ഈ മനുഷ്യനെക്കൊണ്ട് തോറ്റു... പാമ്പുകടിയേറ്റ് ചികിത്സയില്‍ കഴിഞ്ഞ് ആശുപത്രി വാസം വിട്ട ഉടനെ വാവ സുരേഷ് എത്തിയത് അതിഥികളെ പിടി കൂടാന്‍; ഇടതു കൈയ്യിലെ വിരലില്‍ പാമ്പ് കൊത്തിയ മുറിവും വലതു കൈയ്യില്‍ മൂര്‍ഖനുമായി നില്ക്കുന്ന വാവ സുരേഷ് വൈറല്‍; സ്നേഹത്തോടെ ഉപദേശിച്ച് ആരാധകര്‍
വാവ സുരേഷ് ആശുപത്രി വിട്ടപ്പോള്‍ യഥാര്‍ത്ഥത്തില്‍ ആശ്വസിച്ചത് മലയാളികളാണ്. മറ്റുള്ളവര്‍ക്ക് വേണ്ടി സ്വയം കടി ഏറ്റ് വാങ്ങേണ്ടിവന്ന വാവയുടെ ആത്മാര്‍ത്ഥത എല്ലാവരും തിരിച്ചറിഞ്ഞു. ഇനി വാവ സുരക്ഷാ മാര്‍ഗങ്ങള്‍ പാലിച്ച് പാമ്പിനെ പിടികൂടിയാല്‍ മതി എന്നായിരുന്നു എല്ലാവരുടേയും ഉപദേശം. എന്നാല്‍ ഡിസ്ചാര്‍ജ് ചെയ്തതിന്റെ പിറ്റേന്ന് ദേ വീണ്ടും വാര്‍ത്തകളില്‍ വാവ സുരേഷ്.
പാമ്പുകടിയേറ്റ് ചികിത്സയില്‍ കഴിഞ്ഞപ്പോള്‍ തനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്ക്കും നന്ദി അറിയിച്ച് വീണ്ടും പാമ്പ് പിടുത്തത്തില്‍ മുഴകി വാവ സുരേഷ്. പത്തനാപുരത്ത് നിന്നും അണലിയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന വാവ സുരേഷ് കഴിഞ്ഞ ദിവസമാണ് തതിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി വിട്ടത്.
ഇന്നലെ രാവിലെ പതിനൊന്ന് മണിക്ക് തിരുവനന്തപുരം ജില്ലയിലെ അരുവിക്കരയ്ക്ക് സമീപത്തുനിന്നുമാണ് വാവ മൂര്‍ഖനെ പിടികൂടിയത്. ആശുപത്രി വിട്ട് പുറത്തിറങ്ങിയ ശേഷം ആദ്യമായി താന്‍ പിടികൂടുന്ന അതിഥിയാണ് ഇതെന്ന് വാവ സുരേഷ് ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. എല്ലാവര്ക്കും നന്ദി പറഞ്ഞു കൊണ്ടുള്ള പോസ്റ്റില്‍ മൂര്‍ഖനുമായി നില്ക്കുന്ന ചിത്രവും വാവ സുരേഷ് പങ്കുവെച്ചിട്ടുണ്ട്.
ദിവസങ്ങള്‍ക്ക് മുന്‍പാണ് അണലിയുടെ കടിയേറ്റതിനെ തുടര്‍ന്ന് വാവ സുരേഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. പത്തനാപുരത്ത് ഒരു വീട്ടിലെ കിണറ്റിലിറങ്ങിയ പാമ്പിനെ പുറത്തെത്തിച്ചപ്പോഴാണ് കടിയേറ്റത്. വലതുകയ്യിലെ വിരലിലാണ് പാമ്പിന്റെ കടിയേറ്റത്. ചികിത്സ സൗജന്യമാക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം വാവ സുരേഷിനെ കേന്ദ്രമന്ത്രി വി. മുരളീധരന് സന്ദര്‍ശിച്ചിരുന്നു.
