലെ രണ്ടാം പ്രതിയും ആയിഷയുടെ കാമുകനുമായ ഓട്ടോ ഡ്രൈവര്‍ ബാവപ്പടി പുന്നത്തല കക്കാട് ഷാഫി (35)യെ കുറ്റക്കാരനല്ലെന്നു കണ്ടു കോടതി ഇക്കഴിഞ്ഞ ദിവസം വെറുതെ വിട്ടിരുന്നു.
കേസിനാസ്പദമായ സംഭവം നടന്നത് 2013 ഡിസംബര്‍ 18-നായിരുന്നു. ആയിഷയുടെ ഭര്‍ത്താവ് റഫീഖ് വിദേശത്തായിരുന്നു. ഈ സമയം മൊബൈല്‍ ഫോണിലൂടെ ഷാഫിയുമായി ആയിഷ ബന്ധം സ്ഥാപിക്കുകയും ഇതു പ്രണയത്തിനു വഴിമാറുകയുമായിരുന്നു. ഇരുവര്‍ക്കും ഒരുമിച്ച് ജീവിക്കുന്നതിനു കുട്ടികള്‍ തടസമാണെന്നു തോന്നിയതാണ് കൊലപാതകത്തിനു കാരണം.
സംഭവ ദിവസം രാവിലെ 6.30-നും ഏഴിനും ഇടയില്‍ മക്കളായ മുഹമ്മദ് ഷിബിന്‍ (ഒമ്പത്), ഫാത്തിമ റഫീദ (ഏഴ്) എന്നിവരെ മദ്രസയിലേക്കു കൊണ്ടു പോവുകയായിരുന്നു ആയിഷ. പോകുന്ന വഴിയിലുള്ള ആഴമേറിയ കുളത്തിലേക്കു കുട്ടികളെ തള്ളിയിട്ട ശേഷം ആയിഷ കാമുകനെ സമീപിച്ചു. എന്നാല്‍ കൊലപാതക വിവരം കേട്ട കാമുകന്‍ ഭയന്നു പിന്‍മാറിയതോടെ വീട്ടില്‍ തിരിച്ചെത്തിയ ആയിഷ കൈയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും മരണപ്പെട്ടില്ല.
പ്രോസിക്യൂഷനു വേണ്ടി ഹാജരായ അഡീഷണല്‍ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ സി.വാസു 25 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു. 18 രേഖകളും ഹാജരാക്കി.
https://www.facebook.com/Malayalivartha



























