പ്രവാസജീവിതത്തിനിടെ സമ്പാദിച്ചത് പതിന്നാലുപേർക്കായി വീതിച്ച് നൽകി ഒരു അത്ഭുത മനുഷ്യൻ...തന്റെ ഒരേക്കർ വീട് നൽകുന്നത് പതിന്നാലു ഭൂരഹിതർക്കെന്ന ചാരിതാർഥ്യത്തിൽ ഇരിട്ടി വള്ളിത്തോട്ടെ കാരോത്ത് അഷ്‌റഫ് എന്ന പ്രവാസി

ദൈവത്തിന്റെ പ്രതിരൂപമായി മനുഷ്യർ എത്തുമ്പോൾ സംഭവിക്കുന്നത് അത്ഭുത നിമിഷങ്ങൾ. കാരുണ്യത്തിന്റെ ഉറവ വറ്റിയ ഈ ലോകത്തിൽ വേറിട്ട് നിൽക്കുന്നൊരു മനുഷ്യനാണ് വള്ളിത്തോട്ടെ കാരോത്ത് അഷ്‌റഫ്. ബാങ്ക് ബാലൻസും സ്വത്തും ഭൂമിയും ഒക്കെ വർദ്ധിപ്പിക്കുവാനും വാങ്ങിക്കൂട്ടുവാനും മനുഷ്യർ നെട്ടോട്ടമോടുമ്പോൾ വിദേശത്ത് കഷ്ടപ്പെട്ട് വിയർപ്പൊഴുക്കി നേടിയ സമ്പാദ്യം പാവങ്ങൾക്കായി വീതിച്ചു നൽകുകയാണ് ഈ പ്രവാസി. ജീവിതത്തിലെ ഒരു ചെറു നിമിഷങ്ങളെങ്കിലും മറ്റുള്ളവരുടെ ദുഃഖമറിയാൻ മാറ്റിവെക്കണമെന്ന് പഠിപ്പിച്ചു തരികയാണ് ഈ അത്ഭുത മനുഷ്യൻ.
ദാരിദ്രത്തിന്റെ കയ്പുനീർ കുടിച്ച ബാല്യവും ജീവിതാനുഭവങ്ങളുമാണ് അഷ്‌റഫിനെ കാരുണ്യ പ്രവർത്തിയിൽ സജീവമാകാൻ പ്രേരണ നൽകിയത്. അഷ്റഫ് കാരോത്തിന്റെ കാരുണ്യ പ്രവർത്തിയിൽ ഭൂരഹിതരായ 14 കുടുംബങ്ങൾ ഭൂവുടമകളായി മാറി. ഒരേക്കർ ഭൂമി 14 പേർക്ക് വീടുവെക്കാൻ സൗജന്യമായി പതിച്ചു നൽകിയാണ് വള്ളിത്തോടിലെ പ്രവാസി മലയാളിയായ അഷ്റഫ് നാട്ടുകാർക്ക്കാരുണ്യത്തിന്റെ പ്രതീകമായി മാറിയത് . സൗദിയിൽ വ്യാപാരിയായ അഷ്റഫ് തന്റെ തറവാട് വീടിനോട് ചേർന്ന് വാങ്ങിയ ഒരേക്കർ 09 സെന്റ് ഭൂമിയാണ് ഭൂരഹിതരായ 14 കുടുംബങ്ങൾക്ക് വീടുവെക്കാൻ സൗജന്യമായി വീതിച്ചു നൽകിയത്.
വള്ളിത്തോട്ടിലെ പരേതനായ കാരോത്ത് മേമിയുടെ അഷ്റഫ് ഉൾപ്പെടെ പത്ത് മക്കൾ അടങ്ങിയ കുടുംബം കടുത്ത ദാരിദ്ര്യത്തിലായിരുന്നു ജീവിച്ചത് . രണ്ട് പ്രളയകാലം നാട്ടിലുണ്ടാക്കിയ ദുരിതവും സ്വന്തം ജീവിതത്തിലുണ്ടായ ദുരന്തവുമാണ് അഷ്റഫിന്റെ ജീവിതവീക്ഷണത്തെ തന്നെ മാറ്റിമറിച്ചത്. അഞ്ചു വർഷം മുമ്പ് 34-ാം വയസ്സിൽ ഭാര്യ ഹസീന കാൻസർ ബാധിച്ച് മരണമടഞ്ഞു . ഭാര്യയുടെ ചികിത്സയ്ക്കായി ലക്ഷങ്ങൾ ചെലവഴിച്ചിട്ടും അവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ സാധിച്ചില്ല . ഒരുവർഷത്തിനുശേഷം മറ്റൊരു വിവാഹം കഴിച്ചു.
