86.25 കോടി രൂപയുടെ എസ് എൻ സി ലാവ് ലിൻ അഴിമതിക്കേസ്; വിദേശത്തുള്ള ക്ലോസ് ട്രെൻഡലിനെ പിടികൂടാത്ത സിബിഐക്ക് കോടതിയുടെ രൂക്ഷ വിമർശനം; കുരുക്ക് മുറുക്കി തലസ്ഥാനത്തെ സിബിഐ കോടതി

86.25 കോടി രൂപയുടെ എസ്.എൻ.സി. ലാവ് ലിൻ അഴിമതി കേസിൽ കാനഡയിലുള്ള ആറാം പ്രതിയായ ലാവ്ലിൻ കമ്പനിയുടെ സീനിയർ വൈസ് പ്രസിഡന്റ് ക്ലോസ് ട്രെൻഡലിനെ അറസ്റ്റ് ചെയ്യാത്ത സി ബി ഐ ക്ക് തിരുവനന്തപുരം സിബി ഐ കോടതിയുടെ രൂക്ഷ വിമർശനം. തങ്ങൾ കാനഡയിലേക്കയച്ച വാറണ്ടിൽ കനേഡിയൻ അധികൃതർ എന്ത് നടപടി സ്വീകരിച്ചുവെന്നത് തങ്ങൾക്കറിയില്ലെന്ന് കാണിച്ച് സി ബി ഐ പ്രോസിക്യൂട്ടർ സമർപ്പിച്ച റിപ്പോർട്ടാണ് ജഡ്ജി സനിൽ കുമാറിനെ ചൊടിപ്പിച്ചത്.
നിരുത്തരവാദപരമായി വായിൽ തോന്നുന്ന ദാർഷ്ട്യ റിപ്പോർട്ടുമായി വന്നാൽ റിപ്പോർട്ടിൽ ഒപ്പ് വച്ച സി ബി ഐ ഉദ്യോഗസ്ഥൻ നടപടി നേരിടേണ്ടി വരുമെന്ന് കോടതി ഓർമ്മിപ്പിച്ചു. മേലിൽ ഇതാവർത്തിച്ചാൽ എന്ത് ചെയ്യണമെന്ന് കോടതിക്കറിയാം. കനേഡിയൻ ഹൈക്കമ്മീഷൻ അധികൃതരുമായി ഫോണിൽ ബന്ധപ്പെട്ടോയെന്ന ചോദ്യത്തിന് പ്രോസിക്യൂട്ടർ വ്യക്തമായ മറുപടി നൽകാതെ കോടതിയിൽ ഉത്തരം മുട്ടി നിന്നു. കീഴുദ്യോഗസ്ഥരുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും മേൽനോട്ടം വഹിക്കുകയും മാർഗ്ഗ നിർദ്ദേശം നൽകുകയും ചെയ്യാൻ ചുമതലപ്പെട്ട മേലുദ്യോഗസ്ഥരും സി ബി ഐ ഡയറക്ടറും ഇതൊന്നും കാണുന്നില്ലേയെന്നും അറിയുന്നില്ലേയെന്നും കോടതി ചോദിച്ചു. മാർച്ച് 6 ന് വിശദമായ നടപടി റിപ്പോർട്ട് ഹാജരാക്കാനും സി ബി ഐ എസ്. പി യോട് കോടതി ഉത്തരവിട്ടു.
കേസിലെ ആറാം പ്രതിയെ അറസ്റ്റ് ചെയ്ത് ഇന്ത്യക്ക് കൈമാറാൻ പുറപ്പെടുവിച്ച വാറണ്ടിൻമേലുള്ള റിപ്പോർട്ട് 2019 ഏപ്രിൽ 29 നകം ഹാജരാക്കാൻ തിരുവനന്തപുരം സിബിഐ കോടതി സിബിഐക്ക് അന്ത്യശാസനം നൽകിയിരുന്നു. അറസ്റ്റ് വാറണ്ടുത്തരവ് നാളിതുവരെ നടപ്പിലാക്കാത്തത് സിബിഐയുടെ കൃത്യവിലോപമാണെന്ന് കോടതി നിരീക്ഷിച്ചു. തുടർന്ന് വാറണ്ട് ഉത്തരവ് നടപ്പിലാക്കാനായി 2019 ജൂൺ 20 , ആഗസ്റ്റ് 19 , നവംബർ 12 എന്നീ തീയതികളിൽ കേസ് തുറന്ന കോടതിയിൽ പരിഗണിച്ചപ്പോഴും സിബിഐ യാതൊരു റിപ്പോർട്ടും സമർപ്പിക്കാതെ പ്രോസിക്യൂട്ടർ മൗനം പാലിച്ചു. ചില വിചാരണ ദിനങ്ങളിൽ വാക്കാൽ സമയം തേടി. സി ബി ഐ യുടെ അലംഭാവവും നിഷ്ക്രിയത്വവും ബോധ്യപ്പെട്ട കോടതി വാറണ്ട് നടപ്പിലാക്കാൻ നാളിതുവരെ കൈക്കൊണ്ട നടപടി രേഖാമൂലം റിപ്പോർട്ടായി സമർപ്പിക്കാൻ ജനുവരി 6 ന് ഉത്തരവിട്ടു. അതിന്റെ അടിസ്ഥാനത്തിൽ ആദിയും അന്തവുമില്ലാതെ സമർപ്പിച്ച തലയില്ലാ റിപ്പോർട്ടാണ് സിബിഐക്ക് കോടതിയുടെ പ്രഹരം ഏറ്റു വാങ്ങേണ്ടി വന്നത്.
