ആ പ്രോട്ടോകോള്‍ കബറടക്കം ഇങ്ങനെ... പത്തടിത്താഴ്ചയില്‍ കുഴി, 5 കിലോ ബ്ലീച്ചിങ് പൗഡര്‍!

കോവിഡ് രോഗം ബാധിച്ചു മരിച്ച മാഹി സ്വദേശി മഹ്‌റൂഫിന്റെ മൃതദേഹം അതീവ സുരക്ഷകളോടെ പ്രോട്ടോകോള്‍ പ്രകാരമാണ് സംസ്‌കരിച്ചത്. പലഘട്ടങ്ങളിലായി മൃതദേഹം അണുവിമുക്തമാക്കുകയും സുരക്ഷാ കവചമൊരുക്കുകയും ചെയ്താണു സംസ്‌കാരം നടത്തിയത്. രണ്ടു മീറ്റര്‍ അകലെ നിര്‍ത്തിയാണ് മക്കള്‍ അടക്കമുള്ള അടുത്ത ബന്ധുക്കള്‍ക്ക് മൃതദേഹം കാണാന്‍ അവസരം നല്‍കിയത്.
ശരീര സ്രവങ്ങള്‍ പുറത്തേക്കു വരാതിരിക്കാനായി ശരീരം മുഴുവന്‍ പ്ലാസ്റ്ററില്‍ ചുറ്റിക്കെട്ടി, പലവട്ടം പല തുണികളിലായി പൊതിഞ്ഞാണ് മൃതദേഹം ആശുപത്രിയില്‍ നിന്നു പുറത്തെത്തിച്ചത്. മാഹിയാണ് സ്വദേശമെങ്കിലും സുരക്ഷാ മുന്‍കരുതല്‍ എടുക്കാനായി മൃതദേഹം തളിപ്പറമ്പിലാണു സംസ്‌കരിച്ചത്.
പത്തടിത്താഴ്ചയില്‍ കുഴിയെടുത്ത് രണ്ടു ഘട്ടങ്ങളിലായി 5 കിലോ ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിച്ചാണു മൃതദേഹം മണ്ണിട്ടു മൂടിയത്. കബറടക്ക ചടങ്ങില്‍ നാലു പേരെ മാത്രമാണു പങ്കെടുപ്പിച്ചത്. തളിപ്പറമ്പ് കോരന്‍പീടിക ജുമാമസ്ജിദ് കബര്‍സ്ഥാനിലോ പരിസരത്തോ ശുദ്ധജല സ്രോതസ്സുകള്‍ ഇല്ലെന്ന് ഉറപ്പുവരുത്തിയായിരുന്നു കബറടക്കം. ആയിഷയാണു മഹ്‌റൂഫിന്റെ ഭാര്യ. മക്കള്‍: ഷുഹൈബ്, അര്‍ഷാദ് (ദുബായ്), ജസീല, നദീം, മരുമക്കള്‍: നജീബ്, ഷാഹിന, ഹാഫിസ.
പരിയാരം മെഡിക്കല്‍ കോളജ് ആര്‍എംഒ ഡോ.എസ്.എം.സരിന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വിനോദ് ,മാഹി പോലീസ് സൂപ്രണ്ട് യു രാജശേഖര്‍, സ്‌പെഷല്‍ കോവിഡ് കണ്‍ട്രോള്‍ പൊലീസ് സൂപ്രണ്ട് രാജശങ്കര്‍ വെള്ളാത്ത്, തളിപ്പറമ്പ് ഡിവൈഎസ്പി ടി.കെ. രത്‌നകുമാര്‍, പരിയാരം പഞ്ചായത്ത് പ്രസിഡന്റ് എ.രാജേഷ്, തളിപ്പറമ്പ നഗരസഭ ചെയര്‍മാന്‍ അള്ളാകുളം മുഹമ്മദ്,തസില്‍ദാര്‍ ടി.കെ.പ്രകാശ്, എന്നിവര്‍ സംസ്‌കാര ചടങ്ങുകള്‍ക്കു നേതൃത്വം നല്‍കി.
ഒരു ആംബുലന്‍സിലായിരുന്നു കോവിഡ് ബാധിച്ച മരിച്ച മാഹി സ്വദേശിയുടെ നിരീക്ഷണത്തിലുള്ള മകനെയും ബന്ധക്കളെയും അടക്കമുള്ള 4 പേരെ സംസ്‌കാര ചടങ്ങിനു പരിയാരത്തേക്കു കൊണ്ടുവന്നത്. നാലു പേരെയും ഓരോ ആംബുലന്‍സില്‍ കൊണ്ടുവരണമെന്ന ആരോഗ്യ ചട്ടമാണ് മാഹി ആരോഗ്യ അധികൃതര്‍ ലംഘിച്ചത്. പരിയാരം മെഡിക്കല്‍ കോളജ് അധികൃതര്‍ ചട്ട ലംഘനം ജില്ലാ കലക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തി. തുടര്‍ന്ന് ഒരാള്‍ക്ക് ഒരു ആംബുലന്‍സ് എന്ന രീതിയിലാണ് തിരിച്ചു മാഹിയിലേക്ക് വിട്ടത്.
എവിടെ നിന്നാണു രോഗം പിടിപെട്ടത് എന്നു തിരിച്ചറിഞ്ഞിട്ടില്ല. എങ്കിലും വ്യാപനമുണ്ടാകാതിരിക്കാനുള്ള എല്ലാ നടപടികളും എടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha


























