അതിഥി തൊഴിലാളികളുമായി കേരളത്തില്‍ നിന്നും ആദ്യ ട്രെയിന്‍ ഒഡിഷയിലേക്ക് തിരിച്ചു

ലോക്ഡൗണിനെ തുടര്‍ന്ന് കേരളത്തില്‍ തുടരാന്‍ നിര്‍ബന്ധിതരായ 1200 ഒഡീഷ സ്വദേശികള്‍ കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പ്രത്യേക ട്രെയിനില്‍ നാട്ടിലേക്ക് മടങ്ങി. യാത്ര പൂര്‍ണമായും വിജയകരമായാല്‍ മറ്റ് സംസ്ഥാനങ്ങളിലെ തൊഴിലാളികളെയും വരും ദിവസങ്ങളില്‍ സ്വന്തം നാടുകളിലേയ്ക്ക് മടക്കി അയയ്ക്കും.
കോവിഡ് പരിശോധന പൂര്‍ത്തിയാക്കി തിരിച്ചറിയല്‍ രേഖകള്‍ ഉറപ്പാക്കി തൊഴിലാളികളെ ബസ്സുകളിലാണ് എറണാകുളം ആലുവ റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചത്. ആലുവയില്‍നിന്ന് ഒഡിഷയിലെ ഭുവനേശ്വറിലേക്കായിരുന്നു അതിഥി തൊഴിലാളികളെയും വഹിച്ചു കൊണ്ടുള്ള ആദ്യ ട്രെയിന്‍ പുറപ്പെട്ടത്.
ആദ്യ സംഘം റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴേക്കും 7.30 കഴിഞ്ഞിരുന്നു. 34 മണിക്കൂര്‍ നീളുന്ന യാത്രയില്‍ വിശപ്പടക്കാന്‍ ഭക്ഷണപ്പൊതികള്‍ നല്‍കിയാണ് തൊഴിലാളികളെ ജില്ലാഭരണകൂടം യാത്ര അയച്ചത്. ട്രെയിന്‍ പുറപ്പെടുന്ന സമയം വൈകിട്ട് 7 മണിക്ക് ആണെന്ന് അറിയിച്ചെങ്കിലും രാത്രി 10 മണിയോടെയാണ് ട്രെയിന്‍ പുറപ്പെട്ടത്.

ഒഡിഷക്ക് പുറപ്പെട്ട ട്രെയിനിലെ യാത്രക്കാരെ മന്ത്രി വി.എസ്. സുനില്‍കുമാറും അന്‍വര്‍ സാദത്ത് എംഎല്‍എ യും ചേര്‍ന്ന് യാത്രയാക്കുന്നു
യാത്രയിലുടനീളം അനുഗമിക്കുന്ന സിആര്‍പിഎഫ് സംഘം ട്രെയിനിനുള്ളില്‍ സാമൂഹിക അകലം പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കും. ഒരു കോച്ചില്‍ രണ്ടു സിആര്‍പിഎഫ് ഉദ്യോഗസ്ഥരുണ്ടാകും. ട്രെയിന്‍ ഭുവനേശ്വറില്‍ എത്തിയാല്‍ അവിടെ നിന്ന് സ്വന്തം വീട്ടിലേക്ക് എത്താന്‍ തൊഴിലാളികളെ ഒഡീഷ സര്‍ക്കാര്‍ സഹായിക്കും.
സുരക്ഷാ ക്രമീകരണങ്ങള്‍ പൂര്‍ണമായും പാലിച്ച് ആദ്യ യാത്ര വിജയകരമായാല്‍ വരും ദിവസങ്ങളില്‍ കൊച്ചിക്കു പുറമേ തിരുവനന്തപുരത്തു നിന്നും കോഴിക്കോട്ട് നിന്നും കൂടി അതിഥി തൊഴിലാളികളെയും വഹിച്ചുള്ള ട്രെയിനുകളുടെ സര്‍വീസ് തുടങ്ങും.
https://www.facebook.com/Malayalivartha


