കേസിലെ ആറാം പ്രതിയായ ലാവ് ലിൻ കമ്പനിയുടെ സീനിയർ വൈസ് പ്രസിഡന്റ് ക്ലോസ്ട്രെൻഡലിനെയാണ് അറസ്റ്റ് ചെയ്ത് ഇന്ത്യക്ക് കൈമാറേണ്ടത്. ഇന്ത്യയിൽ കുറ്റകൃത്യം നടത്തിയ ശേഷം വിദേശത്ത് ഒളിവിൽ കഴിയുന്ന കുറ്റവാളികളെ അറസ്റ്റ് ചെയ്ത് ഇന്ത്യക്ക് കൈമാറേണ്ട 'എക്സ്ട്രാഡിഷൻ നിയമ ' പ്രകാരമാണ് പ്രതിയെ ഇന്ത്യക്ക് കൈമാറേണ്ടത്. കോടതി പുറപ്പെടുവിച്ച വാറണ്ട് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വഴിയാണ് കാനഡയിലെ വിദേശകാര്യ മന്ത്രാലയത്തിന് അയക്കുന്നത്. അത് അനുസരിച്ച് ഇൻറർപോൾ, റോ എന്നിവർ പ്രതിയെ അറസ്റ്റ് ചെയ്ത് കാനഡയിലെ മജിസ്ട്രേട്ട് മുമ്പാകെ പ്രതിയെ ഹാജരാക്കി നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് പ്രതിയെ ഇന്ത്യയിൽ വിചാരണ ചെയ്യാനായി കാനഡ കോടതി കമ്മിറ്റ് ചെയ്ത് ജയിലിലേക്ക് റിമാന്റ് ചെയ്ത് ഇന്ത്യൻ എമ്പസിക്കു കൈമാറേണ്ടത്.
ആറാം പ്രതിയായ ട്രെൻഡലിനെതിരെ തിരുവനന്തപുരം സിബിഐ കോടതി 2013 ജൂലൈ 17 ൽ പ്രത്യേക കേസായി സി. സി 2 /2013 നമ്പരായി രജിസ്റ്റർ ചെയ്‌തു. അന്നു മുതൽ കോടതി വാറണ്ട് റിപ്പോർട്ട് ആവശ്യപ്പെട്ടു 3 മാസം കൂടുന്തോറും കേസ് പരിഗണിക്കുന്നുണ്ട്. എന്നാൽ സിബിഐ ഇതുവരെ പ്രതിയെ പിടികൂടാൻ സ്വീകരിച്ച നടപടി സംബന്ധിച്ച റിപ്പോർട്ട് ഹാജരാക്കാതെ കൂടുതൽ സമയം കോടതിയിൽ വാക്കാൽ തേടുകയായിരുന്നു.
2010 നവംബറിൽ കൊച്ചി സി ബി ഐ കോടതി പ്രതിക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇത് പ്രകാരം പ്രതിയെ കുറ്റവാളികള കൈമാറ്റം ചെയ്തു കിട്ടുന്ന നിയമം അനുസരിച്ചു പിടികൂടാൻ 2010 ലെ കേന്ദ്ര സർക്കാർ നടപടി എടുത്തു. എന്നാൽ നടപടിക്രമങ്ങൾ പൂർണ്ണമല്ലാതിരുന്നതിനാൽ വാറണ്ട് കാനഡ ഇന്ത്യക്ക് മടക്കി നൽകി. നിയമാനുസൃത നടപടികൾ വേണമെന്ന് സിബിഐയെ ഹൈക്കോടതി അറിയിച്ചതനുസരിച്ചാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കി പ്രതിയെ ഇന്ത്യക്ക് കൈമാറിക്കിടാൻ കേന്ദ്രം 2010 നവംബർ 10 ന് കാനഡയോട് ആവശ്യപ്പെട്ടത്.
