സെക്യൂരിറ്റി നിയമനത്തില്‍ അഴിമതി; ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തട്ടിപ്പിനെക്കുറിച്ച് പുറത്ത് വരുന്ന വിവരങ്ങള്‍ ഇങ്ങനെ...

ട്രാഫിക് നിയന്ത്രിക്കാന്‍ കരാര്‍ അടിസ്ഥാനത്തിലുള്ള സെക്യൂരിറ്റി നിയമനത്തില്‍, ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അഴിമതി എന്ന് ആരോപണം. ദിവസം 550 രൂപ വേതനം നല്‍കി എട്ടു മണിക്കൂര്‍ ജോലി സമയക്രമത്തില്‍ ഒമ്പതു പേരെയാണ് നിയമിച്ചിട്ടുള്ളത്.
ഒരു മാസം മുമ്പാണ് അമ്പലപ്പുഴയിലുള്ള ഏജന്‍സിക്ക് കരാര്‍ നല്‍കിയത്. ഈ ഇനത്തില്‍ 1.25 ലക്ഷം രൂപയോളം മാസം ആശുപത്രി വികസന സമിതിക്ക് അധിക ചെലവ് വരും. ക്വട്ടേഷന്‍ നല്‍കിയതിലും ക്രമക്കേട് നടന്നതായ ആരോപണം ഉയര്‍ന്നിട്ടുണ്ട്.
നാലു കമ്പനികള്‍ പത്ര പരസ്യത്തിലൂടെ ക്ഷണിച്ച ക്വട്ടേഷനില്‍ പങ്കെടുത്തിരുന്നെങ്കിലും ഒരാള്‍ തന്നെയാണ് നാലു കമ്പനിയുടെ പേരിലും ക്വട്ടേഷന്‍ നല്‍കിയതെന്ന ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്.
പണം നല്‍കിയാണ് ആശുപത്രിയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്. മുമ്പ് വ്യക്തികളായിരുന്നു ഇത് കരാര്‍ എടുത്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ കുടുംബശ്രീയെ ഏല്‍പിച്ചിരിക്കുകയാണ്. ഇതിലൂടെ ആശുപത്രി വികസന സമിതിക്ക് അധിക വരുമാനം ലഭിക്കുന്നുണ്ട്. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനും പണം പിരിക്കുന്നതും കുടുംബശ്രീ പ്രവര്‍ത്തകരാണ്. ഇത് തുടരുന്നതിനിടയിലാണ് ട്രാഫിക് നിയന്ത്രണത്തിന്റെ പേരില്‍ ലക്ഷങ്ങള്‍ ചെലവഴിക്കുന്നത്.
കാന്റീന്‍ കാലാവധി അവസാനിച്ചതോടെ ഗര്‍ഭിണികള്‍ക്കും പരിചരിക്കാന്‍ ആളില്ലാതെ ആശുപത്രിയില്‍ കഴിയുന്നവര്‍ക്കും ആഹാരം നല്‍കിയിരുന്നത് നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു. ആശുപത്രി വികസന സമിതിക്ക് ഫണ്ട് പരിമിതമായതിനാല്‍ പകരം സംവിധാനം ഒരുക്കാനുമായില്ല.
https://www.facebook.com/Malayalivartha



























