തിരുവനന്തപുരത്ത് പരിശോധന ഫലത്തില്‍ വ്യത്യാസം വന്ന രണ്ടുപേർക്കും കൊവിഡ് നെഗറ്റീവ് എന്ന് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധനയിൽ സ്ഥിരീകരണം

ആലപ്പുഴയിലെ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധനയിൽ ഇപ്പോൾ ഒരു വലിയ തെറ്റ് സംഭവിച്ചിരിക്കുകയാണ്. അതായത് തിരുവനന്തപുരത്ത് പരിശോധന ഫലത്തില്‍ വ്യത്യാസം വന്ന രണ്ടുപേർക്കും കൊവിഡ് നെഗറ്റീവ് എന്ന് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധനയിൽ സ്ഥിരീകരണം വന്നിരിക്കുന്നത്
തിരുവനന്തപുരം വഴുതക്കാട്ടെ രാജീവ് ഗാന്ധി ബയോടെക്നൊളജിയിൽ ആദ്യം നടത്തിയ പരിശോധനയിൽ പോസിറ്റീവ് ആയതിനെ തുടർന്നാണ് തിരുവനന്തപുരത്ത് രണ്ട് പേരെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. എന്നാൽ ഇവർക്ക് വൈറസ് ബാധയില്ലെന്ന് ആശുപത്രിയിലെ പരിശോധനയിൽ കണ്ടെത്തി. ഇതോടെയാണ് പരിശോധന സംബന്ധിച്ച് ആശയക്കുഴപ്പം തുടങ്ങിയത്.
പരിശോധന ഫലം സംബന്ധിച്ച് അവ്യക്തതകള്‍ ഉയര്‍ന്നതോടെ രണ്ടുപേരുടെയും സ്രവം ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചത്. ഇവിടുത്തെ പരിശോധന ഫലവും നെഗറ്റീവായതോടെയാണ് ഇരുവർക്കും രോഗമില്ലെന്നു സ്ഥിരീകരിച്ചത്. ഫലത്തെ സംബന്ധിച്ചു അവ്യക്തകൾ ഉയർന്നതോടെ രാജീവ് ഗാന്ധി സെന്ററിൽ തന്നെ രണ്ടുപേരുടെയും ആദ്യമെടുത്ത സ്രവ സാമ്പിൾ വീണ്ടും പരിശോധിച്ചു. അപ്പോഴും ഫലം നെഗറ്റീവായി.
ഐസിഎംആർ നൽകിയ കിറ്റിൽ ആണ് ആദ്യം പരിശോധിച്ചതെന്നും അപ്പോഴാണ് പോസിറ്റീവ് ഫലം കിട്ടിയതെന്നും രണ്ടാമത് പരിശോധന നടത്തിയത് സംസ്ഥാന സർക്കാർ നൽകിയ കിറ്റിൽ ആണെന്നും ആണ് ആർജിസിബി അധികൃതരുടെ വിശദീകരണം. നിലവിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഉള്ള കന്യാകുമാരി സ്വദേശിക്ക് കരൾ രോഗം അടക്കം ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ തീവ്രപരിചരണ വിഭാഗത്തിലാണ്.
കൊവിഡ് ചികിത്സ മാനദണ്ഡങ്ങൾ അനുസരിച്ചു 48 മണിക്കൂറിലെ രണ്ടു ഫലങ്ങൾ കൂടി നോക്കിയ ശേഷം കൊവിഡ് മുക്തരാണെന്ന് ഇവരെ ഔദ്യോഗികമായി അറിയിക്കും. ഇതിനു ശേഷം മെഡിക്കൽ ബോർഡ് കൂടി ഇവരെ ഡിസ്ചാർജ് ചെയ്യുന്നതടക്കമുള്ള തുടർനടപടികൾ സ്വീകരിക്കും.
അതെ സമയം അയല്‍ സംസ്ഥാനത്തു നിന്നും ജില്ലയില്‍ എത്തുന്നവരെ സ്വീകരിക്കുന്നതിനായി സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച എല്ലാ സൗകര്യങ്ങളും അതിര്‍ത്തിയില്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ ഭരണകൂടം അറിയിച്ചു.
ജില്ലയില്‍ തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന അമരവിളയില്‍ ഇതിനായുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിക്കഴിഞ്ഞു. റോഡിന് ഇരുവശവും പാര്‍ക്കിംഗ് സൗകര്യവും സജ്ജീകരിച്ചിട്ടുണ്ട്.
ചെക്ക് പോസ്റ്റിനു സമീപത്തുള്ള ഓഡിറ്റോറിയത്തില്‍ ഒരേസമയം 500 പേരെ ഉള്‍ക്കൊള്ളിക്കാനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതുകൂടാതെ കുടിവെള്ളം, സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി വ്യത്യസ്ത വിശ്രമ മുറികള്‍, ആരോഗ്യ പരിശോധനാ സംവിധാനം, ആംബുലന്‍സ്, വീല്‍ചെയര്‍ സൗകര്യം, ഭക്ഷണം എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ട്.
ചെക്ക് പോസ്റ്റിലൂടെ കടന്നുപോകുന്ന വാഹനങ്ങള്‍ അണുവിമുതമാക്കി തെര്‍മല്‍ സ്‌കാനിംഗ് നടത്തുകയും രോഗലക്ഷണമുള്ളവരെ ഇവിടെനിന്നുതന്നെ ആംബുലന്‍സുകളില്‍ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്യും.
അല്ലാത്തവരെ വീടുകളിലേക്ക് അയച്ച് 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈനില്‍ പ്രവേശിപ്പിക്കും. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാതെ എത്തുന്നവര്‍ക്ക് പ്രത്യേക രജിസ്‌ട്രേഷന്‍ കൗണ്ടര്‍ സജ്ജീകരിച്ചിട്ടുണ്ട്.
പ്രദേശം മുഴുവന്‍ കൃത്യമായ ഇടവേളകളില്‍ അണുവിമുക്തമാക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുള്ളതായി ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























