ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടെ ഒല്ലൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടറെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച കേസ്... പ്രതിക്ക് 42 വർഷം കഠിനതടവും 4 ലക്ഷം രൂപ പിഴയും

ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടെ ഒല്ലൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടിപി ഫർഷാദിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കുപ്രസിദ്ധ ഗുണ്ടയ്ക്ക് 42 വർഷം കഠിനതടവും 4 ലക്ഷം രൂപ പിഴയും. തൃശ്ശൂർ പടവരാട് സ്വദേശിയായ 'മാരി' എന്ന അനന്തുവിനെയാണ് (27) തൃശ്ശൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി-II ജഡ്ജി രമ്യ ആർ. മേനോൻ കഠിനതടവിന് ശിക്ഷിച്ചിട്ടുള്ളത്.
2024 ഡിസംബർ 5-നായിരുന്നു സംഭവം അരങ്ങേറിയത്. ഒല്ലൂർ പൊലീസ് സ്റ്റേഷനിലെ ഗുണ്ടാ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള അനന്തു പടവരാട് അയ്യപ്പൻകാവ് ക്ഷേത്രത്തിന് സമീപത്തെ ഫാമിൽ ഒളിവിൽ കഴിയുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്നാണ് ഇൻസ്പെക്ടർ ടിപി ഫർഷാദും സംഘവും ഇയാളെ കസ്റ്റഡിയിലെടുക്കാനായി എത്തിയത്.
കുട്ടനെല്ലൂർ, പടവരാട്, പുത്തൂർ സ്കൂളിന് മുന്നിൽ എന്നിവടങ്ങളിലടക്കം ക്രമസമാധാന പ്രശ്നങ്ങളുണ്ടാക്കിയ നിരവധി അക്രമക്കേസുകളിൽ ഇയാൾ പ്രതിയായിരുന്നു.
പൊലീസ് വളഞ്ഞതോടെ ഇൻസ്പെക്ടറെ കൊന്നു കളയുമെന്ന് പരസ്യമായി ഭീഷണിപ്പെടുത്തിയ പ്രതി ഫർഷാദിനെ കുത്തിപരിക്കേൽപ്പിക്കുകയായിരുന്നു. തുടർന്ന് ഒപ്പമുണ്ടായിരുന്ന പൊലീസ് സംഘം ബലപ്രയോഗത്തിലൂടെ പ്രതിയെ കീഴ്പ്പെടുത്തി അറസ്റ്റ് ചെയ്തു. കുത്തേറ്റ് അതീവ ഗുരുതരാവസ്ഥയിലായ ഇൻസ്പെക്ടർ ഫർഷാദിനെ ഒല്ലൂരിലെ മിഡാസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചാണ് വിദഗ്ദ്ധ ചികിത്സ നൽകി ജീവൻ രക്ഷിച്ചത്.
"https://www.facebook.com/Malayalivartha

