തന്റെ ആഗ്രഹം കുടുംബങ്ങളുമായി പങ്കുവെച്ചപ്പോൾ ആദ്യഭാര്യയിലെ നാലുമക്കളും രണ്ടാംഭാര്യ ഉമയ്യയും സന്തോഷത്തോടെ സമ്മതം നൽകി . വള്ളിത്തോട് ജുമാ മസ്ജിദ് സെക്രട്ടറി മുഹമ്മദ് ബഷീർ, സഹോദരങ്ങളായ ഓർമാ ഹുസൈൻ, ഷറഫുദ്ദീൻ എന്നിവർ ചേർന്നാണ് അർഹരെ തിരഞ്ഞെടുത്തത്. സ്ഥലത്തിന് നടുവിലൂടെ എട്ടുമീറ്റർ വീതിയിൽ റോഡും കുഴൽക്കിണറും സ്ഥാപിച്ചാണ് കുടുംബക്കാർ ഉൾപ്പെടെയുള്ളവർക്ക് സ്ഥലം അഷ്‌റഫ് നൽകിയത്. ഒൻപത് സെന്റ് സഥലം പള്ളി കമ്മിറ്റിക്കും നൽകി. ഓരോ കുടുംബത്തിനും അനുവദിച്ച ഭൂമിയുടെ ആധാരം രണ്ടുദിവസത്തിനുള്ളിൽ രജിസ്റ്റർചെയ്ത് നൽകുമെന്നും അഷ്റഫ് അറിയിച്ചു .ഒരേക്കർ സ്ഥലത്തിന്റെ ആധാരം സ്വന്തം വീട്ടിൽ നടന്ന ചടങ്ങിൽ അഷ്‌റഫ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾക്ക് കൈമാറി. . ജാതി, മത പരിഗണനയില്ലാതെയാണ് കുടുംബങ്ങളെ തെരഞ്ഞെടുത്തത്. കടുത്ത ദുരിതങ്ങൾ ചെറുപ്പം മുതൽതന്നെ നേരിട്ടയാളാണ് അഷ്‌റഫ്. ചെറുപ്പത്തിൽ തന്നെ ആരംഭിച്ച പ്രവാസജീവിതത്തിനിടയിലും മനുഷ്യർക്ക് നന്മ ചെയ്യണമെന്നുള്ള ആഗ്രഹം അഷ്‌റഫിന്റെ മനസ്സിലുണ്ടായിരുന്നു . സൗദിയിലെ വ്യാപാരത്തിനിടെയാണ് വള്ളിത്തോടിനടുത്ത് തറവാടിനോടുചേർന്ന് ഒരേക്കർ ഒമ്പത് സെന്റ് സ്ഥലം സ്വന്തമാക്കുന്നത് .വാടക ക്വാർട്ടേഴ്സുകൾ പണിയാൻ വാങ്ങിയതാണ് 1.09 ഏക്കർ. ഇരിക്കൂറിൽ നിന്ന് അര നൂറ്റാണ്ടു മുൻപാണ് അഷറഫിന്റെ പിതാവ് അയ്യൻകുന്ന് പഞ്ചായത്തിലേക്കു താമസം മാറിയത് . 10 മക്കളടങ്ങുന്ന കുടുംബം കടുത്ത ദാരിദ്ര്യത്തിലായിരുന്നു ജീവിതം തള്ളി നീക്കിയത് . 26 വർഷത്തെ പ്രവാസജീവിതമാണ് അഷറഫിനെ കരകയറ്റിയത്. മലപ്പുറത്ത് വീടില്ലെന്ന് പറഞ്ഞ് ഭർത്താവ് പുറത്താക്കിയ യുവതിയുടെ വാർത്ത മുമ്പൊരിക്കൽ അഷ്‌റഫ് ശ്രദ്ധിച്ചിരുന്നു . അവരെ സഹായിക്കാനും ഇടപെടലും നടത്തി.
സ്വന്തം ജീവിതം മെച്ചപ്പെടുത്താൻ നെട്ടോട്ടമോടുന്ന സ്വാർത്ഥരായ മനുഷ്യർക്കിടയിൽ വേറിട്ട നിൽക്കുകയാണ് ഇത്തരം ഹൃദയ വിശാലതയുള്ള മനുഷ്യർ. സ്വന്തം ജീവിതം കരുപ്പിടിക്കുന്നതിനോടൊപ്പം മറ്റുള്ളവരുടെ ജീവിതത്തിനുംതന്നാൽ കഴിയുന്ന തണലേകാൻ ഒരു ചെറു വിരലെങ്കിലും ചലിപ്പിക്കുമ്പോഴാണ് മനുഷ്യർ യഥാർത്ഥത്തിൽ ദൈവതുല്യരായി മാറുന്നത്.
https://www.facebook.com/Malayalivartha



























