തീവണ്ടികളിൽ യാത്ര ചെയ്യുന്നവർ ജാഗ്രതൈ; കൊള്ളക്കാർ വന്നാൽ നിങ്ങളെ സഹായിക്കാൻ റയിൽവേക്ക് പോലീസില്ല; ആർ പി എഫുകാരെ നിയമിക്കണമെന്ന് ഓരോ കൊല്ലവും റയിൽവേ തന്നെ ആവശ്യം ഉന്നയിക്കുമെങ്കിലും ജീവനക്കാരെ നിയമിക്കാൻ കേന്ദ്ര സർക്കാർ തയ്യാറല്ല

തീവണ്ടികളിൽ യാത്ര ചെയ്യുന്നവർ ജാഗ്രതൈ. കൊള്ളക്കാർ വന്നാൽ നിങ്ങളെ സഹായിക്കാൻ റയിൽവേക്ക് പോലീസില്ല. വേണമെങ്കിൽ സ്വയം രക്ഷാർത്ഥം ഒരു ആയുധം കരുതുക. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിൽ ആകെയുള്ളത് 800 ആർപി എഫ് ഉദ്യോഗസ്ഥർ മാത്രമാണ്. തിരുവനന്തപുരം ഡിവിഷനിൽ 500 പേരും പാലക്കാട് ഡിവിഷനിൽ 300 ആർപിഎഫ് ഉദ്യോഗസ്ഥരും പ്രവർത്തിക്കുന്നു. ഇതിൽ 200 ഓളം പേർ ഉയർന്ന ഉദ്യോഗസ്ഥരാണ്. ഇവർക്ക് തീവണ്ടിയിൽ യാത്ര ചെയ്യേണ്ടതില്ല.
ഒരു തീവണ്ടിയുടെ അകമ്പടിക്ക് 6 ആർപിഎഫ് ഉദ്യോഗസ്ഥൻ വേണമെന്നാണ് 1980 ലെ കണക്ക്. 1980ലെ കണക്ക് അനുസരിച്ചാണെങ്കിൽ ഇപ്പോൾ തീവണ്ടിയിൽ സഞ്ചരിക്കാൻ മാത്രം 600 ലേറെ പോലീസുകാർ വേണം. എന്നാൽ കേരളത്തിൽ ആകെയുള്ള ആർ പി എഫുകാർ 800 പേർ മാത്രം. റയിൽവേ സ്റ്റേഷനിലെ ക്രമസമാധാനം, പതിവ് ജോലികൾ എന്നിവക്ക് ആർ.പി എഫുകാരെ വേറെ വേണം. ചുരുക്കത്തിൽ 1500 പേരെയെങ്കിലും നിയമിച്ചാൽ മാത്രമേ തീവണ്ടികളിലെ സുരക്ഷ ഉറപ്പാക്കാൻ കഴിയുകയുള്ളു
35 വർഷം മുമ്പ് നിശ്ചയിച്ച തസ്തിക മാത്രമാണ് ഇന്നും ആർപി എഫിൽ ഉള്ളത്. അന്ന് 10 തീവണ്ടി സർവീസുകൾ മാത്രമാണ് ഉണ്ടായിരുന്നത്. ഇന്ന് തിരുവനന്തപുരം ഡിവിഷനിൽ മാത്രം 100 ൽ പരം സർവീസുണ്ട്. 35 വർഷങ്ങൾക്ക് മുമ്പുണ്ടായിരുന്ന റയിൽവേയല്ല ഇന്നത്തെ റയിൽവേ. എന്തിന് റയിൽവേ സ്റ്റേഷനിൽ വരെ കാലികമായ മാറ്റം സംഭവിച്ചു.
