മലയാളികളേ സൂക്ഷിച്ചോ... ഗള്‍ഫില്‍ അല്‍പം പച്ചപിടിക്കുമ്പോള്‍ വലിയ സ്വപ്നങ്ങള്‍ കൊയ്യാനായി വായ്പയെടുത്തും ക്രെഡിറ്റ് കാര്‍ഡ് വഴിയും വന്‍തുക കൈപ്പറ്റി മുങ്ങിയ മലയാളികളുള്‍പ്പെടെയുള്ളവരെ തേടി യു.എ.ഇ.യിലെ പ്രമുഖ ബാങ്കുകള്‍; തട്ടിയത് 50,000 കോടി രൂപ

ഗള്‍ഫ് എന്നും മലയാളികള്‍ക്ക് സ്വപ്നഭൂമിയാണ്. ഗള്‍ഫില്‍ അല്‍പം പച്ചപിടിച്ചാല്‍ ലോണ്‍ വഴിയും ക്രെഡിറ്റ് കാര്‍ഡ് വഴിയും എത്ര വേണമോ പണവും സാധനങ്ങളും ലഭിക്കും. അതുപയോഗിച്ച് ഗള്‍ഫിലും നാട്ടിലും ബിസിനസ് തുടങ്ങാനും സൗധങ്ങള്‍ പണിയാനും ആഢംബര കാറുകള്‍ വാങ്ങാനും ശ്രമിക്കും. മിക്കവരും അത് അടച്ച് തീര്‍ക്കാറാണ് പതിവ്. ഗള്‍ഫല്ലേ എപ്പോള്‍ വേണമോ വരുമാനം നിലയ്ക്കാം. അതോടെ ലോണും ക്രഡിറ്റ് കാര്‍ഡുമെല്ലാം സ്വാഹ. പിന്നിയുണ്ടാകുന്നത് വലിയ പലിശയും. നടപടിയോര്‍ത്ത് മിക്കവരും ഇത്തരം ലോണുകള്‍ അടച്ച് തീര്‍ക്കാറാണ് പതിവ്. എന്നാല്‍ ഏവരേയും ഞെട്ടിപ്പിച്ച് അടയ്ക്കാത്തവരുടെ വലിയ കണക്കാണ് യു.എ.ഇ.യിലെ പ്രമുഖ ബാങ്കുകള്‍ പുറത്ത് വിട്ടിരിക്കുന്നത്.
വായ്പയെടുത്തും ക്രെഡിറ്റ് കാര്‍ഡ് വഴിയും വന്‍തുക വെട്ടിച്ചുകടന്ന ഇന്ത്യക്കാരില്‍നിന്ന് പണം ഈടാക്കാന്‍ യു.എ.ഇ.യിലെ പ്രമുഖ ബാങ്കുകള്‍ ഇന്ത്യയില്‍ നിയമനടപടിക്കൊരുങ്ങുന്നു. അഞ്ചുവര്‍ഷത്തിനിടെ 50,000 കോടി രൂപയിലേറെയാണ് ഇത്തരത്തില്‍ യു.എ.ഇ. ബാങ്കുകള്‍ക്ക് നഷ്ടമായത്. മുങ്ങിയവരില്‍ ഏറെയും മലയാളികളാണ്.
സാമ്പത്തിക ഇടപാടുകളില്‍ യു.എ.ഇ. സിവില്‍ കോടതികളിലെ വിധികള്‍ ഇന്ത്യയിലെ ജില്ലാ കോടതിവിധിക്കു തുല്യമാക്കിയ വിജ്ഞാപനം പുറത്തുവന്നതിനു പിന്നാലെയാണ് യു.എ.ഇ. ബാങ്കുകളുടെ നീക്കം. ബാങ്കുകള്‍ക്ക് നഷ്ടമായ തുകയില്‍ 70 ശതമാനത്തിലധികവും വന്‍ ബിസിനസ് സ്ഥാപനങ്ങളുടെ വായ്പയാണ്. ക്രെഡിറ്റ് കാര്‍ഡ്, വാഹനവായ്പ, വ്യക്തിഗത വായ്പ തുടങ്ങിയ ഇനങ്ങളിലായാണ് ഇരുപത് ശതമാനത്തിലേറെ.
