തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടറുകള്‍ തുറക്കുന്നത് മത്സ്യ ലഭ്യത വര്‍ദ്ധിപ്പിക്കും

ഇന്നു രാവിലെ 8 മുതല്‍ തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടറുകള്‍ തുറന്നു തുടങ്ങുന്നതോടെ വേമ്പനാട്ട് കായലിലെ മത്സ്യ ലഭ്യത ഇനി കൂടുമെന്ന പ്രതീക്ഷയിലാണ് ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍. ജലാശയങ്ങളില്‍ ജല നിരപ്പ് ഉയര്‍ന്ന് സ്വാഭാവിക ഒഴുക്കു ശക്തമാകുന്നതോടെ തോടുകളില്‍ തെളിനീര്‍ ഒഴുകുകയും ചെയ്യും.
ശക്തമായ ഒഴുക്കില്‍ ജലാശയങ്ങളില്‍ അടിഞ്ഞു കൂടിയ മാലിന്യങ്ങളും വേഗം മാറും. ഉപ്പു വെള്ളം എത്തുന്നത് തെങ്ങിനു ഗുണകരമാകും. ഒഴുക്കിനൊപ്പം മീനുകള്‍ പായുമ്പോള്‍ തൊഴിലാളികള്‍ക്ക് മത്സ്യ ലഭ്യത കൂടും. പകര്‍ച്ച രോഗ ഭീതി ഒഴിയും എന്നിങ്ങനെ അനവധി പ്രതീക്ഷകളിലേക്കാണു ഷട്ടറുകള്‍ തുറക്കുന്നത്. നാലര മാസം കുട്ടനാട്ടിലെ പുഞ്ചക്കൃഷിക്കു വേണ്ടി ഷട്ടറുകള്‍ അടച്ചിട്ട ശേഷമാണ് തുറക്കുന്നത്.
ഒന്നാം ഘട്ടത്തില്‍ തണ്ണീര്‍മുക്കത്തു നിന്നാണു ഷട്ടര്‍ തുറക്കുന്നതു തുടങ്ങുന്നത്. ഇവിടത്തെ 31 ഷട്ടറുകള്‍ തുറന്ന ശേഷം രണ്ടാം ഘട്ടത്തിലെ അംബികാ മാര്‍ക്കറ്റിലെ 10 എമര്‍ജന്‍സി ഷട്ടറുകള്‍ ഉള്‍പ്പെടെയുള്ള 31 എണ്ണം തുറക്കും. നടുഭാഗത്തെ മൂന്നാം ഘട്ടത്തിലെ 28 ഷട്ടറുകള്‍ അവസാനം തുറക്കും. കായലിന്റെ തെക്ക് ഭാഗത്തേക്കുള്ള ഒഴുക്ക് ക്രമീകരിക്കുന്നതിന് ആണു ഈ ക്രമത്തിന് ഷട്ടറുകള്‍ തുറക്കുന്നത്.
നേരത്തെ ഓരോ ഷട്ടറുകളിലും യന്ത്രം കൊണ്ടുപോയി ഘടിപ്പിച്ചു തുറക്കുന്നതിനാല്‍ ഒരാഴ്ച വേണ്ടി വരുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഓരോ ഷട്ടറുകളിലും യന്ത്രം ഘടിപ്പിച്ചിട്ടുള്ളതുമൂലം വേഗം തുറക്കാന്‍ കഴിയും. വൈദ്യുതി വിതരണം നിലച്ചാല്‍ ജനറേറ്റര്‍ ഉപയോഗിച്ചു യന്ത്രം പ്രവര്‍ത്തിപ്പിക്കും. കുട്ടനാട്ടിലെ പുഞ്ചക്കൊയ്ത്ത് തീര്‍ന്നതായുള്ള വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണു ഷട്ടറുകള്‍ തുറക്കുന്നത്.
ഡിസംബര്‍ 15-ന് അടച്ച് മാര്‍ച്ച് 15-ന് തുറക്കുക എന്നതായിരുന്നു നേരത്തെ ഉണ്ടായിരുന്ന സമയക്രമം. എന്നാല്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഏപ്രില്‍ പകുതിയോടെ ആണു തുറക്കുന്നത്. ഇത്തവണ അതും കഴിഞ്ഞു മേയിലാണ് തുറക്കുന്നത്. കുട്ടനാട്ടിലെ പുഞ്ചക്കൃഷിയെ ഉപ്പു വെള്ളത്തില്‍ നിന്നു രക്ഷിക്കുന്നതിനാണു ഷട്ടറുകള്‍ അടയ്ക്കുന്നത്.
മൂന്നാം ഘട്ടം ഷട്ടറുകള്‍ക്ക് പകരമായി നേരത്തെ നിര്‍മിച്ച മണ്‍ചിറ മുകള്‍ ഭാഗം മാത്രമേ പൂര്‍ണമായും നീക്കിയിട്ടുള്ളൂ. മണ്‍ ചിറയുടെ 80 സെന്റീമീറ്റര്‍ താഴ്ചയില്‍ മാത്രമാണു മണ്ണ് നീക്കിയത്. അടിഭാഗത്ത് മണ്‍തിട്ട ഇപ്പോഴും ഉണ്ട്. ജല നിരപ്പ് താഴ്ന്നതിനാല്‍ ഇന്നലെ മണ്‍തിട്ട കാണാന്‍ കഴിയുമായിരുന്നു. വടക്ക് നിന്നു വെള്ളം കായലിന്റെ തെക്ക് ഭാഗത്തേക്കു കയറുന്നതോടെ മണ്‍ചിറ വെള്ളത്തിനടിയിലാകും. മൂന്നാം ഘട്ടം ഷട്ടറുകള്‍ വഴിയുള്ള ഒഴുക്കിന് ഇത് തടസ്സം സൃഷ്ടിക്കും.
https://www.facebook.com/Malayalivartha


