ലാവ് ലിൻ കമ്പനിക്ക് ഇന്ത്യയിലുള്ള ഓഫീസ് ഡൽഹിയിലെ ഹോസ്കസിലാണ് പ്രവർത്തിച്ചിരുന്നത്. ഈ ഓഫീസിലേക്ക് കോടതി അയച്ച സമൻസ് മടങ്ങിയതിനെ തുടർന്നാണ് പ്രതിക്കെതിരെ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. 1995 ആഗസ്റ്റ് 10 ന് പള്ളിവാസൽ, ചെങ്കുളം, പന്നിയാർ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ് എൻ സി ലാവ് ലിൻ കമ്പനിയുമായി അഴിമതി കരാറുണ്ടാക്കിയത് വഴി സംസ്ഥാന ഖജനാവിന് 86.25 കോടി രൂപയുടെ അന്യായ നഷ്ടം സംഭവിപ്പിച്ചുവെന്നും കമ്പനി അവിഹിത സാമ്പത്തിക നേട്ടവുമുണ്ടാക്കിയെന്നുമാണ് കേസ്.
കേരള സംസ്ഥാന വിദ്യുത് ച്ഛക്തി ബോർഡ് മുൻ ചെയർമാൻമാരായ കെ.മോഹനചന്ദ്രൻ, കെ.ജി.രാജശേഖരൻ, ആർ.ശിവദാസൻ, മുൻ ചീഫ് എൻജിനീയർ എം.കസ്തൂരി രംഗ അയ്യർ, മുൻ ചെയർമാനായ പി.എ.സിദ്ധാർത്ഥ മേനോൻ ( വിചാരണക്കിടെ മരണപ്പെട്ടു ), ലാവ് ലിൻ കമ്പനിയുടെ സീനിയർ വൈസ് പ്രസിഡൻറ് ക്ലോസ് ട്രെൻഡൽ, മുൻ വൈദ്യുതി മന്ത്രി പിണറായി വിജയൻ , മുൻ ഊർജ വകുപ്പ് ജോയിന്റ് സെക്രട്ടറി എ. ഫ്രാൻസിസ് , എസ് എൻ സി ലാവ് ലിൻ കമ്പനി എന്നിവരാണ് സി ബി ഐ കുറ്റപത്രത്തിലെ 1 മുതൽ 9 വരെയുള്ള പ്രതികൾ.
ഒന്നാം പ്രതി കെ.മോഹനചന്ദ്രൻ , ഏഴാം പ്രതി പിണറായി വിജയൻ , എട്ടാം പ്രതി എ.ഫ്രാൻസിസ് എന്നിവരെ മുൻ സി ബി ഐ ജഡ്ജി രഘുവും ഹൈക്കോടതി മുൻ ജസ്റ്റിസ് ഉബൈദും കുറ്റവിമുക്തരാക്കി. ഇതിനെതിരെ സിബിഐ സമർപ്പിച്ച അപ്പീൽ ഹർജികളും തങ്ങളെയും കുറ്റ വിമുക്തരാക്കണമെന്നാവശ്യപ്പെട്ട് മറ്റു പ്രതികൾ സമർപ്പിച്ച റിവിഷൻ ഹർജികളും സുപ്രീം കോടതിയുടെ പരിഗണനയിലാണ്. സുപ്രീം കോടതി ഹർജികളിൽ അന്തിമവാദം രണ്ടാഴ്ചക്ക് ശേഷം കേൾക്കാനിരിക്കുകയുമാണ്.
മുൻ സി ബി ഐ ജഡ്ജി രഘുവിന്റെ മകൻ പിണറായിയുടെ അഭിഭാഷകനായ മുൻ അഡ്വക്കേറ്റ് ജനറൽ എം.കെ.ദാമോദരന്റെ വക്കീലാഫീസിലെ ജൂനിയർ അഭിഭാഷകനാണ്. ജസ്റ്റിസ് ഉബൈദ് തികഞ്ഞ സി പി എം അനുഭാവിയാണെന്നും പരക്കെ സംസാരമുണ്ട്.
https://www.facebook.com/Malayalivartha



























