തിരുനെല്ലിയില്‍ വീണ്ടും കുരങ്ങുപനി

വയനാട്, മാനന്തവാടിയില്‍ 2 പേര്‍ക്ക് കൂടി കുരങ്ങുപനി സ്ഥിരീകരിച്ചതോടെ തിരുനെല്ലി പഞ്ചായത്തില്‍ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. ഇന്നലെ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയ ഡിഎംഒ ഡോ. ആര്‍ രേണുക, ഡപ്യൂട്ടി ഡിഎംഒ ഡോ. നൂന മര്‍ജ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം , ജനപ്രതിനിധികള്‍ക്കും പിഎച്ച്‌സി അധികൃതര്‍ക്കും ഒപ്പം മണ്ണുണ്ടി, ബേഗൂര്‍, നാരങ്ങാക്കുന്ന് കോളനികളിലും സന്ദര്‍ശനം നടത്തി. തിരുനെല്ലിയില്‍ നടന്നു വരുന്ന 'പനി സര്‍വേ' ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഓരോ വീടും കയറി ഇറങ്ങി പനിയോ മറ്റു രോഗലക്ഷണങ്ങളോ ഉളളവര്‍ ഉണ്ടോ എന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പരിശോധിച്ച് വരികയാണ്. ഒപ്പം ബോധവല്‍കരണവും നല്‍കുന്നു. ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ദൂരസ്ഥലങ്ങളില്‍ നിന്നും നിരവധിയാളുകള്‍ വീടുകളിലേക്ക് തിരിച്ചെത്തിയ സാഹചര്യത്തില്‍ പ്രതിരോധ നടപടി കുറ്റമറ്റതാക്കും. കുരങ്ങ് പനിയുടെയും കോവിഡ് 19യുടെയും പശ്ചാത്തലത്തില്‍ എന്തെങ്കിലും രോഗലക്ഷണങ്ങള്‍ ഉള്ളവരെ അപ്പപ്പറ കുടുംബാരോഗ്യ കേന്ദ്രത്തിലോ, കാട്ടിക്കുളത്തെ ബേഗൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലോ എത്തിച്ച് ചികിത്സിക്കും. ഇവരുടെ അസുഖം മാറുന്നുണ്ടോ എന്ന് തുടര്‍ ദിവസങ്ങളില്‍ നിരീക്ഷിക്കും.
പനി സര്‍വേ നടത്തുന്നത് അപ്പപ്പാറ കുടുംബാരോഗ്യ കേന്ദ്രം, ബേഗൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാര്‍, ആശാ വര്‍ക്കര്‍മാര്‍, ഊരുമിത്രങ്ങള്‍, എസ്ടി പ്രമോട്ടര്‍മാര്‍ എന്നിവരുടെ നേതൃത്വത്തിലാണ്്. ഓരോ വീടുകളിലും എത്തി കോവിഡ് ബാധിത പ്രദേശങ്ങളില്‍ നിന്ന് വന്നവരുണ്ടോ എന്ന വിവരവും രേഖരിക്കുന്നുണ്ട്. കുരങ്ങു പനിയുടെ കാര്യത്തില്‍ വനത്തില്‍ പോകുന്നവരെയും കന്നുകാലികളെ മേയ്ക്കാന്‍ പോകുന്നവരെയും പ്രത്യേകം പരിഗണിക്കുന്നുണ്ടെന്നും അധികൃതര്‍ പറഞ്ഞു. പരിശോധനയില്‍ കുരങ്ങുപനി രോഗലക്ഷണമുള്ളവരെ വിദഗ്ധ ചികിത്സയ്ക്കായി അയയ്ക്കും. ഇത്തരത്തില്‍ 2 പേരാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലും സ്വകാര്യ ആശുപത്രിയിലുമായി ചികിത്സയിലുള്ളത്.
കുരങ്ങുപനി സംശയിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന നാരാക്കുന്ന് കോളനിയിലെ സ്ത്രീ രോഗം മാറി വീട്ടില്‍ തിരിച്ചെത്തി. ഈ വര്‍ഷം ജില്ലയില്‍ 16 പേര്‍ക്കാണ് കുരങ്ങുപനി സ്ഥിരീകരിച്ചത്. ഇതില്‍ ഒരാള്‍ മരിച്ചു. അടുത്തിടെ ബേഗൂര്‍, ബാവലി, നാരങ്ങാക്കുന്ന് കോളനിക്ക് സമീപം എന്നിവിടങ്ങളില്‍ കുരങ്ങുകളെ ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു. ഇത്തരം കാര്യങ്ങളും നിരീക്ഷിച്ച് വരികയാണ്.
ഇതിനകം കുരങ്ങുപനി പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ചവരുടെ എണ്ണം തിരുല്ലിയില്‍ മാത്രം 6000 കടന്നു. നാളെ മുതല്‍ വീണ്ടും പ്രതിരോധ ക്യാംപുകള്‍ നടത്തുമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു
https://www.facebook.com/Malayalivartha


























