വിജിലൻസ് രൂപീകരണം നിയമപരമല്ലെന്ന ഹർജി തള്ളി ഹൈക്കോടതി; തള്ളിയത് അഴിമതി കേസ് പ്രതികൾ നൽകിയ ഹർജി

സംസ്ഥാനത്ത് വിജിലൻസ് രൂപീകരണം നിയമപരമല്ലെന്ന ഹർജി തള്ളി. വിജിലൻസ് രൂപീകരണം നിയമപരമല്ലെന്നു ചൂണ്ടിക്കാട്ടി അഴിമതിക്കേസിൽ പ്രതികളായ രണ്ടു വില്ലേജ് ഓഫിസർമാർ സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി തള്ളിയത് . അഴിമതിക്കേസുകൾ അന്വേഷിക്കാൻ വിജിലൻസിന് അധികാരമുണ്ട് എന്ന് വ്യക്തമാക്കിക്കൊണ്ടാണ് ജസ്റ്റിസ് എ.ഹരിപ്രസാദ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ഹർജി തള്ളിയത്.
പാറശാല സ്വദേശി കരുണാനിധി, മോഹനൻ എന്നിവരെ അഴിമതിക്കേസിൽ വിജിലൻസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരാണ് പ്രത്യേക നിയമനിർമാണത്തിലുടെ അല്ല വിജിലൻസിന്റെ രൂപീകരണമെന്നു ചൂണ്ടിക്കാണിച്ച് ഹൈക്കോടതിയെ സമീപിച്ചത്. നിയമ നിർമാണത്തിലൂടെ രൂപീകരിച്ചതല്ലാത്തതിനാൽ വിജിലൻസിന് നിയമസാധുതയില്ലന്നും ഹർജിക്കാർ വാദംഉന്നയിച്ചിരുന്നു.
എന്നാൽ നിയമസഭ പാസാക്കിയ നിയമപ്രകാരമാണ് പൊലീസ് ആക്ട് നിലവിൽ വന്നതെന്നും അതു പ്രകാരം നിയമിതരാവുന്ന ഉദ്യോഗസ്ഥരാണ് വിജിലൻസിന്റെ ഭാഗമായി പ്രവർത്തിക്കുന്നതെന്നും സർക്കാർ കോടതിയിൽ ബോധിപ്പിച്ചു. വിജിലസിന് അന്വേഷണം നടത്താനും കേസെടുക്കാനും കുറ്റപത്രം നൽകാനും അധികാരമുണ്ടന്നും സർക്കാർ കോടതിയിൽ നിലപാട് എടുത്തു. ഈ വാദം അംഗീകരിച്ച് ഹൈക്കോടതി പ്രതികളുടെ ഹർജി തള്ളുകയായിരുന്നു.
https://www.facebook.com/Malayalivartha



