അതേസമയം വാവയുടെ വിശ്രമില്ലാതെയുള്ള പാമ്പുപിടിത്തത്തെ എതിര്‍ത്ത് പലരും രംഗത്തെത്തി. വാവ സുരേഷിന്റെ ജീവി സ്നേഹവും ,സേവന സന്നദ്ധതയും എല്ലാം അംഗീകരിച്ചു കൊണ്ടുതന്നെ പറയട്ടെ ഇപ്പോള്‍ തുടര്‍ന്ന് വരുന്ന തൊഴില്‍ രീതികളില്‍ ഇദ്ദേഹം മാറ്റം വരുത്തണം . മനുഷ്യന് ആധുനിക കാലത്തു അപകടകരമായ എന്ത് തൊഴില്‍ മേഖലകളില്‍ ചെയ്യുമ്പോഴും മുന്‍കരുതലുകള്‍ എടുക്കാറുണ്ട് , പ്രകൃതി സംരക്ഷണത്തിന്റെ ഭാഗമായ പാമ്പുപിടിത്തം നടത്തുന്നവര്‍ ജീവികള്‍ക്കും വ്യക്തികള്‍ക്കും അപകടമില്ലാത്ത ഉപയോഗിക്കുന്ന ലോകോത്തര ഉപകരണങ്ങള്‍ സര്‍ക്കാര്‍ എത്തിച്ചു നല്‍കണം , നിര്‍ബന്ധമായും ഇവ ഉപയോഗിക്കാന്‍ അധികാരികള്‍ ഇദ്ദേഹത്തെ ഉപദേശിക്കണം . കൊടും വിഷമുള്ള പാമ്പുകളെയും , അക്രമകാരികളായ നീര്‍നായ , തുടങ്ങിയ ജീവികളെയും കയ്യുറ പോലും ധരിക്കാതെ പിടിക്കുന്നത് സാഹസികതയല്ല ,വിവരക്കേടാണ് . ഒപ്പം ആള്‍ക്കൂട്ടത്തെ മുന്നില്‍ നിര്‍ത്തി അവര്‍ക്കു കാഴ്ചയൊരുക്കുന്നതും ഒരിക്കലും അനുവദിക്കാന്‍ പാടില്ല എന്നാണ് ഒരാള്‍ പറയുന്നത്.
വാവ സുരേഷ് ശാസ്ത്രീയമായ രീതിയില്‍ പാമ്പിനെ പിടിക്കാത്തതിനാലാണ് അപകടങ്ങള്‍ ഉണ്ടാകുന്നതെന്ന വാദം ശക്തമാണ്. വാവ സുരേഷിന്റെ പാമ്പ് പിടുത്തത്തിലെ മണ്ടത്തരങ്ങള്‍ ഇനിയെങ്കിലും അവസാനിപ്പിക്കണമെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോ. മനോജ് വെള്ളനാടും പറഞ്ഞു.
ഇപ്പോഴത്തെ ആശുപത്രി വാസം കഴിഞ്ഞ് പുറത്തിറങ്ങുമ്പോഴെങ്കിലും വാവ സുരേഷ് തന്റെ മണ്ടത്തരങ്ങള്‍ തിരിച്ചറിയണമെന്നും അല്ലെങ്കില്‍ ഇത്തിരി ബോധമുള്ള ആരെങ്കിലും അദ്ദേഹത്തെ അത് ബോധ്യപ്പെടുത്തണമെന്നും ആഗ്രഹിച്ചു പോകുന്നുവെന്ന് ഫേസ്ബുക്ക് കുറിപ്പില്‍ ഡോക്ടര്‍ പറഞ്ഞു. വാവ സുരേഷിന്റെ പാമ്പ് പിടിത്തം അശാസ്ത്രീയവും പാമ്പിനും വാവയ്ക്കും അവിടെ കൂടി നില്ക്കുന്ന മനുഷ്യര്‍ക്കും ജീവന് തന്നെ ഭീഷണിയും പാമ്പിന്റെ പ്രദര്‍ശനവും ട്രാന്‍സ്പോര്‍ട്ടേഷനും നിയമ വിരുദ്ധവുമാണെന്നാണ് ഡോക്ടര്‍ പറയുന്നത്. ഇതിന് പിന്നാലെയാണ് വാവയുടെ പുതിയ പാമ്പ് പിടിത്തം.
https://www.facebook.com/Malayalivartha