ലോക്ഡൗണില്‍ സംസ്ഥാനത്ത് പൊലീസ് പരിശോധന വീണ്ടും കര്‍ശനമാക്കി.... പോത്തന്‍കോട്ട് കോവിഡ് ബാധിച്ച് മരിച്ചയാള്‍ക്ക് രോഗം വന്നത് എവിടെ നിന്നെന്ന് ഇപ്പോഴും വ്യക്തമാകാത്ത സാഹചര്യത്തിലാണ് പരിശോധനയും നിയന്ത്രണവും കര്‍ക്കശമാക്കിയത്
ലോക്ഡൗണില്‍ സംസ്ഥാനത്ത് പൊലീസ് പരിശോധന വീണ്ടും കര്‍ക്കശമാക്കി. വിവിധ പെന്‍ഷനുകള്‍ വാങ്ങാന്‍ ഉള്‍പ്പെടെ കാരണങ്ങള്‍ പറഞ്ഞ് ആളുകള്‍ കൂട്ടത്തോടെ റോഡിലിറങ്ങിയത് കഴിഞ്ഞ ദിവസങ്ങളില്‍ മിക്കയിടത്തും പ്രശ്നം സൃഷ്ടിച്ചിരുന്നു. ആ സാഹചര്യത്തില്‍ പൊലീസിന് കൂടുതല്‍ ശക്തമായി ഇടപെടേണ്ടി വരുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. പോത്തന്‍കോട്ട് കോവിഡ് ബാധിച്ച് മരിച്ചയാള്‍ക്ക് രോഗം വന്നത് എവിടെ നിന്നെന്ന് ഇപ്പോഴും വ്യക്തമാകാത്ത സാഹചര്യത്തിലാണ് പരിശോധനയും നിയന്ത്രണവും കര്‍ക്കശമാക്കിയത്.
പലയിടത്തും അനാവശ്യ കാരണങ്ങള്‍ക്കായി പുറത്തിറങ്ങിയവരെ പൊലീസ് മടക്കി അയച്ചു.ഇന്നു മുതല്‍ പൊതുവിതരണ കേന്ദ്രങ്ങള്‍ വഴി ഭക്ഷ്യധാന്യവിതരണം ആരംഭിക്കുമ്പോള്‍ കൂടുതല്‍ തിരക്കുണ്ടാകുമെന്നാണ് വിലയിരുത്തല്‍. അതും മുന്‍കൂട്ടി കണ്ടാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത്. മിക്കയിടത്തും ജനങ്ങള്‍ കൂടി നില്‍ക്കരുതെന്ന് ചൂണ്ടിക്കാട്ടി പൊലീസിന്റെ അനൗണ്‍സ്മന്റെ് നടപടികളും തുടരുകയാണ്.
എന്നിട്ടും പലയിടങ്ങളിലും ആളുകള്‍ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ തയാറാകുന്നില്ലെന്നും പൊലീസുകാര്‍ പറയുന്നു. നിസ്സാരകാരണങ്ങള്‍ പറഞ്ഞ് സത്യവാങ്മൂലം തയാറാക്കി യാത്ര ചെയ്യുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന് ഡി.ജി.പി വ്യക്തമാക്കി. ഇത്തരക്കാരെ അറസ്റ്റ് ചെയ്ത് കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം വാഹനം പിടിച്ചെടുക്കും.
അവശ്യസാധങ്ങള്‍ വില്‍ക്കുന്ന കടകളിലും മറ്റും ആള്ക്കാര് കൂട്ടംകൂടുന്നത് തടയും. കടകളില്‍ വരുന്നവര്‍ സാമൂഹിക അകലം പാലിക്കണമെന്ന് നിര്‍ദേശിക്കാന്‍ കട ഉടമസ്ഥനോട് ആവശ്യപ്പെടും. ബാങ്കുകളിലും മറ്റു സ്ഥാപനങ്ങളിലും പോകുന്നവര്‍ കൃത്യമായ സാമൂഹിക അകലം പാലിച്ചുതന്നെ വരി നില്‍ക്കണം. ഇക്കാര്യം കര്‍ശനമായി നടപ്പാക്കാന്‍ സ്റ്റേഷന് ഹൗസ് ഓഫിസര്‍മാര്‍ക്ക് നിര്‍ദേശം നല്കി.
https://www.facebook.com/Malayalivartha