ആർ പി എഫുകാരെ നിയമിക്കണമെന്ന് ഓരോ കൊല്ലവും റയിൽവേ തന്നെ ആവശ്യം ഉന്നയിക്കുമെങ്കിലും ജീവനക്കാരെ നിയമിക്കാൻ കേന്ദ്ര സർക്കാർ തയ്യാറല്ല. ജീവനക്കാർ നാമമാത്രമായതോടെ അവർക്ക് ജോലി ചെയ്യാനും താത്പര്യമില്ലാതായി. ഓരോ തീവണ്ടിയിലും രണ്ടുപേരെ മാത്രം ജോലിക്ക് നിയോഗിക്കുമ്പോൾ എങ്ങനെയാണ് അവർ തങ്ങളുടെ ജോലി നിർവഹിക്കുക?
റയിൽവേ സ്റ്റേഷനുകളിൽ സുരക്ഷാ ക്യാമറകൾ പ്രവർത്തിക്കുന്നില്ലെന്ന പരാതിക്ക് ഏറെ പഴക്കമുണ്ട്. തിരുവനതപുരം, പാലക്കാട് ഡിവിഷനുകളിൽ പ്രധാനപ്പെട്ട റയിൽവേ സ്റ്റേഷനുകളിലൊന്നും ക്യാമറ പ്രവർത്തിക്കുന്നില്ല. കാസർകോട്, ഷൊർണൂർ, പാലക്കാട് സ്റ്റേഷനുകളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിട്ടുമില്ല. പാലക്കാട് ഡിവിഷനിൽ മംഗലാപുരം, കോഴിക്കോട് സ്റ്റേഷനുകളിൽ മാത്രമാണ് ക്യാമറ പ്രവർത്തിക്കുന്നത്. ശബരിമല തീർത്ഥാടകർ എത്തുന്ന ചെങ്ങന്നൂർ റയിൽവേ സ്റ്റേഷനിൽ പോലും നിരീക്ഷണ ക്യാമറകൾ പ്രവർത്തിക്കുന്നില്ല.
കേരളത്തിൽ റയിൽവേയോടുള്ള കേന്ദ്ര അവഗണനയുടെ ഫലമായാണ് റയിൽവേ സ്റ്റേഷനുകളിലെ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതാക്കിയത്. ക്യാമറകളും സ്കാനറുകളും പ്രവർത്തിക്കാത്ത റയിൽവേ സ്റ്റേഷനുകളും കേരളത്തിലുണ്ട്. ഇത് നിരീക്ഷിക്കേണ്ടത് ആർ പി എഫുകാരാണ്. എന്നാൽ ജീവനക്കാരുടെ കുറവ് വല്ലാതെ അനുഭവപ്പെടുന്നുണ്ട്.
തീവണ്ടിയിലെ സുരക്ഷ ഉറപ്പാക്കേണ്ടത് സർക്കാരാണ്. സംസ്ഥാനത്തെ രണ്ട് തീവണ്ടികളിലാണ് ശനിയാഴ്ച പുലർച്ചെ കവർച്ച നടന്നത്. ലക്ഷകണക്കിന് രൂപയുടെ സ്വർണാഭരണങ്ങൾ നഷ്ടമായി. മുമ്പ് ഉത്തരേന്ത്യയിലായിരുന്നു ഇത്തരം കവർച്ചകൾ നടത്തിരുന്നത്. കേരളത്തിൽ വൻകിട തീവണ്ടികൊള്ളകൾ കേട്ടു കേൾവി മാത്രമായിരുന്നു. കൊങ്കൺ പാതയിൽ ഒരു കാലത്ത് മോഷണം തുടർക്കഥയായിരുന്നു. കേരളത്തിൽ ആർ പി എഫ് ശക്തമായിരുന്നതാണ് കൊള്ളകൾ നടക്കാതിരുന്നതിന്റെ പ്രധാന കാരണം. ആർ.പി എഫ് ദുർബലമായ സാഹചര്യത്തിൽ കേരളത്തിൽ തീവണ്ടി കൊള്ള സ്ഥിരമായേക്കാം.
https://www.facebook.com/Malayalivartha



























