ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടാകുമെന്ന് മുന്നറിയിപ്പ് ; മേയ് 2, 3 തീയതികളിൽ കേരളത്തിൽ ഒന്നോ രണ്ടോ ഇടങ്ങളിൽ മണിക്കൂറിൽ 30-40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശിയേക്കും; ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 എംഎം മുതല്‍ 115.5 എംഎം വരെ ശക്തമായ മഴ ഉണ്ടാകാമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്

കേരളത്തിൽ ഒന്നു രണ്ടിടങ്ങളിൽ മഴ. കോഴിക്കോട്, കോന്നി (പത്തനംതിട്ട), കാഞ്ഞിരപ്പളളി, കുമരകം (കോട്ടയം), തൊടുപുഴ (ഇടുക്കി), പെരുമ്പാവൂർ (എറണാകുളം) എന്നിവിടങ്ങളിലാണ് ഇന്നു മഴ ലഭിച്ചത്. മേയ് 6 വരെ കേരളത്തിൽ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് റിപ്പോർട്ടിൽ പറയുന്നത്. എന്നിരുന്നാലും ലക്ഷദ്വീപിൽ വരണ്ട കാലാവസ്ഥ തുടരുകയാണ്.
ഇന്നും നാളെയും ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിൽ നേരിയ മഴ ലഭിച്ചേക്കും. മേയ് 2, 3 തീയതികളിൽ കേരളത്തിൽ ഒന്നോ രണ്ടോ ഇടങ്ങളിൽ മണിക്കൂറിൽ 30-40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശിയേക്കും. 4, 6 തീയതികളിൽ ഒന്നോ രണ്ടോ ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴ പെയ്യും.
ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 എംഎം മുതല്‍ 115.5 എംഎം വരെ ശക്തമായ മഴ ഉണ്ടാകാമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയത്. മഴയോട് അനുബന്ധിച്ച് ഇടിമിന്നല്‍ ഉണ്ടാകുമെന്നും, ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.
കനത്ത മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ഇടുക്കി ജില്ലയില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. മെയ് 04 വരെ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ചില നേരങ്ങളില്‍ പൊടുന്നനെ വീശിയടിക്കുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തെക്കൻ ആൻഡമാൻ കടലിനോടും തൊട്ടടുത്തുള്ള തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിനോടും ചേർന്നുളള ഭാഗങ്ങളിൽ കടൽ വളരെ പ്രക്ഷുബ്ദമായിരിക്കും. മത്സ്യത്തൊഴിലാളികൾ ഈ പ്രദേശങ്ങളിൽ മത്സ്യ ബന്ധനത്തിന് പോകരുത്.
കേരളത്തിൽ ഇപ്പോൾ ലഭിക്കുന്ന മഴയോടനുബന്ധിച്ച് ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത ഉണ്ട് (ചില സമയങ്ങളിൽ രാത്രി വൈകിയും ഇത് തുടർന്നേക്കാം). ഇത്തരം ഇടിമിന്നൽ അപകടകാരികൾ ആണ്. അവ മനുഷ്യ ജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഇടിമിന്നലിനെ ഒരു സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ട്
കഴിഞ്ഞ 24 മണിക്കൂറിനിടയിൽ കേരളത്തിൽ താപനിലയിൽ കാര്യമായ മാറ്റമില്ല. ആലപ്പുഴ, കോഴിക്കോട്, കോട്ടയം, തിരുവനന്തപുരം ജില്ലകളിൽ താപനില സാധാരണയിൽനിന്നും ഉയർന്ന നിലയിലായിരുന്നു. ഇന്നു പാലക്കാട്, ആലപ്പുഴ ജില്ലകളിലാണ് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത്, 37 ഡിഗ്രി സെൽഷ്യസ്.
ശ്രീകണ്ഠപുരത്ത് കനത്ത വേനല്‍മഴയില്‍ മാര്‍ക്കറ്റ് മുങ്ങി. രണ്ടു ദിവസം മുന്‍പ് ഇവിടെ ഓടകള്‍ ഭാഗികമായി തുറന്നിരുന്നു. ജിഎച്ച്എസ്എസ് പരിസരത്തെ കുന്നില്‍ നിന്നു മഴയില്‍ കുത്തിയൊലിച്ചു വന്ന വെള്ളവും മണ്ണും റോഡിലൂടെ ഒഴുകി മാര്‍ക്കറ്റില്‍ നിറയുകയായിരുന്നു.
15 കടകളില്‍ വെള്ളം കയറി. ലോക്ഡൗണ്‍ കാലമായതു കൊണ്ട് തുറന്നില്ലെങ്കിലും എല്ലാ കടകളിലും സാധനങ്ങള്‍ ഉണ്ട്. മാര്‍ക്കറ്റിലെ 2 ചിക്കന്‍ സ്റ്റാളുകള്‍ വെള്ളത്തില്‍ മുങ്ങി.
മഴക്കാലത്തിന്റെ തുടക്കത്തില്‍ തന്നെ എല്ലാ ഓടകളും പൂര്‍ണമായി തുറന്നില്ലെങ്കില്‍ വ്യാപാരികളും, നാട്ടുകാരും വന്‍ ദുരിതം അനുഭവിക്കും. ഇടിയോടു കൂടിയ മഴയായിരുന്നു.
കനത്ത കാറ്റില്‍ വാഴകളും, മറ്റും മറിഞ്ഞു വീണിട്ടുണ്ട്. മല്‍സ്യ-മാംസ മാര്‍ക്കറ്റ്, ചിക്കന്‍ കടകള്‍ എന്നിവയെല്ലാം വെള്ളത്തില്‍ മുങ്ങി. ഇന്നലെ വൈകിട്ടായിരുന്നു കനത്ത മഴയും ഇടി മിന്നലും ഉണ്ടായത്. കാറ്റും ഉണ്ടായിരുന്നു.
https://www.facebook.com/Malayalivartha


























