എടപ്പാളില്‍, ഇറ്റലിയില്‍ നിന്ന് വിദ്യാര്‍ഥി സംഘം എത്തിയതറിഞ്ഞ് നാട്ടുകാര്‍ പരിഭ്രാന്തരായി

മലപ്പുറത്ത് ഇന്നലെ രാവിലെ 11-ന് എടപ്പാള്‍ ടൗണില്‍ ഇറ്റലിയില്‍ നിന്ന് നാട്ടിലേക്ക് തിരിച്ച വിദ്യാര്‍ഥി സംഘം എത്തിയത് നാട്ടുകാരില്‍ ആശങ്കയ്ക്കിടയാക്കി. പിന്നീട് ആരോഗ്യ വകുപ്പും പൊലീസും ഇടപെട്ട് ഇവരെ വീടുകളിലേക്ക് എത്തിച്ചു.
ഇറ്റലിയില്‍ കുടുങ്ങിയ വിദ്യാര്‍ഥികളടങ്ങിയ ഈ സംഘം കഴിഞ്ഞ മാസം 22-ന് ദില്ലിയില്‍ എത്തിയിരുന്നു. എന്നാല്‍ ലോക് ഡൗണ്‍ നടപടികള്‍ കര്‍ശനമാക്കിയതോടെ ഇവര്‍ക്ക് കേരളത്തിലേക്ക് തിരിച്ചു വരാനായില്ല. പിന്നീട് കലക്ടറും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ഇടപെട്ട് ഇവര്‍ക്ക് രോഗമില്ലെന്ന് സ്ഥിരീകരിച്ചതിനാല്‍ കഴിഞ്ഞ ദിവസം വാനില്‍ ഇവര്‍ നാട്ടിലേക്ക് തിരിക്കുകയായിരുന്നു.
ഇവരില്‍ 4 പേര്‍ കോഴിക്കോട്, തിരൂര്‍, താനൂര്‍, പൊന്നാനി എന്നിവിടങ്ങളില്‍ നിന്നുള്ളവരായിരുന്നു. പൊന്നാനിയിലുള്ള വിദ്യാര്‍ഥിയെ എടപ്പാളില്‍ ഇറക്കി വിടാനായാണ് എടപ്പാള്‍-തൃശൂര്‍ റോഡില്‍ വാഹനം നിര്‍ത്തിയത്. വാഹനത്തിന് മുകളില്‍ നിന്ന് പെട്ടികളും ബാഗും ഉള്‍പ്പെടെയുള്ളവ ഇറക്കുന്നതിനിടെ നാട്ടുകാര്‍ രംഗത്തെത്തുകയായിരുന്നു.
ഇറ്റലിയില്‍ നിന്ന് വരികയാണെന്നുകൂടി അറിയിച്ചതോടെ നാട്ടുകാര്‍ പരിഭ്രാന്തരായി. ഇവര്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് ചങ്ങരംകുളം എസ്‌ഐ ടി.ഡി.മനോജ് കുമാറും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്‍.അബ്ദുല്‍ ജലീലും ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി. രേഖകള്‍ പരിശോധിച്ച ശേഷം രോഗമില്ലെന്നും യാത്രാ അനുമതിയുണ്ടെന്നും വ്യക്തമായതിനെ തുടര്‍ന്ന് ഇവരെ യാത്ര തുടരാന്‍ അനുവദിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha


























