പ്രവാസികള്‍ വിമാനത്താവളത്തില്‍ എത്തുമ്പോള്‍ തന്നെ ഓണ്‍ലൈന്‍ അറിയിപ്പ് ലഭ്യമാക്കാന്‍ സര്‍ക്കാര്‍

നോര്‍ക്ക പോര്‍ട്ടലില്‍ നല്‍കിയതും സ്പ്രിന്‍ക്ലര്‍ വഴി ശേഖരിച്ചതുമായ വിവരങ്ങള്‍ ചേര്‍ത്തു പ്രവാസികളെ നിരീക്ഷിക്കാന്‍ സര്‍ക്കാര്‍ ഡിജിറ്റല്‍ പദ്ധതി ഒരുക്കുന്നു. ലോക്ഡൗണിനു ശേഷം കോവിഡ് മേഖലകളില്‍ നിന്നു പ്രവാസികള്‍ വിമാനത്താവളത്തില്‍ എത്തുമ്പോള്‍ തന്നെ പൊലീസിനും അതതു തദ്ദേശ സ്ഥാപനത്തിനും ഓണ്‍ലൈന്‍ അറിയിപ്പ് ലഭ്യമാക്കി നാട്ടില്‍ തയാറെടുപ്പുകള്‍ ഒരുക്കുന്നതിനു വേണ്ടിയാണിത്.
വിമാനത്താവളത്തിലെ ഹെല്‍പ്‌ഡെസ്‌ക്കിലെത്തുന്നവര്‍ക്ക് രോഗലക്ഷണങ്ങളില്ലെങ്കില്‍ വീട്ടിലേക്കു പോകാന്‍ അനുവദിക്കും. ഒപ്പം അതതു സ്ഥലത്തെ പൊലീസിനും തദ്ദേശസ്ഥാപനത്തിനും അറിയിപ്പു ലഭിക്കും. വീട്ടിലെത്തുന്നവര്‍ക്കു കൃത്യമായി സ്വന്തം ആരോഗ്യസ്ഥിതി സര്‍ക്കാരിനെ അറിയിക്കാനും സൗകര്യമുണ്ടാകും.
രോഗസാധ്യതയേറിയവര്‍ കൂടുതലുള്ള സ്ഥലത്തേക്കു കൂടുതല്‍ പ്രവാസികള്‍ എത്തുന്ന സാഹചര്യം കണ്ടാല്‍ മുന്‍കരുതല്‍ ശക്തമാക്കാന്‍ കഴിയും. 60 വയസ്സിനു മുകളിലുള്ളവര്‍, സാംക്രമികേതര രോഗമുള്ളവര്‍, കിടപ്പുരോഗികള്‍ തുടങ്ങി ഓരോ സ്ഥലത്തും കോവിഡ് സാധ്യതയുള്ളവരുടെ വിവരശേഖരവും പ്രവാസികളുടെ വരവും ഒത്തുനോക്കും.
വാട്‌സാപ്, എസ്എംഎസ്, ഗൂഗിള്‍ ഷീറ്റ്‌സ്, എക്‌സല്‍ ഫയല്‍, ഓണ്‍ലൈന്‍ ഫോമുകള്‍ തുടങ്ങി പലതരത്തിലുള്ള ഘടനാരഹിതമായ (unstructured) ഡേറ്റാ സ്രോതസ്സുകളിലൂടെ സര്‍ക്കാരിലെത്തുന്ന വിവരങ്ങളില്‍ നിന്ന് ആവശ്യമുള്ളതു മാത്രമെടുത്തു വിവരവിശകലനം നടത്തുകയാണ സ്പ്രിന്‍ക്ലര്‍ ചെയ്യുന്നത്.
ഉദാഹരണത്തിന് ഒരു വ്യക്തി 'എനിക്ക് പനിയുണ്ടെന്നു തോന്നുന്നു' എന്ന് മലയാളത്തില്‍ വാട്‌സാപ്പില്‍ അയച്ചാല്‍ പോലും അതിലെ വിവരം കൃത്യമായി മനസ്സിലാക്കി അപഗ്രഥിക്കാനാവും.
https://www.facebook.com/Malayalivartha


























