തൃശൂര്‍ പൂരം ഇന്ന്! താന്ത്രിക ചടങ്ങുകള്‍ മാത്രമായി കുടമാറ്റവും മേളവുമില്ലാത്ത ഇത്തരമൊരു പൂരം ചരിത്രത്തിലാദ്യം... വടക്കുംനാഥ ക്ഷേത്രവും സമീപ പ്രദേശങ്ങളും നിശബ്ദം

തൃശൂര്‍ പൂര ദിവസമായ ഇന്ന് ക്ഷേത്രത്തിനകത്തെ ചടങ്ങുകള്‍ മാത്രം. ആറാട്ടൊഴികേ പുറത്തേയ്ക്കുള്ള എഴുന്നള്ളിപ്പുകള്‍ ഇല്ല. കോവിഡിന്റെ ലോക്ഡൗണ്‍ പ്രമാണിച്ച് ഒരാനപ്പുറത്തെ പൂരം പോലും ഒഴിവാക്കിയത്. ചരിത്രത്തില്‍ ഇന്നേവരെ പൂരം മുടങ്ങിപ്പോയപ്പോഴെല്ലാം ഒരാനപ്പുറത്ത് ചടങ്ങുകള്‍ നടന്നിരുന്നു. കോവിഡ് ഭീതിയില്‍ ഒരാനയെ പോലും പുറത്തിറക്കിയില്ല.
ഒമ്ബതുമണിയോടെ താന്ത്രിക ചടങ്ങുകള്‍ പൂര്‍ത്തിയാക്കി. പാറമേക്കാവ്, തിരുവമ്ബാടി ക്ഷേത്രങ്ങള്‍ അടച്ചു. പൂരം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് ഇത്തരത്തില്‍ പൂരം ഉപേക്ഷിക്കേണ്ടി വരുന്നത്. ഒരു ആനയെ മാത്രം വെച്ച് പൂരം നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് പാറമേക്കാവ് ദേവസ്വം സര്‍ക്കാരിനെ സമീപിച്ചിരുന്നു.
എന്നാല്‍ ഈ ആവശ്യം സര്‍ക്കാര്‍ നിരസിച്ചിരുന്നു. ലോക്ക്ഡൗണ്‍ രാജ്യത്ത് രണ്ടാഴ്ച കൂടി നീട്ടുകയും ചെയ്തു. വടക്കുംനാഥ ക്ഷേത്രവും സമീപ പ്രദേശങ്ങളും ഇന്ന് നിശബ്ദമാണ്. ആദ്യമായാണ് ഇത്തരത്തില്‍ ഒരു അവസ്ഥ. ജനലക്ഷങ്ങള്‍ ഒത്തുകൂടേണ്ട ഉത്സവപ്പറമ്ബ് ആളും ആരവവുമില്ലാതെ കിടക്കുകയാണ്.
തിരുവമ്ബാടി, പാറമേക്കാവ് എന്നീ ക്ഷേത്രങ്ങള്‍ ഉള്‍പ്പെടെ 10 ക്ഷേത്രങ്ങളാണ് തൃശ്ശൂര്‍ പൂരത്തില്‍ പങ്കെടുക്കുന്നത്. പുലര്‍ച്ചെ കണിമംഗലം ശാസ്താവ് വടക്കുംനാഥനെ വണങ്ങാന്‍ എത്തുന്നതോടു കൂടി ആരംഭിക്കുന്ന പൂരം അടുത്ത ദിവസം ഉച്ചയോടുകൂടിയാണ് അവസാനിക്കുക. പൂരം കൊടിയേറിയതിന് ശേഷമുള്ള ദിവസങ്ങളില്‍ ആറാട്ട് നടക്കും.
പൂരവുമായി ബന്ധപ്പെട്ട് വലിയ താന്ത്രിക ചടങ്ങുകള്‍ അധികമില്ല. ഇക്കാരണത്താലാണ് ഇന്ന് ഒമ്ബതുമണിയോടുകൂടി ക്ഷേത്രം അടയ്ക്കുന്നത്. മഠത്തില്‍ വരവ്, ഇലഞ്ഞിത്തറമേളം, കുടമാറ്റം, വെടിക്കെട്ട് തുടങ്ങിയവയെല്ലാം മാറ്റിവച്ചു.
https://www.facebook.com/Malayalivartha


