യു.എ.ഇ. ബാങ്കുകളുടെ നിഷ്‌ക്രിയ വായ്പത്തോത് 2017ല്‍ 7.5 ശതമാനമായി ഉയര്‍ന്നിരുന്നു. ചില ബാങ്കുകളുടെ പ്രവര്‍ത്തനം ഇതോടെ പ്രതിസന്ധിയിലായി. ചില ബാങ്കുകളുടെ ലാഭം കുറഞ്ഞു. ഇതോടെ അവ പരസ്പരം ലയിച്ചു.
യു.എ.ഇ.യിലെ വലിയ ബാങ്കുകളായ എമിറേറ്റ്‌സ് എന്‍.ബി.ഡി., അബുദാബി കൊമേഴ്‌സ്യല്‍ ബാങ്ക് ഉള്‍പ്പെടെ ഒമ്പതു ബാങ്കുകളാണ് നിയമനടപടികളുമായി നീങ്ങുന്നത്. ഖത്തറും ഒമാനും ആസ്ഥാനമായുള്ള ചില ബാങ്കുകള്‍കൂടി ഇവര്‍ക്കൊപ്പം ചേരുമെന്നാണു സൂചന. വന്‍തുക വായ്പയെടുത്ത് ഇന്ത്യയിലേക്കു കടന്ന വലിയ ബിസിനസ് ഗ്രൂപ്പുകളുടെ വിശദാംശങ്ങള്‍ ബാങ്കുകള്‍ വൈകാതെ പരസ്യപ്പെടുത്തുമെന്നും സൂചനയുണ്ട്.
ഇന്ത്യയില്‍ നിയമനടപടിക്കു നീങ്ങുന്നത് യു.എ.ഇ. ബാങ്കുകള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞമാസം ഇന്ത്യ വിജ്ഞാപനം പുറത്തിറക്കിയതോടെ ഇതിനുള്ള സാധ്യതകള്‍ തുറന്നതായി ബാങ്കിങ് മേഖലയിലെ പ്രമുഖര്‍ സ്ഥിരീകരിക്കുന്നു.
2017ല്‍ നിഷ്‌ക്രിയ വായ്പകള്‍ 7.5 ശതമാനമായിരുന്നെങ്കിലും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ സ്ഥിതി അല്പം മെച്ചപ്പെട്ടു. എങ്കിലും ഒട്ടേറെ വ്യാപാര, വാണിജ്യ സ്ഥാപനങ്ങള്‍ ഉപേക്ഷിച്ച് വന്‍തുക വായ്പയെടുത്ത് മുങ്ങിയവരേറെയുണ്ട്. ബാങ്കുകള്‍ക്ക് നഷ്ടംവരുത്തുക മാത്രമല്ല, ആയിരങ്ങളെ ഇവര്‍ തൊഴില്‍രഹിതരുമാക്കി.
ഇത്തരം പ്രതിസന്ധി കാരണം യു.എ.ഇ.യില്‍ മൂന്ന് ബാങ്കുകള്‍ കൂടിയാണ് ലയിക്കുന്നത്. അബുദാബി കൊമേഴ്‌സ്യല്‍ ബാങ്ക്, യൂണിയന്‍ നാഷണല്‍ ബാങ്ക്, അല്‍ ഹിലാല്‍ ബാങ്ക് എന്നീ മൂന്ന് ബാങ്കുകളാണ് ലയിക്കുന്നത്. ലയനത്തിന് ശേഷമുള്ള ബാങ്കിന് നാനൂറ്റിയിരുപത് ബില്യണ്‍ ദിര്‍ഹം ആസ്തിയുണ്ടാകും. ഇതായിരിക്കും യു.എ.ഇ.യിലെ ഏറ്റവും വലിയ മൂന്നാം ബാങ്ക്. ഇടപാടുകളുടെ കാര്യത്തില്‍ യു.എ.ഇ.യില്‍ രണ്ടാം സ്ഥാനത്തായിരിക്കും പുതിയ ബാങ്ക്.
എന്തായാലും ബാങ്കുകളുടെ പരാതിയിന്‍മേല്‍ യുഎഇ സര്‍ക്കാര്‍ കൂടി കടുത്ത നിലപാട് സ്വീകരിച്ചാല്‍ പല മലയാളികളും കുടുങ്ങും. ഇനി യു.എ.യിലേക്ക് കാലു കുത്താനാകില്ല. കുത്തിയാല്‍ അറ്റ്‌ലസ് രാമചന്ദ്രന്റെ അവസ്ഥയാകും.
https://www.facebook.com/Malayalivartha



























